ശ്വാസകോശ അര്‍ബുദ കേസുകള്‍ അന്തരീക്ഷ വായുവിലെ മാലിന്യം പോലെ തന്നെ പടര്‍ന്നുപിടിക്കുകയാണ് രാജ്യതലസ്ഥാനത്ത്. ഡല്‍ഹിയിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ വെറും ആറ് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,500-ലധികം ശ്വാസകോശ അർബുദ കേസുകൾ എന്ന് കേട്ടാല്‍ ഞെട്ടാതിരിക്കാനാകില്ല. ഇതേ കാലയളവിൽ പ്രധാനപ്പെട്ട നാല് ആശുപത്രികളിലായി രോഗം മൂലമുണ്ടായ 913 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ശ്വാസകോശ അർബുദത്തിന്റെ ഭാരം എത്രമാത്രം വർധിച്ചുവരുന്നു എന്നതിന്‍റെ നേര്‍ച്ചിത്രമാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ കണക്കുകൾ. 

 2020 ജനുവരി 1 മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ എയിംസ്, രാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി 6,581 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പിടിഐ ഭാഷയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കില്‍ വ്യക്തമാകുന്നു. സഫ്ദർജംഗ് ആശുപത്രി മൊത്തം കേസുകളുടെ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും അവിടെ 393 ശ്വാസകോശ അർബുദ മരണങ്ങൾ നടന്നതായും അറിയിച്ചു. ഈ നാല് ആശുപത്രികളിലുമായി ആകെ 913 മരണങ്ങൾ രേഖപ്പെടുത്തി. അതായത് ഏകദേശം ഓരോ മൂന്ന് ദിവസത്തിലും ഒരു മരണം എന്ന നിരക്കിൽ. 

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ്. 2020 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഈ ആശുപത്രിയിൽ 4,860 ശ്വാസകോശ അർബുദ കേസുകളും 158 മരണങ്ങളും രേഖപ്പെടുത്തി. അതായത് AIIMS-ൽ മാത്രം പ്രതിമാസം ശരാശരി 65 കേസുകളും രണ്ട് മരണങ്ങളും വീതം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലാകട്ടെ 2020 ജനുവരി 1 മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ 1,613 ശ്വാസകോശ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 354 മരണങ്ങളും രേഖപ്പെടുത്തി. അതായത് പ്രതിമാസം ശരാശരി 20 കേസുകളും നാല് മരണങ്ങളും. 2021-ൽ രണ്ട് കുട്ടികൾക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായും ഇവിടെനിന്നും ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ആറര വർഷത്തിനിടയിൽ 351 സ്ത്രീകൾക്ക് രോഗം കണ്ടെത്തി. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഈ കാലയളവിൽ 108 ശ്വാസകോശ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 47 എണ്ണം സ്ത്രീകളുടേതാണ്. ഇവിടെ എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിൽ നിന്നുള്ളവർക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന, ബിഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളും ഇവിടെ ചികിത്സ തേടിയെത്തിയവരില്‍പ്പെടും.

ഡൽഹിയിലെ അപകടകരമായ വായു ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും അത് മാത്രമാണ് ഇത്രമാത്രം രോഗസാധ്യത വര്‍ധിപ്പിച്ചതെന്ന് കരുതാന്‍ പറ്റില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പുകവലിയും പുകയില ഉപയോഗവും മറ്റ് പ്രധാന അപകട ഘടകങ്ങളാണ്. കൂടാതെ ജനിതക വ്യതിയാനങ്ങളും രോഗകാരണമാകാം. പുകവലിക്കാത്ത സ്ത്രീകളിലും ശ്വാസകോശ അർബുദം കണ്ടെത്തുന്നതായും ഡൽഹി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ ജനിതക ഘടകങ്ങളും വായുമലിനീകരണവുമാകാം രോഗത്തിന് വഴിയൊരുക്കുക. ശ്വാസകോശ അർബുദം പലപ്പോഴും രോഗം മൂർച്ഛിച്ച ഘട്ടത്തിലാണ് കണ്ടെത്താറുള്ളത് എന്നതും ആശങ്കയ്ക്ക് വകനല്‍കുന്നതാണ്.  രോഗം വൈകി കണ്ടെത്തുമ്പോൾ ചികിത്സ കൂടുതൽ സങ്കീർണ്ണമാവുകയും രോഗനിയന്ത്രണത്തിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. 

മുന്നറിയിപ്പ് ലക്ഷണങ്ങൾ 

രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം വരിക, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ശബ്ദത്തിൽ മാറ്റം, കാരണം വ്യക്തമല്ലാത്ത ശരീരഭാരം കുറയൽ, ആവർത്തിച്ചുള്ള നെഞ്ചിലെ അണുബാധകൾ എന്നിവയാണ് പ്രകടമാകുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ.

മലിനമായ വായു എങ്ങനെ ശ്വാസകോശാർബുദ സാധ്യത വർധിപ്പിക്കുന്നു? 

ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണം ഒരു പ്രധാന ആശങ്ക തന്നെയാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് മലിനീകരണത്തിന്റെ അളവ് കുത്തനെ ഉയരുന്നതിനാൽ ആളുകൾക്ക് ദീർഘകാലത്തേക്ക് മലിനമായ വായു ശ്വസിക്കേണ്ടി വരുന്നു. മലിനമായ വായുവുമായി ദീർഘകാലം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. എന്നാൽ മലിനീകരണത്തിന് വിധേയരാകുന്ന എല്ലാവർക്കും ഈ രോഗം വരും എന്നല്ല ഇതിനർത്ഥം. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' പുറത്തെ വായു മലിനീകരണത്തെയും അതിലെ സൂക്ഷ്മ കണികകളെയും മനുഷ്യരിൽ അർബുദമുണ്ടാക്കാൻ സാധ്യതയുള്ളവയായി തരംതിരിച്ചിട്ടുണ്ട്.

മലിനമായ വായുവിൽ അടങ്ങിയിരിക്കുന്ന 'PM2.5' എന്നറിയപ്പെടുന്ന അതിസൂക്ഷ്മ കണികകളാണ് ഏറ്റവും വലിയ അപകടകാരി. ഇവ വളരെ ചെറുതായതിനാൽ ശ്വസനവ്യവസ്ഥയിലൂടെ ആഴത്തിൽ സഞ്ചരിച്ച് ശ്വാസകോശത്തിനുള്ളിലെത്താൻ സാധിക്കുന്നു. ഇത്തരത്തിലുള്ള വായു ദീര്‍ഘകാലമായി ശ്വസിക്കുന്നത് ശ്വാസകോശത്തിൽ നീർക്കെട്ടിനും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകാം. ഇത് കാലക്രമേണ അർബുദത്തിലേക്ക് നയിച്ചേക്കാം.

Alarming Rise of Lung Cancer Cases in Delhi Hospitals:

Lung cancer cases in Delhi start with alarming statistics, revealing over 6,500 cases reported across major government hospitals in just six years due to severe air pollution and smoking. This rising health crisis highlights the urgent need for awareness about early detection and preventive measures against toxic air