sheep-bot-fly-larvae-human-case

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

തുമ്മുമ്പോള്‍ മൂക്കിലൂടെ പുറത്തുവരുന്നത് ഒരി‍ഞ്ച് വലിപ്പമുള്ള വിരകള്‍, ജീവശാസ്ത്രപരമായി ‘അസംഭവ്യം’ എന്ന് വിശേഷിപ്പിച്ച കേസുമായി അമേരിക്കയിലെ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ഗ്രീക്ക് പൗരയായ 58 കാരിക്കാണ് അത്യപൂര്‍വമായ അവസ്ഥയുണ്ടായത്.

മുഖത്തിന്റെ മധ്യഭാഗത്തായി തുടങ്ങിയ വേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പിന്നാലെ ഇത് കടുത്ത ചുമയായി. ദിവസങ്ങൾക്കുള്ളിൽ മൂക്കിൽ നിന്ന് വിരകൾ പുറത്തുവരാൻ തുടങ്ങി. ഇതോടെ ഭയന്ന 58 കാരി ചികില്‍സ തേടുകയായിരുന്നു. ഒടുവില്‍ ഇവരുടെ സൈനസുകളില്‍ (മൂക്കിന്റെ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന വായു അറകള്‍) നിന്നും‌ 10 ലാർവകളെയും ഒരു പ്യൂപ്പയെയുമാണ് ഇ.എന്‍.ടി വിദഗ്ദര്‍ നീക്കം ചെയ്തത്.

തുടര്‍ന്നുള്ള പഠനങ്ങളില്‍ ഇവ ആടുകളുടെയും ചെമ്മരിയാടുകളുടെയും മൂക്കുകളില്‍ വളരുന്ന ഷീപ്പ് ബോട്ട് ഫ്ലൈയുടെ (Sheep Bot Fly - Oestrus ovis) ലാർവകളാണെന്ന് തിരിച്ചറിയുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിൽ, സ്ത്രീയുടെ ജോലി ആടുകൾ മേയുന്ന വയലിന് സമീപമാണെന്ന് കണ്ടെത്തുകയും ചെയ്തു. സെപ്റ്റംബറിൽ വയലിന് സമീപം ജോലി ചെയ്യവേ ഇവരെ ഈ ഈച്ചകള്‍ കൂട്ടമായി ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സൈനസ് വേദന അനുഭവപ്പെടാൻ തുടങ്ങിയത്.

ഒ. ഓവിസ് നാസൽ മയാസിസ് വിത്ത് പ്യൂപ്പേഷൻ എന്നതാണ് ഈ അവസ്ഥ. ഇവ മനുഷ്യരില്‍ കാണപ്പെടുന്ന കേസുകള്‍ വളരെ അപൂർവമാണ്. മുൻകാലങ്ങളിൽ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ അവ പ്രധാനമായും കണ്ണുകളെയാണ് ബാധിച്ചിട്ടുള്ളത്. മനുഷ്യരുടെ മൂക്കില്‍ ഈ ഈച്ചകളുടെ ലാവയ്ക്ക് അതിജീവിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാധാരണയായി ആദ്യത്തെ ലാർവ ഘട്ടത്തില്‍ എത്തുമെങ്കിലും പിന്നീട് നശിക്കും. എന്നാല്‍ 51 കാരിയുടെ കേസില്‍ പല ഘട്ടത്തിലുള്ള ലാവകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂക്കിൽ നിന്ന് ലാർവകളും പ്യൂപ്പയും നീക്കം ചെയ്ത ശേഷം ഇവര്‍ക്ക് നാസൽ ഡീകോംഗെസ്റ്റന്റുകൾ നൽകിയതായും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെമ്മരിയാടുകളുടെയു ആടുകളുടെയും മൂക്കുകളിലാണ് ഈ ഈച്ചകള്‍ സാധാരണയായി ലാവകളെ നിക്ഷേപിക്കാറുള്ളത്. ഇവ വിരകളായി മാറി നാസാരന്ധ്രങ്ങളിലും സൈനസുകളിലുമായി വളരുന്നു. കൂടുതൽ വികസിച്ച ശേഷം മൂക്കിൽ നിന്ന് മണ്ണിലേക്ക് വീഴുന്നു. നിലത്തുവീഴുന്ന ഇവയ്ക്ക് കട്ടിയുള്ള പുറംതോട് (പ്യൂപ്പ) രൂപപ്പെടുകയും കാലക്രമേണ ഈച്ചകളായി മാറുകയും ചെയ്യുന്നു. അതേസമയം, മൃഗങ്ങളുടെ മൂക്കില്‍ തന്നെ കുടുങ്ങുന്നവ നശിച്ചുപോകുകയാണ് പതിവ്. 

ENGLISH SUMMARY:

A 58-year-old woman sought medical help after discovering live larvae emerging from her nose during sneezing fits. Doctors discovered ten larvae and a pupa residing within her nasal sinuses after she reported intense facial pain. Investigations revealed the organisms were Sheep Bot Fly larvae, a species that typically targets livestock rather than humans. Experts noted this case is biologically extraordinary because the larvae managed to survive through multiple developmental stages. The patient had previously been swarmed by flies while working near a field where sheep and goats grazed. Following the successful removal of the parasites and medical treatment, the woman has made a full recovery.