fake-news

TOPICS COVERED

ബോളിവുഡ് നടൻ ധർമ്മേന്ദ്ര മരിച്ചുവെന്ന വ്യാജവാർത്ത കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പെടെ വന്നത് നാം കണ്ടതാണ്. പ്രമുഖരായവരെ മാത്രമല്ല, യൂട്യൂബർമാർ, മറ്റ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് തുടങ്ങി പലരുടെയും വ്യജമരണ വാർത്തകൾ ഇത്തരത്തിൽ വളരെ വേഗത്തിൽ പ്രചരിക്കാറുണ്ട്. മരണ വാർത്തയെ കൂടാതെ മറ്റ് പല വ്യാജ നിർമ്മിത വാർത്തകളും സോഷ്യൽ മീഡിയയിലൂടെ നമ്മുടെ ഫീഡുകളിലേക്ക് എത്താറുണ്ട്. ഇവയിൽ ചിലതൊന്നും വ്യജമാണെന്ന് നാം തിരിച്ചറിയാറുപോലും ഇല്ല. 

വ്യാജ വാർത്തകൾ മാനസികാരോഗ്യത്തെ ബാധിക്കുകയും അത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. തങ്ങളെ കുറിച്ചുള്ള വ്യാജ വാർത്തകൾ കാരണം ഉണ്ടായ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പല സെലിബ്രറ്റികളും പങ്കുവെയ്ക്കാറുണ്ട്. തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ അതിൽ ഉൾപ്പെട്ടിരിക്കുന്ന ഇരയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യത്തെയാണ് പ്രധാനമായും അത് ബാധിക്കുന്നത്. 

ഇന്റർനെറ്റും സോഷ്യൽ മീഡിയയുമൊക്കെ വിവരങ്ങൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കുമെങ്കിലും, അതിൽ തെറ്റായ വിവരങ്ങളും ഉൾപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. കിംവദന്തികളും വ്യാജ മരണങ്ങളും പ്രചരിപ്പിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ലായിരിക്കാം, പക്ഷേ ഇരയാകുന്നവർക്ക് ഇത് വളരെ വിഷമമുണ്ടാക്കും. വ്യാജമായി മരിച്ചതായി പ്രചരിക്കുന്നത്, വളരെയധികം ഉത്കണ്ഠ, വൈകാരിക സമ്മർദ്ദം തുടങ്ങിയവയ്ക്ക് കാരണമാകും. രാഷ്ട്രീയ പ്രവർത്തകർക്കും സിനിമാ മേഖലയിലുള്ളവർക്കുമാണ് ഇത് കൂടുതലായി നേരിടേണ്ടി വരുന്നത്. 

കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വരുന്ന ഫോൺ കോളുകളിലൂടെ തങ്ങളെ കുറിച്ചുള്ള തെറ്റായ വാർത്തകൾ കേട്ട് പ്രഭാതത്തിൽ ഞെട്ടി ഉണരുമ്പോൾ ഉണ്ടാകുന്ന പരിഭ്രാന്തിയെ കുറിച്ചൊക്കെ നിരവധി സെലിബ്രിറ്റികൾ പറഞ്ഞിട്ടുണ്ട്. ഇനി ഇരകൾ ഇത്തരം ഓൺലൈൻ കിംവദന്തികളെ അവഗണിക്കാൻ ശ്രമിച്ചാലും അവരുടെ കുടുംബങ്ങൾ അങ്ങനെ ചെയ്തേക്കില്ല. അത് അവരുടെ കുടുംബങ്ങളെ ദുരിതത്തിലാക്കുകയും അമിതഭാരത്തിലാക്കുകയും ചെയ്യും. ഇത് അവരുടെയും മാനസിക ആരോഗ്യത്തെ ബാധിക്കുന്നു.

ആവർത്തിച്ചുള്ള ഇത്തരം വാർത്തകൾ തലച്ചോറിലെ നാഡികൾക്ക് ക്ഷതം വരുത്തുകയും വിട്ടുമാറാത്ത സമ്മർദ്ദത്തിനും വിഷാദത്തിനും കാരണമാവുകയും ചെയ്തേക്കാം. ഈ ഡിജിറ്റൽ യുഗത്തിൽ, തെറ്റായ വിവരങ്ങൾ മറ്റെന്തിനേക്കാളും വേഗത്തിൽ പ്രചരിക്കുന്നതാണ്. എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അതിന്റെ വസ്തുതകൾ പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ലഭ്യമാകുന്ന വിവരങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അത് പരിശോധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്‌. മറ്റൊരാളെ വിഷാദത്തിലേക്കും മാനസിക സമർദ്ദത്തിലേക്കുമൊന്നും തള്ളിവിടുന്ന പ്രവർത്തികൾ നാം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ENGLISH SUMMARY:

Fake news significantly impacts mental health, leading to anxiety and depression. It is important to verify information before sharing it to prevent causing distress to others.