H5N1 എന്നറിയപ്പെടുന്ന പക്ഷിപ്പനി എങ്ങനെയാണ് മനുഷ്യരിലേക്ക് പടരുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ നടത്തിയ പ്രവചനം ആഗോള തലത്തിൽ തന്നെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപകമായി പടരുന്ന അപകടകരമായ അവസ്ഥ ഉണ്ടാകുമെന്നും, അത് ആഗോള ആരോഗ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്നും അശോക സർവകലാശാലയിലെ ഇന്ത്യൻ ഗവേഷകരായ ഫിലിപ്പ് ചെറിയാനും ഗൗതം മേനോനും മുന്നറിയിപ്പ് നൽകുന്നു.
എങ്ങനെ ഇതിനെ ചെറുക്കാനാകുമെന്നാണ് ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച മാതൃകയിലൂടെ ഇരുവരും വിശദീകരിക്കുന്നത്. "മനുഷ്യരിലേക്ക് H5N1 പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്, എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ ആ സമയം മികച്ച രീതിയിൽ പ്രതികരിക്കുകയും, ജനങ്ങൾ മുൻകരുതൽ സ്വീകരിക്കുകയും ചെയ്താൽ അത് തടയാൻ കഴിയും," പ്രൊഫസർ മേനോൻ ബിബിസിയോട് പ്രതികരിച്ചു.
പക്ഷിപ്പനി നിശബ്ദമായി പടരും, ഭയക്കണം...
പക്ഷിപ്പനി പടരുന്നത് ആദ്യഘട്ടത്തിൽ നിശബ്ദമായി ആയിരിക്കും. രോഗം ബാധിച്ച ഒരു കോഴിയിൽ നിന്ന്, ഫാമിൽ ജോലി ചെയ്യുന്ന ഒരു മനുഷ്യനിലേക്കോ, കർഷകനിലേക്കോ H5N1 പടരാം. പകർച്ചവ്യാധി അപകടകരമായ രീതിയിൽ പടരുന്നതിന് മുമ്പ് തന്നെ ആരോഗ്യ സംവിധാനങ്ങൾ നടപടി എടുത്തിരിക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. രോഗബാധിതർ രണ്ടിൽ നിന്ന് ശരവേഗത്തിൽ പത്തായി ഉയരുമ്പോൾ, പ്രാഥമിക, ദ്വിതീയ സമ്പർക്കങ്ങൾക്കപ്പുറത്തേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്ന് പ്രബന്ധത്തിൽ വ്യക്തമാക്കുന്നു.
പ്രാഥമിക സമ്പർക്കം എന്നാൽ രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് അടുത്ത ബന്ധം പുലർത്തിയിട്ടുള്ള വ്യക്തികളാണ്. ഉദാഹരണത്തിന് വീട്ടുകാർ, അവരെ പരിചരിക്കുന്നവർ, അടുത്ത സഹപ്രവർത്തകർ തുടങ്ങിയവർ. രോഗബാധിതനായ വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ലെങ്കിലും, പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ളവരാണ് ദ്വിതീയ സമ്പർക്കത്തിലുള്ളവർ. രണ്ട് കേസുകൾ മാത്രം കണ്ടെത്തിയ ഘട്ടത്തിലാണെങ്കിൽ, പ്രാഥമിക സമ്പർക്കത്തിലുള്ളവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്താൽ, പകർച്ചവ്യാധി ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. എന്നാൽ 10 കേസുകൾ തിരിച്ചറിയുമ്പോഴേക്കും, അണുബാധ വിശാലമായ ജനവിഭാഗത്തിലേക്ക് വ്യാപിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരരൊരു സാഹചര്യം ഉണ്ടായാൽ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ തന്നെ ബുദ്ധിമുട്ടാവും. കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയുമുണ്ടാകാം.
പഠനം തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയെ മാതൃകയാക്കി
ഈ വിഷയത്തിൽ പഠനം നടത്താനായി, തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ ഒരു ഗ്രാമത്തെയാണ് മാതൃകയായി ഗവേഷകർ തിരഞ്ഞെടുത്തത്.
നിലവിലെ കണക്കനുസരിച്ച് നാമക്കലിൽ 1,600-ലധികം കോഴി ഫാമുകളും ഏകദേശം 7 കോടി കോഴികളുമുണ്ട്. ഒരു ദിവസം 6 കോടിയിലധികം മുട്ടകളാണ് ഉവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. വീടുകൾ, ജോലിസ്ഥലങ്ങൾ, മാർക്കറ്റ് എന്നിങ്ങനെ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു കൃത്രിമ സമൂഹത്തെ സൃഷ്ടിച്ചാണ് ഇവർ ഗവേഷണം നടത്തിയത്. 9,667 നിവാസികളുള്ള ഒരു ഗ്രാമമാണ് കൃത്രിമമായി ഉണ്ടാക്കിയത്. യഥാർത്ഥ ജനസംഖ്യയുടെ സ്വഭാവ സവിശേഷതകളും പെരുമാറ്റങ്ങളും അനുകരിക്കുന്ന കൃത്രിമവും കമ്പ്യൂട്ടർ നിർമ്മിതവുമായ ജനസംഖ്യയാണ് സിന്തറ്റിക് കമ്മ്യൂണിറ്റി.
വൈറസ് ഒരു ജോലിസ്ഥലത്ത് നിന്ന് ആരംഭിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഉദാഹരണമായി ഒരു ഇടത്തരം ഫാം. ആദ്യം അവിടത്തെ ആളുകളിലേക്ക് (പ്രാഥമിക സമ്പർക്കം ഉള്ളവരിലേക്ക്) രോഗം പടരുന്നു. രോഗബാധിതരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ, അടുത്തുള്ള വീടുകൾ, സ്കൂളുകൾ, മറ്റ് ജോലിസ്ഥലങ്ങൾ എന്നിവയിലൂടെ അവർ ഇടപഴകുന്ന മറ്റുള്ളവരിലേക്ക് (സെക്കൻഡറി കോൺടാക്ടുകൾ) രോഗം അതിവേഗത്തിൽ പടരും.
വീടുകൾ, സ്കൂളുകൾ, ജോലിസ്ഥലങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു നിശ്ചിത ശൃംഖല രൂപപ്പെടുത്തി, പ്രാഥമിക, ദ്വിതീയ കോൺടാക്ടുകൾ ട്രാക്ക് ചെയ്യണം.
വാക്സിനേഷൻ, ക്വാറന്റൈൻ, പക്ഷികളെ കൊല്ലൽ, ലോക്ക്ഡൗണ്‍
കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് മുമ്പുതന്നെ പക്ഷികളെ കൊന്നൊടുക്കണം. ഒപ്പം അടുത്ത് സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും പിന്നാലെ വാക്സിനേഷൻ അടക്കമുള്ള മുൻകരുതലുകൾ ആരംഭിച്ചാൽ എന്ത് ഫലം കിട്ടുമെന്നും ഗവേഷകർ പരിശോധിച്ചു. പക്ഷികളെ കൊല്ലുന്നത് രോഗം തടയാൻ ഫലപ്രദമായൊരു മാർഗമാണ്.
പക്ഷേ വൈറസ് മനുഷ്യരിലേക്ക് പകരുന്നതിന് മുമ്പ് ഇത് ചെയ്താൽ മാത്രമേ പ്രയോജനമുള്ളൂ. രോഗബാധിതരായ ആളുകളെ വീടുകളിൽ ക്വാറന്റൈൻ ചെയ്യുന്നതിലൂടെ ദ്വിതീയ ഘട്ടത്തിൽ വൈറസിനെ തടയാൻ കഴിയും. എന്നാൽ മൂന്നാമത്തെ ഘട്ടത്തിൽ രോഗം ഭയാനകമായി പടരുന്ന സാഹചര്യം വന്നാൽ ലോക്ക്ഡൗണല്ലാതെ വേറെ മാർഗമില്ല. ഇല്ലെങ്കിൽ പകർച്ചവ്യാധി നിയന്ത്രണാതീതമാകുമെന്നും ഗവേഷകരായ ഫിലിപ്പ് ചെറിയാനും ഗൗതം മേനോനും വ്യക്തമാക്കുന്നു.