covid-19

ആന്ധ്രാപ്രദേശിൽ അടുത്തിടെ കൊവിഡ്-19 ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതും എട്ട് സജീവ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഒറ്റപ്പെട്ട വൈറസ് ബാധ കാണുന്നതും ഒരു പഴയ ചോദ്യം വീണ്ടും ഉയർത്തിയിട്ടുണ്ട്, കൊവിഡ്-19 വീണ്ടും ശക്തമായി തിരിച്ചുവരികയാണോ? എന്നാല്‍ ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഇതിനുള്ള ഉത്തരം 'അല്ല' എന്നാണ്. എന്നാൽ വൈറസ് പൂർണമായി അപ്രത്യക്ഷമായിട്ടുമില്ല.

രാജ്യവ്യാപകമായ മറ്റൊരു കൊവിഡ് തരംഗത്തിന്റെ തുടക്ക സൂചനയാകുന്നതിന് പകരം ഈ ഒറ്റപ്പെട്ട കേസുകൾ വൈറസിന്റെ യാത്രയിലെ ഒരു പുതിയ ഘട്ടത്തെയാണ് കാണിക്കുന്നത്. കൊവിഡ്-19 ഇപ്പോൾ ഒരു എൻഡമിക്' (ഒരു പ്രത്യേക പ്രദേശത്ത് സ്ഥിരമായി കാണപ്പെടുന്ന രോഗം) ആയി കണക്കാക്കപ്പെടുന്നു. അതായത് പാൻഡെമിക് (മഹാമാരി) വർഷങ്ങളിലുണ്ടായതുപോലെ പെട്ടെന്ന് പടർന്നുപിടിക്കുന്ന വ്യാപകമായ പൊട്ടിത്തെറികൾ ഉണ്ടാക്കുന്നതിന് പകരം ഇപ്പോഴിത് ആളുകളില്‍ താരതമ്യേന സ്ഥിരതയുള്ളതും മുന്‍കൂട്ടി മനസിലാക്കാവുന്നതുമായ അളവിലാണ് പടര്‍ന്നുപിടിക്കുന്നത്. എന്നാല്‍ ഇനിയുള്ള കാലം കൊവിഡ് തീര്‍ത്തും അപകടമില്ലാത്തതാണെന്ന് ഇതിന് അര്‍ത്ഥമില്ല. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഉൾപ്പെടെയുള്ള ദുർബലരായ ആളുകൾക്ക് ഇപ്പോഴും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

എന്താണ് എന്‍ഡമിക്?

രോഗപഠന ശാസ്ത്ര(എപ്പിഡെമിയോളജി)ത്തില്‍ എൻഡമിക് രോഗം എന്നാൽ ഒരു ജനവിഭാഗത്തിൽ പ്രതീക്ഷിക്കുന്ന അളവിൽ തുടർന്നും നിലനിൽക്കുന്നത് എന്നാണ് അര്‍ത്ഥം. രോഗബാധകൾ രാജ്യങ്ങളിലുടനീളം അതിവേഗം പടരുകയും പ്രവചിക്കാനാകാത്തവിധം കേസുകൾ ഉയരുകയും ചെയ്യുന്ന ഒരു പാൻഡെമിക്കിൽ (മഹാമാരി) നിന്ന് വ്യത്യസ്തമായി, എൻഡമിക് രോഗങ്ങൾ കാലക്രമേണ കൂടുതൽ സ്ഥിരതയുള്ള രോഗപരാഗണ രീതി കാണിക്കുന്നു. സാര്‍സ്, കൊവിഡ് 2 വൈറസുകള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്നതിന് പകരം ഒടുവില്‍ ഒരു എന്‍ഡമിക് ആയി മാറും എന്ന് ഗവേഷകര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്.

തെറ്റായ ധാരണകള്‍

വൈറസ് പൂർണ്ണമായി അപ്രത്യക്ഷമായി, കോവിഡ്-19 ഇപ്പോൾ വെറുമൊരു സാധാരണ ജലദോഷം പോലെയാണ്, ആർക്കും ഇനി ഗുരുതരമായ രോഗം വരില്ല –  ഇവയൊക്കെ കൊവിഡ് വൈറസിനെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ്.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനർത്ഥം പൊതുജനാരോഗ്യരംഗത്തിന്റെ ശ്രദ്ധ അടിയന്തിര നിയന്ത്രണങ്ങളിൽ നിന്ന് മാറി, പതിവ് നിരീക്ഷണം, അർഹരായ ഗ്രൂപ്പുകൾക്കുള്ള വാക്സിനേഷൻ, ആദ്യഘട്ടത്തിലുള്ള രോഗനിർണയം, ഉയർന്ന അപകടസാധ്യതയുള്ള ആളുകളെ സംരക്ഷിക്കൽ എന്നിവയിലേക്ക് മാറുന്നു എന്നാണ്.

vaccine

പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നതെന്തുകൊണ്ട്?

അടുത്തിടെ ആന്ധ്രാപ്രദേശിലുണ്ടായ കേസുകൾ സ്വാഭാവികമായും ആശങ്കകൾ ഉയർത്തിയിട്ടെങ്കിലും നിലവിലെ സാഹചര്യം മഹാമാരിയുടെ ആദ്യ നാളുകളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്ന് ഡോക്ടർമാർ പറയുന്നു. മരണമടഞ്ഞ രണ്ട് പേർക്കും ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. നിയന്ത്രിക്കാനാകാത്ത പ്രമേഹം, കരൾ രോഗങ്ങൾ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ  എന്നിവ ഉണ്ടായിരുന്നതുകൊണ്ടാണ് ആ രണ്ട് രോഗികള്‍ക്കും മരണം സംഭവിച്ചത്. വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങളുള്ള ആളുകൾക്ക് കൊവിഡ് മാത്രമല്ല സാധാരണ ശ്വാസകോശ വൈറസുകൾ ബാധിച്ചാൽ പോലും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാമെന്നും ഐസിയു പരിചരണം ആവശ്യമായി വന്നേക്കാമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ മുന്‍കാല അണുബാധകളിലൂടെയും വാക്സിനേഷനിലൂടെയും കൈവരിച്ച 'ഹൈബ്രിഡ് പ്രതിരോധശേഷി' (Hybrid immunity) ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കുമുള്ളതുകൊണ്ട് അത് രോഗം ഗുരുതരമാകാനുള്ള സാധ്യതയെ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

ആരൊക്കെയാണ് ഇപ്പോഴും കൂടുതൽ ശ്രദ്ധിക്കേണ്ടത്?

ആരോഗ്യമുള്ള ഭൂരിഭാഗം മുതിർന്നവരിലും ഇപ്പോൾ നേരിയ രോഗലക്ഷണങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും ചില വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് കൊവിഡ്-19 ഇപ്പോഴും വലിയ ഭീഷണിയാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ,  പ്രായമായവർ, പ്രമേഹ രോഗികൾ, വിട്ടുമാറാത്ത വൃക്കരോഗമുള്ളവർ, ഹൃദ്രോഗമുള്ളവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗമുള്ളവർ, കരൾ രോഗമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞ രോഗികൾ, ഗർഭിണികൾ എന്നിവര്‍ ഉയർന്ന അപകടസാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു. 

കൊവിഡോ അതോ പനിയോ? ലക്ഷണങ്ങൾ ഒരുപോലെയാകാം

കൊവിഡ് തുടർന്നും പടരുന്നതിനുള്ള ഒരു കാരണം അതിന്റെ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനിയുടേതിന് സമാനമാണ് എന്നതാണ്. പനി, വരണ്ട ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, ക്ഷീണം, പേശി വേദന, തലവേദന, ചില ആളുകൾക്ക് വയറിളക്കം, ഓക്കാനം അല്ലെങ്കിൽ വയറുവേദന എന്നിവയും അനുഭവപ്പെടാം. എന്നിരുന്നാലും ലക്ഷണങ്ങൾ ശ്വാസതടസ്സം, നെഞ്ചുവേദന, നെഞ്ചിന് വലിപ്പിലോ ഭാരമോ അനുഭവപ്പെടുക, ഓക്സിജന്‍റെ അളവ് താഴുക, ആശയക്കുഴപ്പം അല്ലെങ്കിൽ കഠിനമായ തളർച്ച എന്നിവയിലേക്ക് മാറുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.

ഇപ്പോഴും പാലിക്കേണ്ട മുൻകരുതലുകൾ 

hand-cleaning

പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിച്ചു എന്നത് പ്രതിരോധ നടപടികൾ അപ്രസക്തമായി എന്ന് അർത്ഥമാക്കുന്നില്ല. ലളിതമായ ചില കാര്യങ്ങളിലൂടെ ശ്വാസകോശ വൈറസുകളുടെ വ്യാപനം കുറയ്ക്കാൻ സാധിക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക, ആശുപത്രികളിലും ജനത്തിരക്കേറിയ പൊതു സ്ഥലങ്ങളിലും കൃത്യമായി മാസ്ക് ധരിക്കുക,  പനിയോ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോ ഉണ്ടായാൽ വീട്ടിൽ തന്നെ തുടരുക, അടച്ചിട്ട മുറികളില്‍നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ വാക്സിനേഷനുകൾ കൃത്യസമയത്ത് എടുക്കുക എന്നീ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാല്‍ കൊവിഡ് മാത്രമല്ല ഇന്‍ഫ്ലുവന്‍സ, ആര്‍.എസ്.വി തുടങ്ങിയ മറ്റ് ശ്വാസകോശ അണുബാധകളുടെ വ്യാപനവും കുറയ്ക്കാനാകും. 

ചുരുക്കിപ്പറഞ്ഞാല്‍ ഭയപ്പെടുന്നതിന് പകരം പരോഗപ്രതിരോധ തയാറെടുപ്പിനും ദുര്‍ബലരായ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുമായി നമ്മള്‍ ജാഗ്രതയോടെ സജ്ജരായിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊവിഡ്-19-നെ പൂർണ്ണമായി ഇല്ലാതാക്കുക എന്നതല്ല ഇപ്പോഴത്തെ ലക്ഷ്യം, മറിച്ച് ബുദ്ധിപൂർവ്വം കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ്. 

Is COVID-19 Making a Strong Comeback?:

COVID-19 endemic status is the current reality, with isolated cases and clusters appearing rather than widespread outbreaks. While the virus isn't gone, health experts emphasize that it's no longer a pandemic but has transitioned to a more predictable endemic phase