മോഹൻലാലും പ്രകാശ് വർമ്മയും ഒന്നിച്ച പുതിയ പരസ്യചിത്രം പുറത്തുവന്നതോടെ എന്താണ് ജെൻഡർ ഫ്ലൂയിഡിറ്റി എന്ന് വ്യക്തമാക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നു. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മുൻ അസോ. പ്രൊഫസർ ദീപ സെയ്റയുടെ കുറിപ്പാണ് വൈറലാകുന്നത്. പലപ്പോഴും ചർച്ച ചെയ്യപ്പെടണം എന്നാഗ്രഹിച്ചിരുന്ന ഈ ആശയം മുന്നോട്ട് വച്ചതിനു പ്രകാശ് വർമ്മയ്ക്കും ഭംഗിയായി അത് ഉൾക്കൊണ്ടതിനു മോഹൻലാൽ എന്ന മഹാനടനും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. 

ജെൻഡർ ഫ്ലൂയിഡിറ്റി- എന്താണത്? ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ഈ വാക്കാണ് ട്രെൻഡിംഗ്. മകൻ ഒരു വളയെടുത്ത് അണിഞ്ഞു കണ്ണാടിയിൽ നോക്കി നിൽക്കുന്നത് കണ്ട് ആധിപിടിച്ച് ഒരിക്കൽ ഒരു അമ്മ എന്നെ വിളിച്ചത് ഓർക്കുന്നു. അവൻ "മറ്റേ ജെന്‍ഡര്‍r" വല്ലതും ആയിരിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. സത്യത്തിൽ അത് കേട്ടപ്പോൾ സ്വല്പം ദേഷ്യം വന്നെങ്കിലും അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഒരാളിൽ പല ലൈംഗിക ഭാവങ്ങൾ ഉണ്ടായേക്കാമെന്നത് എത്ര പറഞ്ഞിട്ടും അവർക്ക് ദഹിക്കുന്നില്ലായിരുന്നു. ( ആ അമ്മ വിളിച്ച ദിവസം  ഈ സംഭവം  ഞാൻ ഇവിടെ എഴുതിയിട്ടിരുന്നു) 

ജനനസമയത്ത് ആൺ അല്ലെങ്കിൽ പെണ്ണ് എന്ന് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആ വ്യക്തിത്വത്തിൽ നിന്ന് അല്പം പോലും വ്യതിചലിക്കപ്പെടാൻ അവകാശമില്ല എന്നത് സമൂഹത്തിന്റെ ചട്ടമാണ്. എന്നാൽ ഒരു മനുഷ്യന്റെ ഉള്ളിലെ ലൈംഗികത സമയംകൊണ്ടോ സാഹചര്യങ്ങളനുസരിച്ചോ മാറിക്കൊണ്ടിരിയ്ക്കുന്ന ഒന്നാണ്. ചിലപ്പോൾ അത് അവരുടെ ലിംഗവ്യക്തിത്വമായി രൂപപ്പെടാം ( gender identity), അല്ലെങ്കിൽ അത് മോഹൻലാൽ ഈ പരസ്യത്തിൽ ചെയ്തു വച്ചതുപോലെ ചില ലിംഗ -ആവിഷ്കാരങ്ങളിൽ പ്രകടമായേക്കാം(Gender expression). 

ജെൻഡർ ഫ്ലൂയിഡ് ആയ ഒരു വ്യക്തി അവരുടെ ജീവിതകാലത്ത്  ആൺ-പെൺ ലിംഗഘടകങ്ങൾ ഒരേസമയം പ്രകടിപ്പിപ്പിച്ചേക്കാം. 

ഇവിടെ ഈ പരസ്യത്തിൽ ജൈവപരമായി പുരുഷനായ വ്യക്തിയിലെ സ്ത്രൈണതയെ ഉണർത്തുന്നത് അദ്ദേഹത്തിന്റെ കണ്ണിലുടക്കുന്ന ആഭരണങ്ങളാണ്. സ്ത്രീഭാവത്തെ പരസ്യമായി പ്രകടിപ്പിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ആ ആഭരങ്ങളുമായി അദ്ദേഹം കാരവനിലേക്ക്

പോകുന്നു. അവിടെ കയറി ചെല്ലുന്ന പ്രകാശ് വർമ്മയ്ക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നതാണ് മോഹൻലാൽ എന്ന അതുല്യനടന്റെ അസാമാന്യപ്രകടനം. ജൻഡർ ഫ്ലൂയിഡിറ്റിയിൽ "സെക്കന്റുകൾ കൊണ്ട് മാറി മറിയുന്ന" ആൺ-പെൺ ഭാവങ്ങൾ ഇത്ര കൃത്യതയോടെ പ്രകടിപ്പിക്കാൻ മലയാളത്തിൽ മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്. മോഹൻലാലിന് ശേഷം ഒരുപക്ഷെ മനോജ്‌ കെ ജയനോ വിനീതിനോ ഇത്‌ ചെയ്യാൻ കഴിഞ്ഞേക്കുമെന്ന് തോനുന്നു. എന്നാൽ അതൊന്നും മോഹൻലാൽ ഈ ചെയ്തു വച്ചത് പോലെയാകില്ല. 

"സുന്ദരി, തൃലോകസുന്ദരി" എന്ന അകമ്പടിയുമായി നെക്‌ലേസ് അണിഞ്ഞ ഒരു പെൺകുട്ടിയെ സ്‌ക്രീനിൽ പ്രതീക്ഷിക്കുന്ന നമ്മുടെ മുന്നിലേക്ക്, "സുന്ദരൻ,ലോകസുന്ദരൻ, തൃലോകസുന്ദരൻ" എന്ന പാട്ടിന്റെ അകമ്പടിയോടെ മനോഹരമായ സ്ത്രൈണതയോടെ ഒരു പുരുഷനെത്തുന്നതാണ്  പ്രകാശ് വർമ്മ ബ്രില്യൻസ്.. 

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ, ഇന്റർസെക്ഷുവൽ, അസെക്ഷ്വൽ എന്നീ വിഭാഗങ്ങൾ എന്താണെന്നും, അവയൊരൊന്നിന്റെയും പ്രത്യേകതകൾ എന്താണെന്നും അറിയുന്നതിനൊപ്പം ജെൻഡർ ഫ്ലൂയിഡിറ്റിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലിംഗഭേദങ്ങളും ലിംഗവ്യക്തിത്വവുമൊക്കെ ഇനിയും ചർച്ച ചെയ്യപ്പെടട്ടെ. പ്രകാശ് വർമ്മ ചിന്തിച്ചത് പോലെ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ കൂടുതൽ കലാപ്രവർത്തകർക്ക് കഴിയട്ടെയെന്നും അവര്‍ വ്യക്തമാക്കുന്നു.