എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഓസ്‌ട്രേലിയയില്‍ കേക്ക് അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പൊടി (മെറ്റാലിക് കേക്ക് ഡെക്കറേറ്റിങ് പൗഡർ) ശ്വസിച്ച കുട്ടി കോമയിലായി. ഈ മാസം ആദ്യം ഗോൾഡ് കോസ്റ്റിലാണ് സംഭവം. കേക്ക് നിര്‍മ്മിക്കുന്ന കാറ്റി റോബിൻസണിന്‍റെ മകന്‍ 14 മാസം പ്രായമുള്ള മകൻ ഡസ്റ്റിൻ വൈൽഡ്മാനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നത്.
മെയ് 1ന് തന്റെ സുഹൃത്തിന്റെ കുട്ടിക്ക് വേണ്ടി വീട്ടിൽ പിറന്നാൾ കേക്ക് തയ്യാറാക്കുകയായിരുന്നു കാറ്റി. ഈ സമയം കുഞ്ഞ് സമീപത്ത് കളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ കുഞ്ഞ് ഡ്രോയറില്‍ നിന്നും കേക്ക് ഡെക്കറേറ്റിങ് പൗഡർ അടങ്ങിയ പാത്രം എടുക്കുകയും കടിച്ചു തുറക്കുകയുമായിരുന്നു. പൊടി ശ്വസിച്ചതിന് പിന്നാലെ കുഞ്ഞ് ചുമയ്ക്കാനും കഠിനമായ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിക്കാനും തുടങ്ങി. പിന്നാലെ പ്രതികരണശേഷിയും നഷ്ടപ്പെട്ടു.
ഉടന്‍ തന്നെ പാരാമെഡിക്കുകള്‍ എത്തി കുഞ്ഞിനെ ക്വീൻസ്‌ലാൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെവച്ച് അടിയന്തരമായി കുഞ്ഞിന്‍റെ ശ്വാസനാളങ്ങളിലും ശ്വാസകോശത്തിലും അടിഞ്ഞുകൂടിയ പൊടിയുടെ കണികകൾ നീക്കം ചെയ്തു. എങ്കിലും കുഞ്ഞ് കോമയിലായിരുന്നു. നിലവില്‍ കുഞ്ഞിന്‍റെ നില മെച്ചെപ്പെട്ടുവരികയാണെന്നും പക്ഷേ ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പൊടിയുടെ നിര്‍മാതാക്കള്‍ ഉൽപ്പന്നം അടിയന്തരമായി തിരിച്ചുവിളിച്ചതായാണ് റിപ്പോര്‍ട്ട്. ശ്വസിക്കുകയോ അകത്താക്കുകയോ ചെയ്താല്‍ ദോഷകരമായേക്കാവുന്ന വസ്തുക്കള്‍ ആയ ചെമ്പും സിങ്കും പൊടിയില്‍ അടങ്ങിയതായി ലാബിലെ പരിശോധനയ്ക്ക് ശേഷം അധികൃതര്‍ അറിയിച്ചു. രക്തത്തിൽ എളുപ്പത്തിൽ ലയിക്കാത്തവയാണിവ. 2019 മുതൽ ഈ ഉൽപ്പന്നം വിപണിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ( ACCC ) ഇത്തരം മെറ്റാലിക് പൗഡർ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പൊടിയുടെ പാക്കേജില്‍ വിഷരഹിതമാണെന്ന് എഴുതിയിരുന്നതായി കാറ്റി പറയുന്നു. മാത്രമല്ല കേക്കുകളില്‍, കഴിക്കുന്നതിന് മുന്‍പ് നീക്കം ചെയ്യുന്ന ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിന് എന്ന് സൂചിപ്പിച്ചതായും കാറ്റി അവകാശപ്പെട്ടു. എന്നിരുന്നാലും, ഭക്ഷ്യയോഗ്യമായ കേക്ക് അലങ്കരിക്കാനുള്ള ഉൽപ്പന്നങ്ങൾക്കൊപ്പമാണ് ഈ പൊടിയും കടകളില്‍ പ്രദർശിപ്പിച്ചിരുന്നതെന്നും ഇത് ഉപഭോക്താക്കളില്‍ അശങ്കയുണ്ടാക്കുമെന്നും കാറ്റി അഭിപ്രായപ്പെടുന്നു.