ലോകത്ത് ആറില്‍ ഒരാളെങ്കിലും ഏകാന്തത അനുഭവിക്കുന്നുണ്ടെന്ന് കണക്കുകള്‍. ഇത് ഓരോ മണിക്കൂറിലും 100 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. അതായത് വര്‍ഷം ഏകദേശം 8,71,000 മരണങ്ങള്‍. ‍ സമൂഹവുമായുള്ള ബന്ധം വ്യക്തിയുടെ മികച്ച ആരോഗ്യത്തിനും ദീര്‍ഘായുസിനും കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ ആഗോള റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായഭേദമന്യേ ആര്‍ക്കും ഏകാന്തത അനുഭവപ്പെടാം. പ്രത്യേകിച്ച് യുവാക്കളിലും താഴ്ന്നതോ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളിലും ഏകാന്തക കൂടുതലായി കണ്ടുവരുന്നു. പ്രായമായവരില്‍ മൂന്നില്‍ ഒരാള്‍ക്കും കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ക്കും ഏകാന്തത ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 13നും 29 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 17 മുതല്‍ 21 ശതമാനം പേര്‍ ഏകാന്തത അനുഭവിക്കുന്നു.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളിലുള്ളവരിവരില്‍ സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്നവരേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാളുകള്‍ ഏകാന്തത അനുഭവിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വികലാംഗര്‍, അഭയാര്‍ഥികള്‍ അല്ലെങ്കില്‍ കുടിയേറ്റക്കാര്‍, LGBTQ+ വ്യക്തികള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ പലപ്പോഴും വിവേചനമോ സാമൂഹിക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് തടസ്സങ്ങളോ നേരിടേണ്ടി വന്നേക്കാം എന്നും റിപ്പോര്‍ട്ട് പറയുന്നു. സാമൂഹികമായി ബന്ധങ്ങള്‍ വളര്‍ത്താന്‍ അനന്തമായ സാഹചര്യങ്ങളുള്ള ഈ കാലഘട്ടത്തില്‍ പലരും അവരവരില്‍ തന്നെ ഒതുങ്ങി ഒറ്റപ്പെടല്‍ അനുഭവിക്കുന്നു എന്ന് വിദ്ഗധര്‍  പറയുന്നു. 

ഏകാന്തത വ്യക്തികള്‍ക്ക് പുറമേ കുടുംബങ്ങള്‍ക്കിടയിലും സമൂഹത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെല്ലാം ബാധിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റും മറ്റും ലോകത്തെ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ പോലും  നിരവധി യുവാക്കൾക്ക് ഒറ്റപ്പെടൽ അനുഭവിക്കുന്നു. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കുമ്പോൾ, അത് മനുഷ്യബന്ധത്തെ ദുർബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുന്നുവെന്ന് നാം ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ദിവസേന വ്യായാമം ശീലമാക്കുക, സുഹൃത്തുക്കളുമായി കൂടുതല്‍ ഇടപഴകുക, ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ മറ്റ് കാര്യങ്ങള്‍ പഠിക്കാന്‍ സമയം ചിലവഴിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഏകാന്തത ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും.

ENGLISH SUMMARY:

New figures from the World Health Organization reveal that one in six people globally experiences loneliness, contributing to around 100 deaths every hour—equating to nearly 871,000 deaths annually. The WHO’s global report emphasizes that strong social connections are crucial for better health outcomes and longevity, highlighting loneliness as a significant public health concern worldwide.