വയലേലകളെ സമ്പുഷ്ടമാക്കാനിറങ്ങിയ ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍ പാലക്കാടന്‍ ചൂടിനെപ്പേടിച്ച് മടങ്ങുന്നു. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തീറ്റ തേടിയെത്തുന്ന ആയിരക്കണക്കിന് ആടുകളാണ് പതിവ് തെറ്റിച്ച് നാട് പിടിക്കാനൊരുങ്ങുന്നത്. കുടിവെള്ളം കിട്ടാനുള്ള പ്രതിസന്ധിയും കനത്തചൂടും ആടുകളുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു.
പതിവുപോലെ ഇത്തവണയും ആട്ടിന്‍കൂട്ടവുമായി കര്‍ഷകര്‍ എത്തിയെങ്കിലും അവരുടെ പ്രതീക്ഷ തെറ്റി. ചൂടിന്റെ കാഠിന്യവും കാലം തെറ്റിയ കൊയ്ത്തും ചേര്‍ന്നപ്പോള്‍ ഇവര്‍ക്ക് കേരളത്തില്‍ തുടരുക പ്രയാസമായി. കടന്നുപോകുന്ന വഴികളിലെല്ലാം കൊയ്ത്ത് തീര്‍ന്നതും തീരാത്തതുമായ വയലേലകള്‍. എല്ലാം ഉണങ്ങിക്കരിഞ്ഞ് പുല്ലേത് കച്ചിയേതെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ഇങ്ങനെ വിണ്ടുകീറിയ മണ്ണില്‍ ആട്ടിന്‍ കൂട്ടം തളര്‍ന്ന് വീഴുകയാണ്. ഇത് ആദ്യ അനുഭവമെന്നാണ് ആട്ടിന്‍കൂട്ടത്തെ നയിക്കുന്നവര്‍ സങ്കടത്തോടെ പറയുന്നത്.
ചൂടിന്റെ കാഠിന്യം എന്ന് നീങ്ങുമെന്ന് ഇവര്‍ക്ക് ഉറപ്പില്ല. ഉച്ചവെയിലില്‍ സഞ്ചരിക്കാനും പ്രയാസം. ചൂടിനെ അതിജീവിച്ച് ശീലമുള്ള ചെമ്മരിയാടിന്‍ കൂട്ടത്തിന് ഇത്തവണത്തെ ചൂട് മറികടക്കുക പ്രയാസമെന്നറിയുമ്പോള്‍ പൊള്ളുന്നതിന്റെ വ്യാപ്തി പറയേണ്ടതില്ലല്ലോ. കേരളത്തിലേക്കെത്തിയവര്‍ വീണ്ടും തമിഴ്നാട്ടിലേക്ക് മടങ്ങുന്നത് മസനഗുഡി വഴിയല്ല, പൊള്ളാച്ചി കടന്നാണ്.
sheep return from Palakkad heat