കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വലിറ്റിയിൽ എത്തിയ രോഗിയോടു ഡോക്ടർ മോശമായി പെരുമാറുന്ന വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ മനോജ് വെള്ളനാട്. കേസിൽ രോഗിയുടെ ഭാഗത്താണ് ശരിയെന്നാണ് തോന്നുന്നത്, എന്നാൽ നമ്മളിൽ പലർക്കും നമ്മുടെ സൗകര്യത്തിന് എപ്പോ വേണേലും എന്തു രോഗവും കാണിക്കാനുള്ള ഇടമാണ് കാഷ്വാലിറ്റി എന്നൊരു തോന്നലുണ്ട്, അത് മാറണമെന്നും മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കിൽ പിണക്കുവെച്ച കുറിപ്പിൽ പറയുന്നു.
വൈറലായ വിഡിയോയിൽ നിന്നും രോഗിക്ക് പനിയും ശരീരവേദനയും കാരണം വന്നതാണെന്നാണ് മനസിലായത്. എന്നാൽ ഡോക്‌ടർ അതത്ര അത്യാഹിത പ്രശ്നമല്ലല്ലോ പിന്നെന്തിനാ ഇപ്പൊ വന്നത് എന്ന രീതിയിൽ അവരെ ചോദ്യം ചെയ്യുന്നുമുണ്ട്. കാഷ്വാലിറ്റികൾ അത്യാഹിതങ്ങൾ ചികിത്സിക്കാനുള്ള ഇടമാണ്. അത്തരം രോഗികൾ മാത്രമേ ഏത് സമയത്തായാലും അവിടെ ചെല്ലാവൂ. എന്നാൽ പനിയും ശരീരവേദനയും ജീവനഷ്‌ടമുണ്ടാക്കുന്നതോ അത്ര ഗുരുതരമായതോ ആയ രോഗമല്ലെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് അതൊരു അത്യാഹിതമാകാം എന്നും ഡോ. മനോജ് പറയുന്നു.
ഡോക്‌ടർ വളരെ കാര്യമായിട്ട് കാഷ്വാലിറ്റി എന്നാലെന്താണ് എന്ന് അവരോട് പറയുന്നുണ്ട്. അക്കാര്യങ്ങൾ എല്ലാവരും അറിയേണ്ടത് തന്നെ. പക്ഷേ ഇവിടെ ഡോക്ടർക്ക് ഔചിത്യക്കുറവുണ്ടായോ എന്ന് സംശയമുണ്ട്. പനി ആണെന്ന് ഒരു രോഗി പറഞ്ഞാൽ നോക്കുക എന്നതല്ലേ ശരി? ബാക്കിയൊക്കെ പിന്നെ. പക്ഷേ അവർ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്. നമ്മൾക്ക് പലർക്കും നമ്മുടെ സൗകര്യത്തിന് എപ്പോ വേണേലും എന്തു രോഗവും കാണിക്കാനുള്ള ഇടമാണ് കാഷ്വാലിറ്റി. ആ സ്വഭാവം മാറണം എന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു.
പുത്തൻ ചെരുപ്പിട്ട് കാലിന് പറ്റിയ പൊള്ളൽ കാണിക്കാനായി സർജറി കാഷ്വാലിറ്റിയിൽ എത്തിയ രോഗിയിൽ നിന്നുണ്ടായ പഴയ അനുഭവവും ഡോക്ടർ പോസ്റ്റിൽ പങ്കുവെയ്ക്കുന്നുണ്ട്. പൊള്ളൽ കാണിക്കാനുള്ള സ്ഥലമല്ല സർജറി കാഷ്വാലിറ്റി എന്നുപറഞ്ഞപ്പോൾ രോഗിയും പിതാവും ദേഷ്യപ്പെട്ട് പോവുകയായിരുന്നെന്നും ഇത്തരം മനോഭാവമാണ് നമ്മളിൽ പലർക്കെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തില്‍ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നല്‍കി. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ കൃഷ്ണന് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തി.