എം.വി.ഹോണ്ടിയസ് എന്ന ഡച്ച് ആഡംബരക്കപ്പലിലെ യാത്രക്കാരില്‍ മാരകമായ ഹന്‍റാ വൈറസ് സ്ഥിരീകരിച്ചതോടെ ലോകം മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയിലാണ്. അന്‍പത് ശതമാനത്തിലേറെയുള്ള മരണ നിരക്കും വൈറസിനെ നിയന്ത്രിക്കാന്‍ കൃത്യമായ മരുന്നോ ചികില്‍സയോ കണ്ടെത്തിയിട്ടില്ല എന്നതുമാണ് ആശങ്കകള്‍ക്ക് വഴിയൊരുക്കിയത്. വൈറസ് ബാധിച്ച മൂന്നുപേര്‍ മരിച്ചു. എട്ടുപേര്‍ ഗുരുതരാവസ്ഥയിലുമാണ്. നാട്ടിലേക്ക് മടങ്ങിയ ചിലര്‍ക്കും രോഗബാധ സ്ഥിരികരിച്ചതോടെ വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ ഏജന്‍സികള്‍. ഇതിനിടയിലാണ് ഹന്‍റാ വൈറസ് ബാധയുടെ ഉറവിടം തിരിച്ചറിഞ്ഞത്.

കപ്പലിലെ ഹന്‍റാ വൈറസ് ബാധയുടെ ‘പേഷ്യന്‍റ് സീറോ’ (ആദ്യമായി വൈറസ് ബാധയേറ്റയാള്‍) വ്യക്തിയെയാണ് തിരിച്ചറിഞ്ഞത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഡച്ച് പക്ഷിശാസ്ത്രജ്ഞനായ ലിയോ ഷിൽപെറൂർഡിനാണ് ആദ്യം വൈറസ് ബാധയേല്‍ക്കുന്നത്. 70 കാരനായ അദ്ദേഹത്തിന് പക്ഷിനിരീക്ഷണത്തിൽ വലിയ താൽപ്പര്യമുണ്ടായിരുന്നു. ഒടുവില്‍ ഈ അഭിനിവേശം തന്നെ അദ്ദേഹത്തിന്‍റെ ജീവൻ നഷ്ടപ്പെടുത്തിയിരിക്കാം എന്നാണ് കരുതുന്നത്.

വൈറസ് ബാധ ഇങ്ങനെ...

ലിയോ ഷിൽപെറൂർഡും 69കാരിയായ ഭാര്യ മിർജാം ഷിൽപെറൂർഡും തെക്കേ അമേരിക്കയിലേക്കുള്ള അഞ്ച് മാസത്തെ യാത്രയിലായിരുന്നു. നവംബർ 27 ന് അവർ ആദ്യം അർജന്റീനയിൽ എത്തി. പിന്നീട് ചിലി, യുറുഗ്വേ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മാർച്ച് അവസാനത്തോടെ അർജന്റീനയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ മാർച്ച് 27 ന് അർജന്റീനയിലേക്ക് മടങ്ങിയപ്പോൾ ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവിയയും സന്ദര്‍ശിച്ചു. ഉഷുവിയ നഗരത്തിന് പുറത്തായി മാലിന്യക്കൂമ്പാരത്തിലും അവര്‍ എത്തി.

ഡാര്‍വിന്‍റെ കാരക്കാറ എന്ന് അറിയപ്പെടുന്ന അപൂര്‍വ്വ പക്ഷിയായ വൈറ്റ് ത്രോട്ടഡ് കാരക്കാറയെ കാണാനായി ലോകമെമ്പാടുമുള്ള പക്ഷിനിരീക്ഷകർ എത്തുന്ന സ്ഥലമാണിത്. ഇതുതന്നെയായിരുന്നു പ്രദേശവാസികള്‍ പോലും ചെല്ലാന്‍ മടിക്കുന്ന ഈ മാലിന്യം തള്ളുന്ന സ്ഥലത്തെത്താന്‍ ലിയോയുടേയും മിർജാമിനേയും പ്രേരിപ്പിച്ചത്. ഇവിടെവച്ച് ഹന്‍റാ വകഭേദങ്ങളില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന ഇനമായ ആന്‍ഡീസ് വൈറസിന്‍റെ സ്ട്രെയിൻ ലിയോയെ ബാധിച്ചിരിക്കാം എന്നാണ് കരുതുന്നത്.

എലികളാണ് ഹന്‍റാ വൈറസിന്‍റെ ഉറവിടം. എലികളുടെ കാഷ്ഠത്തിലും മൂത്രത്തിലും രോഗാണു ഉണ്ടാകും. വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളില്‍ വീഴുന്ന എലികളുടെ വിസര്‍ജ്യം ഉണങ്ങി, പൊടിയായി വായുവില്‍ കലര്‍ന്ന് അന്തരീക്ഷത്തില്‍ വരികയും അത് ശ്വസിക്കുന്നവരില്‍ രോഗബാധയുണ്ടാക്കുകയും ചെയ്യും. ഉഷുവിയയിലെ മാലിന്യക്കൂമ്പാരത്തിലാകട്ടെ പിഗ്മി റൈസ് റാറ്റുകൾ എന്നറിയപ്പെടുന്ന (long-tailed pygmy rice rats) എലികളുടെ സാന്നിധ്യമുണ്ട്. ഇവയുടെ കാഷ്ഠത്തിൽ നിന്നുള്ള കണികകൾ ശ്വസിച്ചതു വഴിയായിരിക്കാം ലിയോക്ക് വൈറസ് ബാധയേറ്റത് എന്നാണ് കരുതുന്നത്.

വൈറസ് കപ്പലിലേക്ക്...

ഉഷുവിയ സന്ദര്‍ശിച്ച് നാല് ദിവസങ്ങൾക്ക് ശേഷം, ഏപ്രിൽ 1 ന്, ദമ്പതികൾ എം.വി. ഹോണ്ടിയസില്‍ 112 പേരോടൊപ്പം യാത്ര തിരിച്ചു. യാത്രക്കാരില്‍ പലരും പക്ഷി നിരീക്ഷകരോ ശാസ്ത്രജ്ഞരോ ആയിരുന്നു. ഏപ്രിൽ 6 ന്, ലിയോയ്ക്ക് പനി, തലവേദന, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം കപ്പലിൽ വച്ച് മരിച്ചു. കപ്പലിൽ വെച്ച് വൈറസ് ബാധയേറ്റ് മരിച്ച ആദ്യത്തെ രോഗിയായിരുന്നു അദ്ദേഹം.

തുടര്‍ന്ന് ലിയോയുടെ മൃതദേഹവുമായി ഏപ്രിൽ 24-ന് അറ്റ്ലാന്റിക് ദ്വീപായ സാന്താ ഹെലീനയിൽ കപ്പലിറങ്ങിയ മിർജാം ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് വഴി നാട്ടിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ ആ യാത്ര പൂര്‍ത്തിയാക്കാന്‍ മിര്‍ജോമിനും സാധിച്ചില്ല. ഇതിനകം വൈറസ് ബാധയേറ്റിരുന്ന മിര്‍ജോം യാത്രതുടരാന്‍  കഴിയാത്ത തരത്തില്‍ രോഗാതുരയായിരുന്നു. ഒടുവില്‍ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മിര്‍ജോം അടുത്ത ദിവസം അവർ മരിക്കുകയും ചെയ്തു.

ചരിത്രം

കൊറിയയിലെ ഹന്‍റാന്‍ നദീതീരത്താണ് ഹന്‍റാ വൈറസിനെ ആദ്യം കണ്ടെത്തിയത്. ഇന്ന് ലോകമെങ്ങും വിവിധ വകഭേദങ്ങളിലുള്ള ഹന്‍റാ വൈറസിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 1993ലാണ് അമേരിക്കയില്‍ ഇതിനെ കണ്ടെത്തുന്നത്. വൃക്ക, ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന വകഭേദങ്ങള്‍ അമേരിക്കയുടെ പല മേഖലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 വര്‍ഷം മുന്‍പ് അര്‍ജന്‍റീനയിലെ പറ്റഗോണിയയിലാണ് ആദ്യമായി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടര്‍ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. 2018ല്‍ അര്‍ജന്‍റീനയിലെ തന്നെ എപ്പുയെന്‍ ഗ്രാമത്തില്‍ ആന്‍ഡീസ് വൈറസ് ബാധിച്ച മുപ്പതോളം പേരില്‍ 11 പേര്‍ മരിച്ചു. അവിടെ നിന്നാണ് ഹന്‍റാ വൈറസിന്‍റെ പുതിയ ചരിത്രം തുടങ്ങിയത്. മരുന്ന് കണ്ടെത്തും വരെ ആ ചരിത്രത്തില്‍ എന്തൊക്കെ എഴുതിച്ചേര്‍ക്കപ്പെടുമെന്ന ആശങ്കയിലാണ് ഗവേഷകര്‍.

ENGLISH SUMMARY:

A deadly outbreak of Hantavirus on the Dutch luxury cruise ship MV Hondius has claimed three lives and left eight others in critical condition. Investigators have identified 70-year-old Dutch ornithologist Leo Schilperoord as 'Patient Zero,' who likely contracted the virus while birdwatching at a waste dump in Ushuaia, Argentina. The virus, specifically the human-to-human transmissible Andes strain, is believed to have spread through particles from long-tailed pygmy rice rat droppings. Following Leo’s death on the ship, his wife Mirjam also succumbed to the virus while attempting to return home via South Africa. Health agencies worldwide are now racing to trace individuals who came into contact with the passengers, as the virus carries a mortality rate of over 50% with no known cure.