വിവാഹിതയാകുന്നത് ജോലിയില്‍ വെല്ലുവിളിയാകുന്നുവെന്ന വെളിപ്പെടുത്തലുമായി വനിത ടെക്കികള്‍. കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ വനിത കമ്മീഷന്‍ സംഘടിപ്പിച്ച ഹിയറിങ്ങിലാണ് ഐ.ടി രംഗത്തെ വിവേചനങ്ങളുടെ അനുഭവങ്ങള്‍ വനിത ടെക്കികള്‍ തുറന്ന് പറഞ്ഞത്.
പ്രസവാവധി ലഭിക്കുന്നത് ആപൂര്‍വമാണെന്നും അവധിക്ക് ശേഷം തിരിച്ചു വന്നാല്‍ സ്ഥാപനങ്ങളില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. പ്രസവാവധികാലത്തെ സാമ്പത്തിക ബാധ്യത കമ്പനികള്‍ എറ്റെടുക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല. ഗര്‍ഭിണിയായാല്‍ ചില കമ്പനികള്‍ പിരിച്ചുവിടേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. ഈസമയത്ത് കൂടുതല്‍ ജോലിഭാരം നല്‍കുകയും സ്വയം പിരിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
വിവാഹിത എന്ന പദവി പ്രമോഷന്‍ ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നു. വിവാഹിതര്‍ക്ക് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്പനികളുടെ കണ്ടെത്തല്‍. ഐ.ടി മേഖലയില്‍ മാസത്തില്‍ ഒരു ആര്‍ത്തവാവധി ലഭ്യമാക്കണമെന്നും വനിത കമ്മീഷന്‍ സിറ്റിങ്ങില്‍ ടെക്കികള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ല.
ജോലി സമ്മര്‍ദ്ദം പലപ്പോഴും താങ്ങാന്‍ കഴിയാറില്ല. തൊഴില്‍ സ്ഥാപനങ്ങളില്‍ സത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഇന്‍റേണല്‍ കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഇതിനെകുറിച്ച് അറിവില്ല. അതിനാല്‍ സൈക്കോളജിസ്റ്റിന്‍റെയും സോഷ്യല്‍ കൗണ്‍സിലറിന്‍റെയും സൗകര്യം വേണമെന്നും ആവശ്യം ഉയര്‍ന്നു. നൂറില്‍പരം വനിത ജീവനക്കാരാണ് ഹിയറിങ്ങില്‍ പങ്കെടുത്തത്