understanding-depression

എപ്പോഴെങ്കിലും നിങ്ങള്‍ക്ക്  മനസ് കൈവിട്ട് പോയിട്ടുണ്ടോ? അത്തരമൊരവസഥയില്‍  പകച്ചു പോയവര്‍ക്കൊപ്പം  നില്‍ക്കേണ്ടി വന്നിട്ടുണ്ടോ?  ചെറുതായിരിക്കില്ല അതുണ്ടാക്കിയിട്ടുളള സങ്കീര്‍ണത. ഇനി  കാരണങ്ങള്‍ എന്തുമാകട്ടെ  വിഷാദം ഒരാള്‍ ആസ്വദിച്ചെടുത്ത തീരുമാനമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അതുമല്ലെങ്കില്‍   അത് അയാള്‍  സ്വയം വരുത്തിവച്ചതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?  ഇനി  ഒരു യാത്രകൊണ്ടോ   മാറിചിന്തിച്ചതുകൊണ്ടോ ഈ അവസ്ഥയ്ക്ക് മറ്റമുണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?   ഉണ്ട് എന്നാണുത്തരമെങ്കില്‍  നിങ്ങള്‍  ആ അവസ്ഥയില്‍ ഒരിക്കല്‍പോലും എത്തിപ്പെട്ടിട്ടില്ലെന്നും  ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവരെ നിങ്ങള്‍ കണ്ടിട്ടില്ലെന്നും ഉറപ്പിച്ച് പറയാം.

അല്ലെങ്കിലും നമ്മള്‍ അനുഭവിക്കാത്ത ജീവിത സാഹചര്യങ്ങള്‍  എല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണല്ലോ. ഡിപ്രഷനെന്ന് പറയുമ്പോള്‍ തന്നെ പണിയില്ലാത്തതുകൊണ്ടുണ്ടാകുന്നതാണെന്നാണ് പലരുടേയും പ്രതികരണം. ചിലര്‍ വട്ടെന്നും മുദ്രകുത്തും.  പണ്ട് വട്ടെന്ന് പറഞ്ഞിരുന്നതിനെ പേരൊന്നു മാറ്റി ഡിപ്രഷനാക്കിയെന്നായിരുന്നു നടി കൃഷ്ണപ്രഭ പറഞ്ഞത് .സ്ത്രീകള്‍ക്ക് എന്തിനുനുമേതിനും മൂഡ്സ്വിംങ്സ് ആണെന്നും പുരുഷന്‍മാര്‍ക്ക് ഒരു സ്വിംങ്സുമില്ല എന്നായിരുന്നു അഭിഷാദ് ഗുരുവായൂരിന്‍റെ പരിഹാസം.  

താന്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് കൃഷ്ണപ്രഭയോടു തന്നെ ചോദിച്ചപ്പോള്‍ തന്‍റെ വാക്കുകള്‍ മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണെന്നും താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു എന്നുമായിരുന്നു അവരുടെ മറുപടി. താന്‍ ഡൗണ്‍ ആകുന്ന സമയങ്ങളില്‍ തനിക്കേറ്റവും ഇഷ്ടമുള്ള പാട്ടോ ഡാന്‍സോ പരിശീലിക്കുമെന്നും അത് കൊണ്ട് തന്നെ ഡിപ്രഷനും മൂഡ്സ്വിങ്സുമൊന്നും വരാറില്ല എന്നും അവര്‍ പറയുന്നു. അതുപോലെ മറ്റ് കാര്യങ്ങളില്‍ എന്‍ഗേജ് ചെയ്താല്‍ ഇതെല്ലാം മാറുമെന്നാണ് കൃഷ്ണപ്രിയയുടെ വാദം.

എന്നാല്‍ ആദ്യം തിരിച്ചറിയേണ്ട കാര്യം വെറുമൊരു സങ്കടമല്ല ഡിപ്രഷന്‍ എന്നതാണ്. അപ്പോള്‍ പിന്നെ എന്താണ് ഡിപ്രഷന്‍?

മനുഷ്യരെ മാനസികമായും ശാരീരികമായും ബാധിക്കുന്ന ഒരു രോഗമാണ് വിഷാദരോഗം. മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവർത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. .ആൺ – പെൺ ഭേദമില്ലാതെ എല്ലാവരിലും വിഷാദരോഗം ബാധിക്കുന്നുണ്ട്.  ചില സമയങ്ങളില്‍ തനിക്ക് വിഷാദരോഗമാണെന്ന് തിരിച്ചറിയാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല. മറ്റ് പല രോഗാവസ്ഥകളുമായി ആശുപത്രിയിലെത്തുന്നവരിൽ 10% പേരുടെയെങ്കിലും യഥാർത്ഥ പ്രശ്നം വിഷാദരോഗമാണെന്ന് പിന്നീട് തിരിച്ചറിയപ്പെടാറുണ്ട്.  കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിൽസിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗാവസ്ഥയുമാണ് ഇത്. 2030 ആകുമ്പോഴേയ്ക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

അകാരണമായദേഷ്യം, ആക്രമണ മനോഭാവം.മിക്കവാറും സമയങ്ങളിൽ ഉത്സാഹക്കുറവും സങ്കടവും അനുഭവപ്പെടുക,ദൈനംദിന കാര്യങ്ങളിൽ താല്പര്യക്കുറവും അവ ചെയ്ത് തീർക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുക,ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക, കുറ്റബോധം അനുഭവപ്പെടുക, പഴയകാല പരാജയങ്ങളുടെ പേരിൽ സ്വയം കുറ്റപ്പെടുത്തുക, മരണത്തെകുറിച്ചോ ചിന്തിച്ചുകൊണ്ടിരിക്കുക, ഇടയ്ക്കിടെ കാരണവുമില്ലാതെ കരയുക തുടങ്ങിയവയെല്ലാം ഡിപ്രഷന്‍റെ ലക്ഷണങ്ങളാണ്.

വിഷാദരോഗം വളരെ ഗൗവരവമേറിയതും ഉടനടി ചികിത്സ വേണ്ടതുമായ രോഗാവസ്ഥയാണ്. അതായത് വെറുതെയിരിക്കുന്നവര്‍ക്ക് വരുന്ന വെറും വട്ടല്ല എന്ന് സാരം. തിരക്കുള്ള ജോലികളില്‍ ഇടപെടുന്ന, മിന്നും താരങ്ങളായ ദീപിക പദുക്കോണ്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, മനീഷ കൊയ്രാള എന്നിവര്‍ പോലും ഈ അവസ്ഥയിലൂടെ കടന്ന് പോയവരാണ്.

ഒരു വ്യക്തിയുടെ വൈകാരികാവസ്ഥയിലുണ്ടാകുന്ന പ്രകടമായ മാറ്റത്തെയാണ് മൂഡ് ഷിഫ്റ്റ് അഥവാ മൂഡ് സ്വിംങ്സ് എന്ന് പറയുന്നത്. സന്തോഷത്തിൽ നിന്ന് ദുഃഖത്തിലേക്കുള്ള മാറ്റം പോലെ, ഒരു മാനസികാവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം ഇതിൽ ഉൾപ്പെടാം.ചിലപ്പോഴൊക്കെ, സ്ത്രീകൾക്ക് യാതൊരു പ്രേരണയുമില്ലാതെ പെട്ടെന്ന് മാനസികാവസ്ഥ മാറുന്നതായി അനുഭവപ്പെടാറുണ്ട്.  പെട്ടെന്ന് സന്തോഷവും തുടർന്ന് പെട്ടെന്ന് വിഷാദവും അനുഭവപ്പെടാറുണ്ട്. സ്ത്രീകളിലെ ഈ പെട്ടെന്നുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ പ്രധാനമായും അവരുടെ ഹോർമോണുകളിലെ മാറ്റങ്ങൾ മൂലമാണ് സംഭവിക്കുന്നത്.

പ്രീമെൻസ്ട്രൽ സിൻഡ്രോം (PMS)•പ്രീമെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ (PMDD)•വിഷാദം, ബൈപോളാർ ഡിസോർഡർ തുടങ്ങിയ മുൻകാല മാനസികാവസ്ഥകൾ,ഹോർമോൺ ഉൽപാദനത്തിലെ അസന്തുലിതാവസ്ഥ,ഈസ്ട്രജൻ ഉൽപാദനത്തിലെ അസന്തുലിതാവസ്ഥ• തൈറോയ്ഡ് ഗ്രന്ഥിയുടെ തെറ്റായ പ്രവർത്തനം, ഗര്‍ഭം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം മൂഡ്സ്വിംങ്സ് സംഭവിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ വളര്‍ന്ന് വരുന്ന ഒരു തലമുറയോട് പരിഹാസ രൂപേണ അവതരിപ്പിക്കാനുള്ള ഒരു വിഷയമേയല്ല ഇത്.

പൊതുമധ്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുക വഴി ഇത്തരം മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്ന മനുഷ്യര്‍ക്ക് തങ്ങള്‍ കടന്ന്പോകുന്ന അവസ്ഥയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാവുകയും മതിയായ ചികിത്സ തേടാന്‍ പോലും സാധിക്കാത്ത തരത്തില്‍ അവരെ പുറകേട്ട് വലിക്കുകയും ചെയ്തേക്കാം.. അത് കൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്യം എല്ലാ മനുഷ്യര്‍ക്കുമുണ്ടെന്ന് കരുതി മതിയായ അറിവില്ലാത്ത വിഷയങ്ങളില്‍ മൗനം പാലിക്കുക എന്നതായിരിക്കും ഉചിതം. അത് സമൂഹത്തിന്‍റെ ആവശ്യം കൂടിയാണ്.

ENGLISH SUMMARY:

Depression is a serious mental health condition that affects millions worldwide. It's characterized by persistent sadness, loss of interest, and can significantly impact daily life, requiring professional help.