വയനാട്ടില്‍ 25 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാര്‍ഥികളാണ് ചികില്‍സയിലുള്ളത്. 337 വിദ്യാര്‍ഥികള്‍ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നാളെ വയനാട്ടിലെത്തി സ്ഥിതി വിലയിരുത്തും. ബത്തേരിയില്‍ നാളെ രാവിലെ ഉന്നതതല യോഗവും ചേരും. മുന്‍കരുതലിന് ഡിഎംഒമാര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോടുനിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വയനാട്ടിലെത്തി. വൃത്തിഹീനമായ തട്ടുകടകള്‍ അടപ്പിക്കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പം ഗുരുതര രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. ഒരാഴ്ചയ്ക്കിടെ വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ തേടിയത് പതിനാറായിരത്തിലേറെ പേരാണ്. നാലു പേര്‍മരിച്ചു. ഷിഗെല്ലയും മഞ്ഞപ്പിത്തവും പടരുന്നു. കോഴിക്കോട് ഷിഗെല്ല പ്രതിരോധം ഊര്‍ജിതമാക്കി.
ആരോഗ്യകേരളം ശുചിത്വത്തില്‍ ഒന്നാമതെന്നാണ് അവകാശവാദം. എന്നാലത് വെറും നമ്പരാണെന്ന് വെളിപ്പെടുത്തുന്നു കണക്കുകള്‍. മലിനമായ ഭക്ഷണവും വെളളവും കാരണം ഒരാഴ്ചയ്ക്കിടെ വയറിളക്ക രോഗങ്ങള്‍ പിടിപെട്ട് ചികില്‍സ തേടിയത് പതിനാറായിരത്തിലേറെ പേര്‍. 2 മരണം സ്ഥിരീകരിച്ചു. ആറുമാസത്തിനിടെ രണ്ടര ലക്ഷം പേര്‍ക്ക് ചികില്‍സ വേണ്ടി വന്നു. ശനിയാഴ്ചമാത്രം 2300 ലേറെ പേര്‍ വിവിധ വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ തേടി. ആറു ദിവസത്തിനിടെ 160 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആറുമാസത്തിനിടെ 23 മരണം സ്ഥിരീകരിച്ചു. ഷിഗെല്ല 85 പേര്‍ക്ക് ബാധിച്ചപ്പോള്‍ രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നുമാസത്തിനിടെ 34 പേര്‍ക്ക് ആണ് രോഗം സ്ഥീരികരിച്ചത്. ഷിഗെല്ല ബാധിച്ച് നാലരവയസുകാരി മരിച്ച തലക്കുളത്തൂരില്‍ പ്രതിരോധനടപടി ഊര്‍ജ്ജിതമാക്കി.
മലിനജലത്തിലൂടെയും ഈച്ചയാര്‍ക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ.എറണാകുളത്ത് വെസ്റ്റ് നൈല്‍ രോഗം ബാധിച്ച് ചികില്‍സയിലായിരുന്നകടുങ്ങല്ലൂര്‍ സ്വദേശി മുരളീധരന്‍ മരിച്ചു. കഴിക്കുന്ന ഭക്ഷണത്തിലും വെളളത്തിലും പരിസര ശുചിത്വത്തിലും ശ്രദ്ധിച്ചില്ലെങ്കില്‍ ആശുപത്രി കയറി ഇറങ്ങേണ്ടി വരുമെന്ന് സാരം. ചിലപ്പോള്‍ ജീവന്‍ വരെ നഷ്ടമാകാം.