നിങ്ങള്‍ക്കറിയാമോ? ചില ആളുകള്‍ക്ക് മദ്യപിക്കാതെ തന്നെ ‘ഫിറ്റ്’ ആവാന്‍ സാധിക്കുമത്രേ! ഇവരുടെ ശരീരം സ്വന്തമായി മദ്യം ഉത്പാദിക്കും! ഈ അവസ്ഥയെയാണ് ‘ഓട്ടോ ബ്രൂവറി സിൻഡ്രോം’ (എബിഎസ്) എന്ന് അറിയപ്പെടുന്നത്. ഇത്തരമൊരവസ്ഥ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണെങ്കിലും ഇത് സംഭവിക്കുന്നത് എങ്ങിനെ എന്നതില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
എബിഎസ് ഉള്ളവരില്‍ അവരുടെ കുടലിലെ ബാക്ടീരിയകളാണ് കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ എഥനോള്‍ ആക്കി മാറ്റുന്നത്. അതായത് മദ്യം. ഒരിക്കൽ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ എഥനോള്‍ നേരെ നമ്മുടെ രക്തത്തിലേക്ക് എത്തും. ഇതോടെ മദ്യം കഴിച്ചിട്ടില്ലെങ്കിലും ആ വ്യക്തിക്ക് മദ്യത്തിന്‍റെ ലഹരി അനുഭവപ്പെടും. കുടലിലെ ഈസ്റ്റിന്‍റെ സാന്നിധ്യം അമിതമാകുന്നതാണ് ഓട്ടോ ബ്രൂവറി സിൻഡ്രോമിലേക്ക് നയിക്കുന്നതെന്നാണ് നേരത്തെ കരുതിയിരുന്നത്. കാൻഡിഡ ആൽബിക്കൻസ്, കാൻഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകൾ ഈ അവസ്ഥയുണ്ടാക്കാം.
എബിഎസ് രോഗികളിൽ നിന്നും രോഗമില്ലാത്ത അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും കുടൽ ബാക്ടീരിയകള്‍ ശേഖരിച്ച് പരിശോധിച്ചായിരുന്നു പഠനം. എബിഎസ് രോഗികളുടെ മലപരിശോധനയില്‍ മറ്റുള്ളവരിലേക്കാള്‍ കൂടുതല്‍ എഥനോളിന്‍റെ അളവ് സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ, ക്ലെബ്‌സിയല്ല ന്യൂമോണിയ, എസ്‌ഷെറിച്ച കോളി എന്നിവയുൾപ്പെടെ ചില ബാക്ടീരിയകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എബിഎസ് രോഗികളില്‍ ഫെർമെന്‍റേഷന് കാരണമാകുന്ന എൻസൈമുകളുടെ വർദ്ധനവിന് കാരണം ഈ ബാക്ടീരിയകള്‍ ആണെന്നാണ് കരുതുന്നത്. ഒരു കേസിൽ എബിഎസ് രോഗിക്ക് ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാൻറ് (കുടൽ ബാക്ടീരിയകളെ പുനഃസ്ഥാപിക്കുന്ന ചികില്‍സ) നടത്തിയ ശേഷം കാര്യമായ പുരോഗതി കാണപ്പെടുകയും ചെയ്തു. ഇയാളില്‍ മുൻകാല ചികിത്സകൾ ഫലിച്ചിരുന്നില്ല. ആൻറിബയോട്ടികുകളുടെ ഉപയോഗത്തിലൂടെ ഒന്നര വര്‍ഷത്തോളം രോഗിയില്‍ എബിഎസ് ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്തിട്ടില്ല.
കുടലിലെ ബാക്ടിരീയകളുടെ സന്തുലിതാവസ്ഥയ്ക്ക് എബിഎസ് എന്ന രോഗാവസ്ഥയുമായി അടുത്ത ബന്ധമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സന്തുലിതാവസ്ഥ തടസ്സപ്പെടുമ്പോഴാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ പുതിയ കണ്ടെത്തലുകൾ എബിഎസ് രോഗനിർണയത്തിലും ചികില്‍സയിലും ഒരു വഴിത്തിരിവായി മാറുമെന്നാണ് ഗവേഷകർ കരുതുന്നത്. ഇതുവരേയും കാരണക്കാരന്‍ ഈസ്റ്റ് ആണെന്ന് കരുതിയതുകൊണ്ടു തന്നെ ആന്‍റിഫംഗല്‍ മരുന്നുകൾ ഉപയോഗിച്ചാണ് എബിഎസ് പ്രധാനമായും ചികിത്സിച്ചുകൊണ്ടിരുന്നത്. നേച്ചർ മൈക്രോബയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് എബിഎസിന്‍റെ പ്രധാന ലക്ഷണം. ചിലർക്ക് ചെറിയ അളവിൽ മദ്യം കഴിച്ചാൽ തന്നെ തലയ്ക്ക് പിടിക്കും. തലകറക്കം, തലവേദന, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ചർമം ചുവക്കുന്നത്, നിർജലീകരണം, മനംമറിച്ചിൽ, ഛർദി, വരണ്ട വായ, ക്ഷീണം, ഓർമ തകരാർ, മൂഡ് സ്വിങ് എന്നിവയെല്ലാം ഓട്ടോ ബ്രൂവറി സിൻഡ്രോമിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഓട്ടോ-ബ്രൂവറി സിൻഡ്രോമിനെ കുറിച്ച് അവബോധമില്ലായ്മയും ആശയക്കുഴപ്പമുണ്ടാക്കുന്ന ലക്ഷണങ്ങളും തെറ്റായ രോഗനിർണയത്തിനും മദ്യപാനി എന്ന് മുദ്രകുത്തപ്പെടുന്നതിനും കാരണമാകാറുണ്ട്്.