ഈ അടുത്ത കാലത്ത് സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ഒരു രോഗാവസ്ഥയാണ് എഡിഎച്ച്ഡി. നടന്‍ ഫഹദ് ഫാസില്‍, ആലിയ ഭട്ട്, എമ്മ വാട്സണ്‍, അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ്, അമേരിക്കൻ ഗായകൻ ജസ്റ്റിൻ ടിംബർലേക്ക് എന്നിവരടക്കം ഒട്ടേറെ പ്രമുഖര്‍ തങ്ങള്‍ക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥ ഉണ്ടായിരുന്നതായും ജീവിതത്തിലിപ്പോഴും അതിന്‍റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലത്തേ എഡിഎച്ച്ഡി തിരിച്ചറിഞ്ഞാല്‍ ഭാവി ജീവിതത്തിലുണ്ടാകാന്‍ സാധ്യതയുളള ബുദ്ധിമുട്ടുകള്‍ ഏറെക്കുറേ കുറയ്ക്കാനാകും. കുട്ടികളിലെ അമിത വാശിയും എടുത്തുചാട്ടവും വികൃതിയുമെല്ലാം ഒരുപക്ഷേ എഡിഎച്ച്ഡി മൂലം സംഭവിക്കുന്നതാകാം. എന്നാല്‍ എല്ലാ വികൃതിയും വാശിയുമൊന്നും എഡിഎച്ച്ഡിയായി കണക്കാക്കാനാകില്ല താനും. അതിനാല്‍ എന്താണ് എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്നും എങ്ങനെ ഇത് തിരിച്ചറിയാനാകും എന്നും മനസിലാക്കേണ്ടത് അനിവാര്യമാണ്. എഡിഎച്ച്ഡിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ മാനസികാരോഗ്യവിദഗ്ധന്‍ ഡോ.പി.ജെ സിറിയക് പറയുന്നത് കേള്‍ക്കാം.