Passengers are sprayed with disinfectant by Spanish government officials before boarding a plane after disembarking from the hantavirus-stricken cruise ship MV Hondius at Tenerife airport in the Canary Islands, Spain
ഹന്‍റാ വൈറസ് പടര്‍ന്ന എം.വി.ഹോണ്ടിയസ് കപ്പലില്‍ നിന്ന് ഒഴിപ്പിച്ച രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ ഒരാളുടെയും യുഎസില്‍ ഒരാളുടെയും വൈറസ് ടെസ്റ്റാണ് പോസിറ്റിവ് ആയത്. അഞ്ച് ഫ്രഞ്ചുകാരെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച് പാരിസില്‍ എത്തിച്ചിരുന്നു. ഇതില്‍ നാലുപേരുടെ പരിശോധനാഫലം ഇപ്പോള്‍ നെഗറ്റിവ് ആണ്. ഇവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വീണ്ടും പരിശോധന നടത്തും. പോസിറ്റിവ് ആയ ആളുടെ നില അതീവ ഗുരുതരമാണെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി സ്റ്റെഫനി റിസ്റ്റ് അറിയിച്ചു. വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന 22 പേരെ തിരിച്ചറിഞ്ഞ് ക്വാറന്‍റൈനില്‍ ആക്കിയെന്നും റിസ്റ്റ് പറഞ്ഞു.
Cruise ship MV Hondius, affected by a hantavirus outbreak, at the port of Granadilla de Abona, in Tenerife, Spain, May 11, 2026.
എം.വി.ഹോണ്ടിയസില്‍ നിന്ന് ഒഴിപ്പിച്ച 17 അമേരിക്കന്‍ പൗരന്മാരില്‍ ഒരാളുടെ പരിശോധനഫലമാണ് ഇന്ന് പോസിറ്റിവ് ആയത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. എന്നാല്‍ വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലയളവ് നീണ്ടതായതിനാല്‍ വരുംദിവസങ്ങളിലും സ്രവപരിശോധന തുടരും. രോഗം സ്ഥിരീകരിച്ചയാളെ നെബ്രാസ്കയിലെ ബയോകണ്ടെയിന്‍മെന്‍റ് യൂണിറ്റിലേക്ക് മാറ്റി നിരീക്ഷണത്തില്‍ വയ്ക്കും. മറ്റ് യാത്രികരെ നാഷണല്‍ ക്വാറന്‍റൈന്‍ യൂണിറ്റിലാണ് ക്വാറന്‍റൈനില്‍ വയ്ക്കുക.
വൈറസ് ബാധയുണ്ടായ ഡച്ച് ക്രൂയിസ് കപ്പല്‍ എം.വി.ഹോണ്ടിയസ് ഇന്നലെ സ്പെയിനിലെ ടെനറൈഫിലെത്തി. 20 രാജ്യങ്ങളില്‍ നിന്നുള്ള 140 യാത്രക്കാര്‍ ക്രൂയിസ് ഷിപ്പില്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നുപേര്‍ വൈറസ് ബാധിച്ച് കപ്പലില്‍ വച്ചുതന്നെ മരിച്ചു. യാത്രയ്ക്കിടെ ഇവരുള്‍പ്പെടെ 8 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്ക് കപ്പലില്‍ നിന്നിറങ്ങിയശേഷം നടത്തിയ പരിശോധയിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിക്കുന്നതിന് മുന്‍പ് ക്രൂയിസ് ഷിപ്പില്‍ നിന്ന് മറ്റ് തുറമുഖങ്ങളില്‍ ഇറങ്ങിയവരെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യഏജന്‍സികളും സര്‍ക്കാരുകളും.
Nebraska Medicine's Davis Global Center is seen on Sunday, May 10,2026 in Omaha, Neb. where American passengers from the hantavirus-stricken cruise ship will quarantine.
അതേസമയം എം.വി.ഹോണ്ടിയാസിലെ വൈറസ് ബാധ സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തില്‍ കൊച്ചി തുറമുഖത്തും ജാഗ്രതാനിര്‍ദേശം നല്‍കി. ലോകാരോഗ്യസംഘടന നല്‍കിയ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. പ്രാഥമിക നടപടികള്‍ മാത്രമാണെന്നും കോവിഡ് കാലത്തേതുപോലെ നിയന്ത്രണങ്ങളില്ലെന്നും അധികൃതര്‍ പറഞ്ഞു.