TOPICS COVERED

പ്രാഥമികശുശ്രൂഷയുടെയും സുരക്ഷയുടെയുമൊക്കെ പാഠങ്ങള്‍ സ്കൂള്‍ തലങ്ങളില്‍ തൊട്ട് ചര്‍ച്ച ചെയ്പ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് അടിസ്ഥാന മുറിവുകളോ അത്യാഹിതങ്ങളോ വന്നാല്‍ പ്രാഥമികമായി സഹായിക്കാന്‍ നമ്മളില്‍ പലര്‍ക്കുമറിയാം. എന്നാല്‍ മനസ്സിന് അത്തരമൊരു ‘പാനിക് അറ്റാക്ക്’ വന്നാല്‍ എന്തുചെയ്യും! മനസ്സിനും അത്തരമൊരു പ്രഥമശുശ്രൂഷയുണ്ടോ?

ഉത്കണ്ഠ, പരിഭ്രാന്തി, വിഷാദം - ഈ വാക്കുകളെല്ലാം ഇപ്പോൾ നമ്മുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമാണ്. എന്നാല്‍ ഇവയോരോന്നും സൂചിപ്പിക്കുന്ന അര്‍ഥങ്ങള്‍ വളരെ വ്യത്യസ്തമാണെങ്കിലും അവയില്‍ പലതും ശരിയായി മനസ്സിലാക്കാതെയാണ് ഉപയോഗിക്കാറുള്ളത്. ഉത്കണ്ഠ അനുഭവിക്കുന്നവരുടെ അളവില്‍ സമീപകാലങ്ങളില്‍ കുത്തനെയുള്ള വര്‍ധന വന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡാനന്തര ഇന്ത്യയില്‍ ഇത് 23.7 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയര്‍ന്നു. ഇത് ഒരു ആഗോളപ്രവണതയാണ്. എങ്കില്‍ ചോദ്യം ഇതാണ്, ഒരാള്‍ക്ക് പാനിക് അറ്റാക്ക് സംഭവിച്ചു എന്ന് തിരിച്ചറിയുന്നതുപോലെ തൊട്ടടുത്തിരിക്കുന്ന ഒരാള്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നോ പരിഭ്രാന്തനാണെന്നോ എങ്ങനെ തിരിച്ചറിയാം? ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് (DSM) അനുസരിച്ച്, ഉത്കണ്ഠ (anxiety attack) എന്നൊരു മെഡിക്കൽ പദമില്ല. ഉത്കണ്ഠ ഒരു വികാരമാണ് - ഉത്കണ്ഠയുടെയോ അസ്വസ്ഥതയുടെയോ ഉയർന്ന അവസ്ഥ - അഥവാ പരിഭ്രാന്തി ഭയത്തിന്റെ പെട്ടെന്നുള്ള തീവ്രമായ ഒരു അവസ്ഥയാണ്.

ഉത്കണ്ഠ ബാധിച്ചോ?

ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കുന്ന ഒരു കാര്യത്തോടുള്ള സാധാരണ പ്രതികരണമാക്കും ഉത്കണ്ഠ. അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള ഭയം, അനാവശ്യമായ നെഗറ്റീവ് ചിന്തകൾ എന്നിവ ഉത്കണ്ഠയുടെ ഭാഗമാണ്. ഉത്കണ്ഠ അനുഭവിക്കുന്ന വ്യക്തിക്ക് അസ്വസ്ഥത അനുഭവപ്പെടാം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടാം, താല്‍ക്കാലികമായശാരീരിക അസ്വസ്ഥതകളും ഉത്കണ്ഠയുടെ ഭാഗമായി വരാം. മനസ്സിന്‍റെയും പ്രവര്‍ത്തനങ്ങളുടെയും ചാഞ്ചല്യം, ആള്‍ക്കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങല്‍, അസാധാരണമായ രീതിയില്‍ പ്രകോപിതരാകല്‍, അല്ലെങ്കില്‍ പെട്ടെന്നുള്ള മൗനമോ അമിതമായ സംസാരമോ ഒക്കെ അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങളാകാം.

പാനിക് അറ്റാക്കുകൾ തിരിച്ചറിയാം

പലപ്പോഴും നിസാരവല്‍ക്കരിക്കപ്പെടുന്നവയെങ്കിലും പ്രകടമായി തരിച്ചറിയാന്‍ സാധിക്കുന്ന തീവ്രമായ മാനസികാവസ്ഥകളാണ് ഇവ. മിനിറ്റുകൾക്കുള്ളിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന തീവ്രമായ ഭയത്തിന്റെയോ അസ്വസ്ഥതയുടെയോ പെട്ടെന്നുള്ള വർദ്ധനവാണ് പാനിക് അറ്റാക്കുകള്‍. തീവ്രമായ ഉത്കണ്ഠ, ഭയം അല്ലെങ്കിൽ അസ്വസ്ഥത എന്നിവയുടെ കാലഘട്ടങ്ങളാണ് പാനിക് അറ്റാക്കുകൾ. അവ പെട്ടെന്ന് കഠിനമാവുകയും 10-15 മിനിറ്റിനുള്ളിൽ തീവ്രതയിലെത്തുകയും ചെയ്യുന്നു. ഒരുപക്ഷേ ഈ അവസ്ഥ മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കുമെന്ന് നാഷണൽ മെഡിക്കൽ ജേണൽ ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ശ്വാസതടസ്സം, വിയർക്കൽ അല്ലെങ്കിൽ വിറയൽ, ഓക്കാനം, നെഞ്ചുവേദന, തലകറക്കം എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ഉത്കണ്ഠ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സാവധാനത്തിലുള്ള ആക്രമണമാണെങ്കില്‍ പരിഭ്രാന്തി കൂടുതൽ കഠിനവും പെട്ടെന്നുള്ളതും, ഹ്രസ്വകാലത്തേക്കുമുള്ള തീവ്രാനുഭവുമായിരിക്കും.

എങ്ങനെ കൈകാര്യം ചെയ്യാം

മാനസികാരോഗ്യ പ്രഥമശുശ്രൂഷ ഗൈഡ് (mental health first aid guide) അനുസരിച്ച് ഒരു വ്യക്തിക്ക് പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ, അവർ ദിശാബോധമില്ലാത്തവരോ ആശയക്കുഴപ്പത്തിലകപ്പെടുന്നവരോ ആയി മാറുന്നു. ഇത്തരം അവസ്ഥകളില്‍ അകപ്പെടുന്ന വ്യക്തികള്‍ക്ക് വാക്കുകള്‍ കൊണ്ട് ആശയവിനിമയം നടത്താനോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ സാധിക്കാത്ത അവസ്ഥ ഉണ്ടെങ്കില്‍ അവരെ മറ്റേതെങ്കിലും രീതിയില്‍ ആശയവിനിമയം നടത്താന്‍ പ്രോല്‍സാഹിപ്പിക്കണം.

മാനസികമായ പ്രഥമ ശുശ്രൂഷ നല്‍കല്‍

മാനസികമായി പാനിക് അറ്റാക്ക് സംഭവിച്ചവരോട് ഇടപെടുമ്പോള്‍ ആദ്യം സ്വയം ശാന്തത പാലിക്കുകയും സൗമ്യമായ സ്വരത്തിൽ അവരോട് സംസാരിക്കുകയും ചെയ്യുക. ആ വ്യക്തിയെ ആൾക്കൂട്ടത്തിൽ നിന്നോ അനാവശ്യ ശ്രദ്ധയിൽ നിന്നോ അകറ്റി ശാന്തമായ ഒരു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുക. അവർക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും സാധ്യമെങ്കിൽ പിന്തുണ നല്‍കുകയും ചെയ്യുക. നിങ്ങളുടെ ചോദ്യങ്ങൾ ആവർത്തിക്കേണ്ടി വന്നേക്കാം, പക്ഷേ എല്ലായ്പ്പോഴും നിങ്ങളുടെ സ്വരം മൃദുവായി നിലനിർത്തുക. അവരുടെ ശ്വസനം നിയന്ത്രിക്കാൻ അവരെ സഹായിക്കുക. മന്ദഗതിയിലുള്ളതും സ്ഥിരവുമായ ശ്വാസോച്ഛ്വാസം പ്രോത്സാഹിപ്പിക്കുക. മൂക്കിലൂടെ ശ്വസിക്കുക, കുറച്ച് സെക്കൻഡ് നേരം ശ്വാസം പിടിക്കുക, തുടർന്ന് വായിലൂടെ സാവധാനം ശ്വാസം വിടുക. ചില സന്ദർഭങ്ങളിൽ, ഒരു പേപ്പർ ബാഗിലേക്ക് ശ്വാസം വിടുന്നതും ഉപയോഗപ്രദമാകും. അവർ സുരക്ഷിതരാണെന്നും അമിതമായ വികാരങ്ങൾ ക്രമേണ കുറയുമെന്നും ശാന്തമായ ശബ്ദത്തിൽ അവരെ ബോധ്യപ്പെടുത്തുക. 

അരുത്, ചെയ്യരുത്

‘വിശ്രമിക്കുക’ ‘ശാന്തമാകുക’ തുടങ്ങിയ വാക്കുകൾ പറയുന്നത് ഒഴിവാക്കണം. ഇവ ചിലപ്പോള്‍ അവഗണനയായി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആള്‍ക്ക് തോന്നിയേക്കാം. പാനിക് അറ്റാക്ക് ബാധിച്ച ആളെ കുലുക്കുകയോ, തിരക്കുകൂട്ടുകയോ, അനാവശ്യ ശ്രദ്ധ ആകർഷിക്കുകയോ ചെയ്യരുത്. ഇത് സാഹചര്യം കൂടുതൽ വഷളാക്കും. ഒരിക്കലും അവരുടെ അവസ്ഥയെ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കരുത്. അനുവാദമില്ലാതെ അവരെ തൊടരുത്.

ജീവൻ രക്ഷിക്കാനുള്ള പ്രാഥമികശുശ്രൂഷയിൽ ആളുകൾക്ക് പരിശീലനം നൽകുന്നതുപോലെ മാനസികാരോഗ്യത്തിനുള്ള പ്രഥമശുശ്രൂഷ (CPR) നല്‍കാനും സമൂഹത്തിന് പരിശീലനം നല്‍കേണ്ടത് ആവശ്യമാണ്. അതിന് ആദ്യം അറിയേണ്ടത് പാനിക് അറ്റാക്ക് അല്ലെങ്കിൽ വർദ്ധിച്ച ഉത്കണ്ഠ അനുഭവിക്കുന്ന ഒരാളെ എങ്ങനെ തിരിച്ചറിയാമെന്നും പ്രതികരിക്കാമെന്നും തന്നെയാണ്. ഇത് മനുഷ്യ ശരീരവും മനസ്സും അഭിമുഖീകരിച്ചേക്കാവുന്ന പൊതുവായ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം ചില പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു. ശരിയായതും സമയബന്ധിതവുമായ പ്രതികരണം സാഹചര്യം ലഘൂകരിക്കുക മാത്രമല്ല അജ്ഞതയോ അവബോധമില്ലായ്മയോ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു. 

ENGLISH SUMMARY:

Panic attack first aid is crucial for helping someone experiencing intense fear. Recognize the signs, stay calm, and offer support to ease their distress