Ai generated images
ഇന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് വിഷാദരോഗം. പലകാരണങ്ങള്‍ കൊണ്ട് വിഷാദരോഗം പിടിപെടാം. ഇതൊരു സാധാരണ അവസ്ഥയാണെങ്കിലും സങ്കീര്‍ണമായാല്‍ അത് നമ്മുടെ ജീവിതത്തെ തന്നെ താളം തെറ്റിച്ചേക്കാം. അതിനാല്‍ വിഷാദരോഗത്തെ മറികടക്കാന്‍ സ്വയം സജ്ജരാകുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടക്കത്തില്‍ തന്നെ വിഷാദരോഗത്തെ തിരിച്ചറിഞ്ഞാല്‍ മറികടക്കാനുളള സാധ്യതകളും എളുപ്പമാകും. വിഷാദരോഗം പിടിപെട്ട് ദൈനംദിന ജീവിതം അവതാളത്തിലാകുമ്പോഴാണ് പലരും വൈദ്യസഹായം തേടുന്നത്. ദൈനംദിന ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് വിഷാദരോഗ സാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഉറക്കം പ്രധാനം
മാനസികാരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഉറക്കക്കുറവ് സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ രാസവസ്തുക്കളെ തടസ്സപ്പെടുത്തുകയും വിഷാദരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ദിവസവും 8 മണിക്കൂര്‍ ഉറപ്പുവരുത്തുക.
വ്യായാമം അനിവാര്യം
മാനസികാരോഗ്യത്തിന് മാത്രമല്ല രോഗങ്ങള്‍ തടയാനും ശരീരം ഫിറ്റ് ആയി നിലനിര്‍ത്താനുമെല്ലാം വ്യായാമം അനിവാര്യമാണ്. വ്യായാമം എൻഡോർഫിനുകളുടെയും സെറോടോണിൻ, ഡോപാമൈൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. ഇത് സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ നിത്യേനെ വ്യായാമം ചെയ്യുന്നത് വിഷാദരോഗ സാധ്യത കുറയ്ക്കും.
ധ്യാനം ശീലമാക്കാം
മെഡിറ്റേഷന്‍ അഥവാ ധ്യാനം, യോഗ എന്നിവയെല്ലാം മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ശീലമാക്കിയാല്‍ ഒരുവിധം മാനസികപ്രശ്നങ്ങളെയെല്ലാം ചെറുത്തുനിര്‍ത്താം.
സമീകൃതാഹാരം കഴിക്കുക
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം. നമ്മൾ കഴിക്കുന്ന ഭക്ഷണം തലച്ചോറിന്‍റെ പ്രവർത്തനത്തെയും മാനസികാവസ്ഥയെയും നേരിട്ട് സ്വാധീനിക്കുന്നു. പച്ചക്കറികൾ,പഴങ്ങൾ, മുഴുധാന്യങ്ങള്‍, പ്രോട്ടീനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോബയോട്ടിക്കുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കം. ഇത് വിഷാദ രോഗ സാധ്യത കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.
സ്ക്രീൻ സമയം കുറയ്ക്കാം
അമിതമായ സ്ക്രീന്‍ സമയം വിഷാദരോഗസാധ്യത വര്‍ധിപ്പിക്കും. സോഷ്യല്‍ മീഡിയയുടെ അമി ഉപയോഗവും നിങ്ങളെ ഏകാന്തതയിലേക്ക് നയിച്ചേക്കാം. ഇത് പിന്നീട് വിഷാദരോഗമായി മാറുകയും ചെയ്യും. അതിനാല്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗം എന്നിവ പരിമിതപ്പെടുത്തുക.
സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക
ഏകാന്തത അകറ്റാനും വിഷാദരോഗത്തെ ചെറുക്കാനും നല്ല സാമൂഹിക ബന്ധങ്ങൾ സഹായിക്കും. ശക്തമായ സാമൂഹിക ബന്ധങ്ങൾ വൈകാരിക പിന്തുണ നൽകുന്നു. അതിനാല്‍ സമൂഹത്തിലേക്ക് ഇറങ്ങി ചുറ്റുപാടുകള്‍ മനസിലാക്കി നല്ല സൗഹൃദങ്ങളും ബന്ധങ്ങളും നിലനിര്‍ത്താന്‍ ശ്രമിക്കുക.
മദ്യവും ലഹരി വസ്തുക്കളും വേണ്ടേ വേണ്ട
തലച്ചോറിന്റെ രസതന്ത്രത്തെ തടസ്സപ്പെടുത്തുകയും മാനസികാവസ്ഥ വഷളാക്കുകയും ചെയ്യുന്നവയാണ് മദ്യവും ലഹരിവസ്തുക്കളും. ഇവയുടെ ഉപയോഗം കാലക്രമേണ നിങ്ങളെ വിഷാദരോഗിയാക്കിയേക്കാം. അതില്‍ ഇവയുടെ ഉപയോഗം പാടെ ഉപേക്ഷിക്കുക. നല്ല മാനസികാരോഗ്യം വീണ്ടെടുക്കുക.