ചില ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ..?എനിക്ക് എന്നെ ഒട്ടും ഇഷ്ടമല്ല..ഞാനെന്ത് ചെയ്താലും ശരിയാവില്ല.എന്നൊക്കെ.മറ്റുള്ള മനുഷ്യരെ സ്നേഹിക്കുന്നതോടൊപ്പം നമ്മള്‍ നമ്മളെത്തന്നെ സ്നേഹിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്..ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ അതൊരുതരം സ്വാര്‍ഥ മനോഭാവമല്ലേ എന്ന് തോന്നാമെങ്കിലും സെല്‍ഫ് ലവ് എന്നത് ഒരിക്കലും സ്വാര്‍ഥതയല്ല.
നിങ്ങള്‍ നിങ്ങള്‍ക്കേറെ ഇഷ്ടപ്പെട്ട മറ്റുമനുഷ്യരോട് എങ്ങനെ പെരുമാറുന്നോ അതേ തരത്തില്‍ നിങ്ങളോട് തന്നെ പെരുമാറുക എന്നതാണ് അടിസ്ഥാനപരായി സെല്‍ഫ് ലവ് എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്..ഇഷ്ടമുള്ള മനുഷ്യര്‍ക്കുവേണ്ടി നമ്മള്‍ എന്തും ചെയ്യും. അവര്‍ക്ക് വേണ്ടി സമയം മാറ്റിവെക്കും, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യും, അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കും. അവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളിലേര്‍പ്പെടും..
അതുപോലെ മറ്റൊരു വ്യക്തിക്ക് പകരം നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടേണ്ടതും നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതും നിങ്ങളെ സ്വയം സ്നേഹിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്...സെല്‍ഫ് ലവ് വളര്‍ത്തിയെടുക്കാന്‍ ആദ്യം ഇനി പറയുന്ന 7 കാര്യങ്ങള്‍ ശീലമാക്കാം.
സെല്‍ഫ് അവയര്‍നെസ് ; നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നത്, നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, നിങ്ങള്‍ക്ക് സന്തോഷം നല്ഡകുന്നത് എന്താണ്, നിങ്ങളുടെ സ്വപനങ്ങള്‍ എന്താണ്, എന്നെല്ലാം സ്വയം മനസിലാക്കുക..പറ്റുമെങ്കില്‍ അവയെല്ലാം എഴുതിവെച്ച് വീണ്ടും വീണ്ടും വായിക്കുക..ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ ആദ്യം നിങ്ങളെത്തന്നെ മനസിലാക്കുക..മെഡിറ്റേഷന്‍, യോഗ മുതലായവയും ശീലമാക്കാം.
സെല്‍ഫ് എക്സ്പ്രഷന്‍; നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണോ അത് പ്രകടിപ്പിക്കുക.നിങ്ങളുടെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മറയ്ക്കാതെ പ്രകടമാക്കുക.മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതേണ്ടതില്ല. ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ല എന്ന് തന്നെ പറഞ്ഞേക്കുക
സെല്‍ഫ് കെയര്‍; നിങ്ങളുടെ ശരീരത്തിനെയും മനസിനെയും സംരക്ഷിക്കുക. ശരീരത്തിനാവശ്യമായ വിശ്രമം നല്‍കുക, ശരീരസൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനും ഊന്നല്‍ നല്‍കാം. മാനസികാരോഗ്യത്തിന് ശ്രദ്ധ നല്‍കാം.
സെല്‍ഫ് ട്രസ്റ്റ് ; ആത്മവിശ്വാസം മുറുകെപിടിക്കുക. ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്ച്ചകളില്‍ നിങ്ങളില്‍ത്തന്നെ വിശ്വാസമര്‍പ്പിക്കുക.. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുക, ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാണെന്ന് വിചാരിക്കുക. കൂടാതെ നിങ്ങളെക്കുറിച്ച് സ്വയം ഇകഴ്ത്തി സംസാരിക്കുന്നത് ഒഴിവാക്കാം. അത്തരം സ്വഭാവമുള്ളവരാണ് നിങ്ങളെങ്കില്‍ ബോധപൂര്‍വം അത് മാറ്റിയെടുക്കുക..നിങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക.
സെല്‍ഫ് കമ്പാഷന്‍; നിങ്ങളോട് തന്നെ അനുകമ്പ കാണിക്കുക. പ്രത്യേകിച്ചും നിങ്ങളുടെ മോശം സമയങ്ങളില്‍ നിങ്ങളോട് തന്നെ ദയാമനോഭാവം വെച്ച് പുലര്‍ത്തുക.നെഗറ്റീവ് ചിന്തകളില്‍ നിന്നും വിട്ടുനില്‍ക്കുക.നിങ്ങള്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ സ്വയം പഴിക്കുന്നത് അവസാനിപ്പിക്കുക.
സെല്‍ഫ് റെസ്പെക്ട്; ആത്മാഭിമാന ബോധം വളര്‍ത്തിയെടുക്കുക. നിങ്ങള്‍ നിങ്ങളുടെ തന്നെ മൂല്യം തിരിച്ചറിയുക,. നിങ്ങള്‍ക്ക് വിലനല്‍കാത്ത ബന്ധങ്ങളില്‍ നിന്നും ഇടങ്ങളില്‍ നിന്നും സധൈര്യം ഇറങ്ങി വരുക.
സെല്‍ഫ് അക്സപ്റ്റന്‍സ്; നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുക. നിങ്ങളുടെ വീക്ക്നെസുകളുള്‍പ്പെടെ നിങ്ങള്‍ എന്താണോ അതായിത്തന്നെ അംഗീകരിക്കാന്‍ പഠിക്കാം.മറ്റു വ്യക്തികളുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.
നിങ്ങള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണോ അത്ര പോലും എത്താന്‍ പറ്റാത്ത നിരവധിപേരുണ്ട്.അതിനാല്‍ അവിടെ വരെ എത്താന്‍ പറ്റിയതില്‍ സ്വയം അഭിമാനിക്കാം..
ഇതിനുപുറമെ പ്രാവര്‍ത്തികമാക്കാവുന്ന മറ്റു കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം..
മതിയായി വിശ്രമിക്കുക
നിങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് മതിയായ വിശ്രമം..അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക..മറ്റെന്ത് കാര്യങ്ങള്‍ ഉണ്ടെങ്കിലും വിശ്രമത്തിനും ഉറക്കത്തിനുമായി സമയം മാറ്റിവെക്കുക
അനാരോഗ്യകരമായ ബന്ധങ്ങളോട് നോ പറയാം
നിങ്ങളെ നെഗറ്റീവ് ആക്കുന്ന ബന്ധങ്ങളില്‍ നിന്നും സധൈര്യം ഇറങ്ങിപ്പോരാം..നിങ്ങളുടെ മനസമാധാനം കെടുത്തുന്ന സന്തോഷം നശിപ്പിക്കുന്ന നിങ്ങളെ മനസിലാക്കാത്ത അംഗീകരിക്കാത്ത ഒരു ബന്ധത്തിലും തുടരരുത്. അത് നിങ്ങളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും..അത്തരം മനുഷ്യരുമായി കൃത്യമായ അതിര്‍ത്തികള്‍ നിര്‍ണയിക്കുക.
നിങ്ങളുടെ തെറ്റുകള്‍ സ്വയം ക്ഷമിക്കാം
ജീവിതത്തില്‍ തെറ്റുകള്‍ പറ്റാത്ത മനുഷ്യരല്ല.. ഒരിക്കല്‍ നമ്മള്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ചോര്‍ത്ത് സ്വയം പഴിച്ച് ജീവിക്കുന്നത് ഒഴിവാക്കണം. നമ്മള്‍ ചെയ്ത തെറ്റുകളെ അംഗീകരിക്കുക, അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുക. നിങ്ങളോട് നിങ്ങള്‍ തന്നെ ക്ഷമിക്കുക. ചെയ്ത തെറ്റിനെക്കിറിച്ചോര്‍ത്ത് ജീവിതകാലം മുഴുവന്‍ വിഷമിച്ചിരിക്കാതെ മുന്നോട്ട് പോവുക.
നിങ്ങളെ സന്തോഷിപ്പിക്കാന്‍ സമയം കണ്ടെത്തുക
നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങളാണോ സന്തോഷം നല്‍കുന്നത്..ആ കാര്യങ്ങള്‍ക്കായി സമയം മാറ്റിവെക്കുക..ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, സിനിമ കാണുക, ഇഷ്ടമുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കുക.
നിങ്ങളുടെ വിജയങ്ങള്‍ ആഘോഷിക്കാം
നിങ്ങളുടെ കുഞ്ഞു കുഞ്ഞു നേട്ടങ്ങള്‍, വിജയങ്ങള്‍ എല്ലാം ആഘോഷിക്കുക, സ്വയം പ്രശംസിക്കുക.നിങ്ങളത് നേടിയതില്‍ അഭിമാനം കൊള്ളുക.
തിരക്കിനിടയിലും സ്വയം സമ്മര്‍ദം കുറയ്ക്കാന്‍ വഴി തേടുക
എത്ര സമ്മര്‍ദമുള്ള ജോലിയാണെങ്കിലും ചുരുങ്ങിയത് അഞ്ച് മിനുട്ട് സമയമെങ്കിലും നിങ്ങളുടെ മനസ് റിലാക്സ് ചെയ്യുന്ന കാര്യങ്ങള്‍ക്കായി സമയം മാറ്റിവെക്കുക.. പാട്ടുകേള്‍ക്കാം, ചെറിയ ഇടവേളകള്‍ എടുത്ത് ലഘുഭക്ഷണം കഴിക്കാം, ഒന്ന് പുറത്തുപോയി നടന്നിട്ട് വരാം.
ഉപാധികളില്ലാത്ത സ്നേഹത്തിന് ഈ ലോകത്തെ എല്ലാ മനുഷ്യരും അര്‍ഹരാണ്..മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുക എന്നതുപ്പോലും അവനവനാല്‍ സ്നേഹിക്കപ്പെടുക എന്നതും പ്രധാനം തന്നെ.