നാളുകൾക്ക് മുൻപേ മൂക്കുപൊത്തി നടക്കേണ്ടിയിരുന്ന ഒരിടം ഇന്ന് സുന്ദരമായിരിക്കുന്നു. ദുർഗന്ധം വമിച്ചിരുന്ന ഒരു മാലിന്യശേഖരണ കേന്ദ്രത്തെ പൂങ്കാവനമാക്കി മാറ്റിയത് മറ്റാരും അല്ല, വയനാട് നൂൽപ്പുഴയിലെ ഹരിതകർമ്മ സേനയാണ്. നാട് വൃത്തിയാക്കാൻ ഇവർ കൈകോർത്തപ്പോൾ മാറി മറിഞ്ഞത് ഒരു ഗ്രാമത്തിന്‍റെ മുഖച്ഛായ തന്നെയാണ്. കഠിനാധ്വാനം കൊണ്ട് അത്ഭുതം തീർത്ത വയനാട്ടിലെ ആ മനോഹര കാഴ്ചയിലേക്ക്

കാഴ്ചയും ശ്വാസമെടുപ്പും അക്ഷരാർത്ഥത്തിൽ മുട്ടിപ്പോയ ഒരിടത്ത് വസന്തം തീർക്കുക എന്നത് വെറുമൊരു സങ്കല്പം മാത്രമായിരുന്നില്ല ഈ പച്ചക്കുപ്പായക്കാർക്ക്. വഴിനടക്കാൻ പോലും ആളുകൾ മടിച്ചിരുന്ന നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ അറുപത്തേഴിലെ എം.സി.എഫ് അങ്കണമാണ് ഇന്ന് ചെണ്ടുമല്ലി പൂത്തുലയുന്ന ഉദ്യാനമായി മാറിയത്.

മാലിന്യങ്ങൾ നീക്കം ചെയ്ത മുക്കാൽ ഏക്കറോളം വരുന്ന തരിശുഭൂമിയിലാണ് ഇവർ ചെണ്ടുമല്ലി കൃഷിയിറക്കിയത്. മാസത്തിൽ പത്തുദിവസം മാത്രമുണ്ടായിരുന്ന മാലിന്യശേഖരണത്തിനപ്പുറം ബാക്കി ദിവസങ്ങളിലും വരുമാനവും തൊഴിലും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഈ വനിതാ കൂട്ടായ്മയുടെ ഗാഥ ഗാഥ ഇപ്പോൾ നാട്ടിലാകെ വിജയ സുഗന്ധം പരത്തുകയാണ്. നാടിന്റെ ശുചിത്വ പരിപാലനത്തിനൊപ്പം കാർഷിക മേഖലയ്ക്കും ഈ ഉദ്യമം പുതിയൊരു ഉണർവാവുകയാണ് 

അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ ഏതു മാലിന്യക്കൂമ്പാരത്തിലും പൊൻവസന്തം തീർക്കാമെന്ന് തെളിയിക്കുകയാണ് ഈ ഹരിത പെൺപട. മാലിന്യമുക്തമായ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കൊപ്പം ഇവരുടെ ജീവിതവും ഇവിടെ മനോഹരമായി പൂത്തുലയുന്നു.

ENGLISH SUMMARY:

Malayala Manorama Online News highlights the incredible transformation of a garbage dump into a beautiful garden in Wayanad, Noolpuzha, achieved by the Haritha Karma Sena. This initiative not only beautifies the village but also demonstrates the power of community effort and sustainable waste management.