മുട്ടിക്കൊമ്പനെ പിടികൂടിയിട്ടും വയനാട് വടക്കനാട് പ്രദേശത്ത് കാട്ടാന ഭീതി ഒഴിയുന്നില്ല. ഇന്നലെ പുലർച്ചെ കാട്ടാനയുടെ മുന്നിലകപ്പെട്ട യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടാന ശല്യം തുടരുന്നതോടെ ആശങ്കയിലാണ് നാട്ടുകാരും. പലരും കാട്ടാനയുടെ മുന്നില്‍നിന്നും രക്ഷപെടുന്നത് തലനാരിളയ്ക്കാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
വടക്കനാട് പ്രദേശത്ത് ഭീതിയിലാഴ്ത്തിയ മുട്ടിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കിയിട്ട് രണ്ടര മാസം പിന്നിട്ടു. മുട്ടിക്കൊമ്പന്‍റെ ശല്യം തീർന്നുവെന്ന് കരുതി ദീർഘനിശ്വാസം വിട്ട വടക്കനാട്ടുകാർക്ക് തെറ്റി. പ്രദേശത്ത് കാട്ടാന ശല്യം കൂടുകയാണ്. ഇന്നലെ പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന ജൂബി എന്ന യുവതിയാണ് ഏറ്റവും ഒടുവിൽ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
ബത്തേരി - വടക്കനാട് റോഡിൽ പച്ചാടി താമരക്കുളത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. സ്കൂട്ടര്‍ ഓടിച്ചു വന്ന ജൂബിയെ ആന തുമ്പിക്കൈ കൊണ്ട് തട്ടിയിടുകയായിരുന്നു. സ്കൂട്ടറിനടിയിൽ പെട്ട് ജൂബിയുടെ ഇരുകാലുകൾക്കും പരുക്കേറ്റു. സന്ധ്യ മയങ്ങിയാൽ വടക്കനാട് മേഖലയിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. മുട്ടിക്കൊമ്പൻ കൂട്ടിലായിട്ടും അനുദിനം കാടിറങ്ങുന്ന വന്യതയ്ക്ക് മുന്നിൽ ഈ ഗ്രാമം പകച്ചു നിൽക്കുകയാണ്, കൃത്യമായ ഉത്തരമില്ലാതെ...