AI Generated Image

AI Generated Image

TOPICS COVERED

ക്ഷേത്രദർശനത്തിനിടെ ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ച ഡി.ജെ. സിസ്റ്റത്തിൽ നിന്നുള്ള അമിത ശബ്ദം കേട്ടുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് 60 കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗഞ്ചിലാണ് സംഭവം. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന കമലാദേവിയാണ് മരിച്ചത്. മരുമക്കളോടൊപ്പം ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു കമലാദേവി.

ഗൗരിശങ്കർ ക്ഷേത്രത്തിൽ ജലാഭിഷേകം നടത്താനായിപ്പോവുകയായിരുന്നു കുടുംബം. ക്ഷേത്രത്തിന് ഏകദേശം 400-450 മീറ്റർ മാത്രം അകലെ എത്തിയപ്പോഴാണ് സമീപത്തുണ്ടായിരുന്ന ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ. സിസ്റ്റത്തിൽ നിന്ന് ശബ്ദത്തിൽ സംഗീതം മുഴങ്ങാൻ തുടങ്ങിയത്.

കനത്ത ശബ്ദം കാരണം സ്ത്രീക്ക് പെട്ടെന്ന്  അസ്വസ്ഥതയും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. വേദനകാരണം നെഞ്ചില്‍ കൈ അമര്‍ത്തി താഴെ ഇരുന്ന കമലാദേവി പിന്നീട് എഴുന്നേറ്റില്ല.  കുടുംബാംഗങ്ങൾ ഉടൻതന്നെ  ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. കടുംബം പോസ്റ്റ്മോര്‍ട്ടത്തിന് വിസമ്മിതിച്ചെന്നും തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും സര്‍ക്കിള്‍ ഓഫീസര്‍ ഹേമന്ത് ഉപാധ്യായ വ്യക്തമാക്കി.  കമലാദേവിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നെന്നും കൂടാതെ ശബ്ദങ്ങളോട് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു അവരുടേതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

അമിത ശബ്ദവും ഉച്ചത്തിലുള്ള സംഗീതവും മനുഷ്യരുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദ്രോഗികൾക്കും മറ്റ് അസുഖങ്ങളുള്ളവർക്കും എത്രത്തോളം ദോഷകരമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.

ENGLISH SUMMARY:

A 60-year-old woman tragically died after experiencing chest pain due to the loud sound from a DJ system attached to a tractor trolley near a temple in Aligarh, Uttar Pradesh. This incident serves as a stark reminder of the serious health risks associated with excessive noise, particularly for individuals with pre-existing conditions.