AI Generated Image
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ടെങ്കിലും, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ഈ കാലഘട്ടം നേരിടുന്ന ഗൗരവകരമായ വിഷയമാണ്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ദിനം കടന്നുപോകുമ്പോൾ, യുവതലമുറയും, പ്രത്യേകിച്ച് 'ജനറേഷൻ Z' (Gen Z - 1990-കളുടെ പകുതി മുതൽ 2010-കളുടെ തുടക്കം വരെ ജനിച്ചവർ) നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. ലോകാരോഗ്യ സംഘടനയുടെയും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെയും നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.
Gen Z-യും മാനസികാരോഗ്യ പ്രതിസന്ധികളും
ഡിജിറ്റൽ ലോകത്ത് ജീവിക്കുന്ന ആദ്യ തലമുറയാണ് Gen Z. സോഷ്യൽ മീഡിയയുടെ അതിപ്രസരം, ഉയർന്ന അക്കാദമിക്-തൊഴിൽ പ്രതീക്ഷകൾ, ഒറ്റപ്പെടൽ തുടങ്ങിയ ഒരുപാട് കാരണങ്ങൾ ഇവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
AI Generated Image
സോഷ്യൽ മീഡിയയിലെ താരതമ്യപ്പെടുത്തലുകളും, 'ഫിൽട്ടർ' ചെയ്ത ജീവിതചിത്രങ്ങളും യുവജനങ്ങളിൽ ആത്മവിശ്വാസം കുറയ്ക്കുന്നതിനും, ഉത്കണ്ഠയ്ക്കും, വിഷാദത്തിനും കാരണമാകുന്നുവെന്നാണ് മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നര്‍ അഭിപ്രായപ്പെടുന്നത്. ലൈക്കുകളും കമന്റുകളും യഥാർത്ഥ ബന്ധങ്ങൾക്ക് പകരമാകുന്നില്ല എന്ന തിരിച്ചറിവ് ഇവരിൽ ഏകാന്തത വർദ്ധിപ്പിക്കുന്നു.
തൊഴിൽ-പഠന സമ്മർദ്ദമാണ് മറ്റൊരു കാരണം. ഉയർന്ന മത്സരമുള്ള ലോകത്ത്, സ്ഥിരതയും ജോലിയോടുള്ള താൽപര്യവും ഒരുപോലെ നിലനിർത്താൻ Gen Z പാടുപെടുന്നു. ഈ സമ്മർദ്ദം പലപ്പോഴും ഉറക്കക്കുറവിലേക്കും, ജോലി സ്ഥലത്തെ കടുത്ത മാനസിക പിരിമുറുക്കത്തിലേക്കും നയിക്കുന്നു. പാനിക് അറ്റാക്ക് ബാധിക്കുന്ന യുവത്വത്തിന്റെ എണ്ണവും വര്‍ധിക്കുകയാണ്. ചിലർ ആത്മഹത്യയിലേക്ക് വരെ എത്തുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
മുഖാമുഖമുള്ള സംഭാഷണങ്ങളെക്കാൾ ഡിജിറ്റൽ ആശയവിനിമയത്തെ ആശ്രയിക്കുന്നത് യഥാർത്ഥ സൗഹൃദബന്ധങ്ങളെ ദുർബലമാക്കുന്നു. പലപ്പോഴും പ്രശ്നങ്ങൾ തുറന്നുപറയാൻ സാധിക്കാതെ വരുന്നത് മാനസിക പിരിമുറുക്കം കൂട്ടുന്നു.
പല ചെറുപ്പക്കാരും മാനസിക പിന്തുണയ്ക്കായി AI ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നത് ഒരു പുതിയ പ്രവണതയായി വളരുകയാണ്. ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ഒരു വിദഗ്ധ തെറാപ്പിസ്റ്റിന്റെ സഹായത്തിന് പകരമാവില്ല. അമിതമായ AI ആശ്രയം വൈകാരിക വളർച്ചയെയും പ്രശ്‌നപരിഹാര ശേഷിയെയും തടസ്സപ്പെടുത്തിയേക്കാം.
AI Generated Image
ചികിത്സയും കരുതലും അനിവാര്യം
മാനസികാരോഗ്യ പ്രശ്‌നങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. കയ്യിലുണ്ടാവുന്ന മുറിവ് പോലെ തന്നെയാണ് മനസ്സിനുണ്ടാവുന്ന മുറിവുകളും. സമയബന്ധിതമായ ചികിത്സയിലൂടെ വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള മാനസിക രോഗങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.
AI Generated Image
വിശ്വാസമുള്ള ഒരാളോട് മനസ്സു തുറന്ന് സംസാരിക്കുന്നത് വലിയ ആശ്വാസം നൽകും. ഉറക്കം, സമീകൃതാഹാരം, വ്യായാമം എന്നിവ ശീലമാക്കുക, സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക, യഥാർത്ഥ ജീവിതത്തിലെ സൗഹൃദങ്ങൾ നിലനിർത്തുക എന്നിവയിലൂടെ Gen Z-ക്ക് ഈ വെല്ലുവിളികളെ മറികടക്കാൻ സാധിക്കും.
തൊഴിലുടമകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടുംബങ്ങളും യുവജനങ്ങൾക്ക് മാനസിക പിന്തുണ നൽകാൻ മുൻകൈയെടുക്കണം. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നതിൽ മടി കാണിക്കരുത്. ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കൂ.