TOPICS COVERED

ജോലിഭാരം മൂലം ഉല്‍ക്കണ്ഠയും സമ്മര്‍ദവും അനുഭവിക്കുന്നവരാണ് നമുക്കു ചുറ്റുമുള്ള പലരും.  ജോലി സമയം കഴിഞ്ഞിട്ടും  മനസ് അതില്‍ നിന്ന് പിടിവിടാതിരിക്കുന്ന സ്ഥിതി. ഓഫിസില്‍ നിന്ന് ഇറങ്ങിയ ശേഷവും ചെയ്തുതീരാത്ത ജോലികളെക്കുറിച്ചും  പരിശോധിക്കാത്ത ഇ മെയിലുകളെക്കുറിച്ചും  വരുംദിവസം   തീര്‍ക്കാനുള്ളകാര്യങ്ങളെ കുറിച്ചാണ്  ചിന്തിച്ചുഴലുന്നത്.   തിരക്കുപിടിച്ചോടുന്ന ജീവിതത്തിനിടയില്‍ ഇത്തരം അവസ്ഥകള്‍ സാധാരണമാണ്.

ഇതിന് കാരണക്കാര്‍‍  പലപ്പോഴും മേലധികാരികള്‍ ആകണമെന്നില്ല. ചിന്തിച്ച് ചിന്തിച്ച് അങ്ങിനെയങ്ങ് ആയിപ്പോയവരാണ് പലരും  നിരന്തരമായി ജോലിയെക്കുറിച്ചുള്ള ചിന്തകള്‍ തലച്ചോറിനെ പലപ്പോഴും സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ അഡ്രനാലിന്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് വര്‍ധിക്കാനും കാരണമാകുന്നു. ക്രമേണെ ഉറക്കക്കുറവ്, ഉല്‍ക്കണ്ഠ തുടങ്ങിയ അവസ്ഥകളിലേക്ക് ഇത്  നയിക്കും.

മാനസികമായി നമ്മേ തളര്‍ത്തുന്നതാണ് ഈ  അവസ്ഥ. ഇത് ചിലരെ ദേഷ്യക്കാരാക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ താല്‍പര്യക്കുറവുണ്ടാക്കും .  പക്ഷേ അവസ്ഥ തുടക്കത്തില്‍ പലരും അവഗണിക്കുന്നതാണ് പതിവ്. ഈ നിലപാട് പിന്നീട് മാനസിക സമ്മര്‍ദവും ഉത്കണ്ഠയും വര്‍ധിപ്പിക്കും. സ്വയംനിയന്ത്രണം നഷ്ടമാക്കും

അവധി  ദിവസങ്ങളില്‍പോലും  ജോലിയില്‍ മുഴുകാന്‍ ഇത് പ്രേരിപ്പിക്കും. നിരന്തരം ഈ  ചിന്തകള്‍ കടന്നുവരന്നത്  വ്യക്തിപരമായ കാര്യങ്ങള്‍ക്കുള്ള സമയത്തെയും അപഹരിക്കും. ഇത് ഒടുവില്‍ ഒരാസക്തിയായി വളര്‍ന്ന്  നമ്മുടെ ഉറക്കത്തെയും മാനസികസംതുലനത്തെയും ഇല്ലാതക്കും. വ്യക്തി ബന്ധങ്ങളെ പോലും ബാധിക്കുന്ന വിധത്തിലെത്തും . അത് നമ്മളെ അനാരോഗ്യത്തിലുമാക്കും. ജോലി വ്യക്തിജീവിതത്തില്‍ പ്രശ്നമായി മാറുന്നത് ആരോഗ്യകരമായ ഒരവസ്ഥയല്ല.

ജോലിയിലും അതുമായി ബന്ധപ്പെട്ട ചുറ്റുപാടിലും മനസ് കുടുങ്ങിക്കിടക്കുകയാണെങ്കില്‍ വേണ്ടപ്പെട്ടവര്‍ക്കായി സമയം നല്‍കാന്‍ കഴിഞ്ഞെന്നുവരില്ല. സംഭാഷണങ്ങളെല്ലാം ജോലിയുമായി ബന്ധപ്പെട്ടിരിക്കും. ഇത് ആളുകളോടുള്ള വൈകാരിക അടുപ്പം കുറയാനും കാരണമാകുന്നു. 

നല്ല രീതിയിലുള്ള വ്യായാമം, എഴുത്ത്, വായന, ദിവസവും നന്നായി ഉറങ്ങാന്‍ സമയം കണ്ടെത്തുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക, എപ്പോഴും പുതുതായി എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക ഇവയെല്ലാം   ഈ അവസ്ഥയില്‍ നിന്ന് മറികടക്കാന്‍ സഹായകമാകും ഇതുകൊണ്ടും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടണം. 

ENGLISH SUMMARY:

Many people around us today experience anxiety and stress due to heavy workloads. Even after working hours, the mind often remains trapped in work-related thoughts—unfinished tasks, unchecked emails, and concerns about the next day’s duties. In today’s fast-paced lifestyle, such mental states are becoming increasingly common and may lead to deeper psychological stress if not addressed.