benefits-of-horror-movies

TOPICS COVERED

ഹൊറര്‍ സിനിമകള്‍ നിങ്ങള്‍ക്കൊരു ഹരമാണോ? ഭാഷയും ദേശവും നോക്കാതെ ഹൊറര്‍ സിനിമകള്‍ തേടിപ്പിടിച്ച്  കണ്ട് പേടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ? എങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ പോലുമറിയാതെ ഹൊറര്‍ സിനിമകള്‍ നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണകരമായി മാറുന്നുണ്ട്. അതെങ്ങനെയെന്നോര്‍ത്ത് നെറ്റിചുളിക്കാന്‍ വരട്ടെ. പേടിപ്പിക്കുന്ന സിനിമകള്‍ക്ക് നിങ്ങളുടെ മാനസികാരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അവയെന്തെല്ലാമാണെന്ന് നോക്കാം. 

പേടി നിങ്ങളെ പ്രണയത്തിലാക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വാസം വരുന്നില്ലെങ്കിലും സംഗതി സത്യമാണ്.'ജേണൽ ഓഫ് പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി' യിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഭയം നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്തുമെന്നാണ്   പറയുന്നത്. നമ്മള്‍ പേടിക്കുമ്പോള്‍ പരസ്പരം ഒരു തരം എക്സ്സൈറ്റ്മെന്‍റ് അനുഭവപ്പെടുന്നു. അത് നമ്മളിലെ പ്രണയത്തെ വര്‍ധിപ്പിക്കുന്നു. കാരണം ഭയവും പ്രണയവും  ഒരേ ശാരീരിക പ്രതികരണം അഥവാ physiological response ആണ് പങ്കുവെക്കുന്നത്രെ. അതിനാല്‍ തന്നെ ഇത് ആകര്‍ഷണം വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

ഹൊറര്‍ സിനിമകള്‍ കാണുന്നത് സമ്മര്‍ദം കുറയ്ക്കാനും മാനസിക ഉണര്‍വിനും സഹായകരമാകുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു . ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ ഉടലെടുക്കുന്ന തീവ്രമായ ഭയം നമ്മളില്‍ ഒരു fight or flight റിയാക്ഷന് കാരണമാകുന്നു. അതായത് ഒന്നുകില്‍ പോരാടുക അല്ലെങ്കില്‍ ഓടിപ്പോകുക എന്ന ഒരുതരം അവസ്ഥ. ഇത്തരം മാനസികാവസ്ഥയുടെ ഫലമായി ശരീരത്തില്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ സിനിമ കഴിഞ്ഞ ശേഷം നിങ്ങൾ സുരക്ഷിതരാണെന്ന് തിരിച്ചറിയുമ്പോൾ, ആ ആശ്വാസം നിങ്ങള്‍ക്ക് ശാന്തതയും ഉണര്‍വും നല്‍കി മനസിനെ റിഫ്രഷാക്കിമാറ്റുന്നു.

കൂടാതെ സുരക്ഷിതമായ ഒരു അഡ്രിനാലിന്‍ റഷിന് ഹൊറര്‍ സിനിമകള്‍ വഴിയൊരുക്കുന്നു. യഥാര്‍ഥത്തില്‍ അപകടം അനുഭവിക്കാതെ തന്നെ തീവ്രമായ ഭയം അനുഭവിക്കാനുള്ള സാഹചര്യം ഇത്തരം സിനിമകള്‍ ഒരുക്കുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിന് ചെറിയൊരു വ്യായാമവും ഒപ്പം ഒരു തരം എക്സൈറ്റ്മെന്‍റ് അഥവാ ആവേശവും നല്‍കുന്നു.

സിനിമയിലെ അപകടദൃശ്യങ്ങള്‍, ഭയത്തെയും അനിശ്ചിതത്വത്തെയും കൈകാര്യം ചെയ്യാൻ സഹായിക്കും. ഇത് യഥാർത്ഥ ജീവിതത്തിലെ സമ്മർദങ്ങളെ കൂടുതൽ എളുപ്പത്തിൽ നേരിടാൻ സഹായിച്ചേക്കാമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പേടിപ്പിക്കുന്ന രംഗങ്ങൾ കാരണം ഹൃദയമിടിപ്പിലും മെറ്റബോളിക് നിരക്കിലും ഉണ്ടാകുന്ന വർധന  ചെറിയ അളവിൽ കലോറി എരിച്ചുകളയാൻ സഹായിക്കുമെന്നും, ഇത് ഒരു ചെറിയ നടത്തത്തിന് തുല്യമാണെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹൊറര്‍ സിനിമകള്‍ക്ക് സാമൂഹിക ബന്ധം ദൃഡമാക്കാനാകുമെന്നതാണ് മറ്റൊരു കണ്ടെത്തല്‍.പങ്കാളിയോടൊപ്പമോ സുഹൃത്തിനൊപ്പമോ ഒരു ഹൊറർ സിനിമ കാണുന്നത് അവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുമത്രെ. പങ്കാളികളോ സുഹൃത്തുക്കളോ ഒന്നിച്ച് പേടിപ്പിക്കുന്ന സിനിമകള്‍ കാണുമ്പോള്‍ ഭയവും അതിനുശേഷം അനുഭവപ്പെടുന്ന ആശ്വാസവുമെല്ലാം പങ്കുവെക്കപ്പെടുന്നു. ഇത് ഓക്സിടോസിന്‍ ഉദ്പാദനത്തിന് കാരണമാവുകയും അത് ബന്ധങ്ങളെ ദൃഢമാക്കുകയും ചെയ്യുന്നു.

ഏതായാലും ഭയപ്പെടുത്തുക എന്നതിനപ്പുറം നമ്മള്‍പോലും അറിയാതെ ഹൊറര്‍ സിനിമകള്‍ നമ്മുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു..അപ്പോള്‍ പിന്നെ  അല്‍പം ഹൊററൊക്കെ ആകാം

ENGLISH SUMMARY:

Horror movies have surprising benefits for mental health. They can reduce stress, improve relationships, and even provide a small calorie burn, contributing to a feeling of well-being.