വിഷാദരോഗം (Depression) എന്നത് ഒരു താല്‍ക്കാലിക സങ്കടമോ, മടിയോ, 'പണിയില്ലാത്തതിന്റെ' പ്രശ്നമോ അല്ല. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന, തലച്ചോറിലെ രാസപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഒരു ഗുരുതരമായ മാനസികാരോഗ്യപ്രശ്നമാണ്. സമീപകാലത്ത് ഒരു മലയാള നടിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഡിപ്രഷനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും നിസാരവത്കരണവും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രശസ്തരായ വ്യക്തിത്വങ്ങള്‍ പൊതുവേദികളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്.
വിഷാദ രോഗത്തേയും മൂഡ് സ്വിങ്സിനേയും 'പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍ എന്ന പുതിയ പേരിട്ട് എന്ന് പരിഹസിക്കുകയും, 'പണിയില്ലാത്തവര്‍ക്കാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടുകുന്നത് ' എന്നുമുള്ള ഒരു താരത്തിന്റെ പ്രസ്താവനയെ ആരോഗ്യമേഖലയിലുള്ളവരും വിഷാദരോഗത്തെ അതിജീവിച്ചവരും രൂക്ഷമായി വിമര്‍ശിക്കുകയാണ്. കാരണം വിഷാദത്തെ കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനങ്ങള്‍ ഈ രോഗവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാടിനെ തന്നെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് ഭ്രാന്തന്‍, വട്ടന്‍, മെന്റല്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കളിയാക്കലിനും പരിഹാസങ്ങള്‍ക്കുമായി ഉപയോഗിച്ചു മാത്രം ശീലമുള്ള മലയാളിക്ക് ഈ രോഗാവസ്ഥയെ ഉള്‍ക്കൊള്ളാന്‍ ഭയമാണ്. വിഷാദം ഒരു രോഗാവസ്ഥയാണെന്ന യാഥാര്‍ഥ്യം മറച്ചുവെച്ച് അത് വ്യക്തിയുടെ ബലഹീനതയാണെന്ന ധാരണ സമൂഹത്തില്‍ ശക്തിപ്പെടും. രോഗം ഒരു 'വട്ട്' ആണെന്ന ധാരണ, ശരിയായ ചികില്‍സ തേടുന്നതില്‍ നിന്ന് രോഗികളെ പിന്തിരിപ്പിക്കാനും കാരണമാകും. വിഷാദം അനുഭവിക്കുന്ന വ്യക്തിയുടെ കാഴ്ചപ്പാടുകളെ തമാശയാക്കി മാറ്റുന്നത്, അവര്‍ക്ക് കൂടുതല്‍ മാനസിക ആഘാതമുണ്ടാക്കുന്നു.
വിഷാദം ഒരു രോഗമായതുകൊണ്ടുതന്നെ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ദീര്‍ഘകാലവേദനകള്‍, പ്രതിരോധശേഷി കുറയല്‍ തുടങ്ങിയവയാണ് വിഷാദരോഗി നേരിടുന്ന ശാരീരിക വെല്ലുവിളികള്‍. ഒറ്റപ്പെടല്‍, വ്യക്തിബന്ധങ്ങളിലെ തകര്‍ച്ച, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ഉല്‍പ്പാദനക്ഷമത കുറയുക തുടങ്ങിയ സാമൂഹിക തൊഴില്‍ പ്രശ്നങ്ങള്‍. ഇതിനെല്ലാം പുറമെയാണ് ആത്മഹത്യ പ്രവണതയെന്ന അതീവഗുരുതരമായ അവസ്ഥ. വിഷാദരോഗത്തിന്‍റെ ഏറ്റവും അപകടകരമായ പ്രത്യാഘാതം ആത്മഹത്യയാണ്. വര്‍ധിച്ചുവരുന്ന ആത്മഹത്യകളിലെ പ്രധാന കാരണങ്ങളിലൊന്നാണിത്. വിഷാദരോഗത്തെ കൈകാര്യം ചെയ്യാനും അതിജീവിക്കാനുമുള്ള ഏകവഴി അതിനെ ഒരു രോഗമായി അംഗീകരിച്ച് ശരിയായ ചികില്‍സ നല്‍കുക എന്നതാണ്.
വിഷാദ രോഗം എന്നത് തലച്ചോറിലെ രാസമാറ്റങ്ങള്‍ കാരണം ഉണ്ടാകുന്ന ഒരു രോഗമാണെന്ന് സമൂഹം തിരിച്ചറിയണം. തെറ്റിദ്ധാരണകള്‍ തിരുത്തുന്ന സംവാദങ്ങള്‍ ഉണ്ടാകണം. പ്രാരംഭ ഘട്ടത്തിലേ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിങ്ങനെ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാന്‍ തയാറാകണം. വിഷാദരോഗമുള്ളവരെ കുറ്റപ്പെടുത്തുകയോ അകറ്റി നിര്‍ത്തുകയോ ചെയ്യരുത്. മറിച്ച് സ്നേഹത്തോടെയും സഹാനുഭൂതിയോടേയും ഇവരെ ചേര്‍ത്ത് നിര്‍ത്തണം.
ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ വലിയ ഒരു പരിധിവരെ വിഷാദരോഗത്തെ അകറ്റി നിര്‍ത്താനാകും. ചിട്ടയായ ഉറക്കം, ഭക്ഷണം, വ്യായാമം, എന്നിവ വിഷാദരോഗപ്രതിരോധമാര്‍ഗങ്ങളാണ്. ഒരു രോഗിയെ വട്ട് എന്ന് വിളിച്ച് നിസാരവത്കരിക്കുന്നത് സമൂഹത്തിന് മൊത്തത്തില്‍ ദോഷകരമാണ്. വിഷാദരോഗത്തെ ഒരു സാധാരണ ശാരീരിക രോഗം പോലെ കണ്ട് കൃത്യസമയത്ത് ചികില്‍സ തേടാനും പിന്തുണ നല്‍കാനും നമുക്ക് കഴിയുമ്പോഴാണ് ഒരു പരിഷ്കൃത സമൂഹം എന്ന നിലയില്‍ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുക.