കണ്ണൂർ ജില്ലയിൽ ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലാണ് രോഗം സ്ഥിരീകരിച്ചത്. വളര്‍ത്തുപക്ഷികളില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ നഗരസഭയില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് കാക്കയിൽ ആയതിനാൽ രോഗത്തിന്റെ പ്രഭവ കേന്ദ്രം സ്ഥിരീകരിട്ടില്ല. നിലവില്‍ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ല. നിരീക്ഷണ മേഖലയും നിർദേശിക്കപ്പെട്ടിട്ടില്ല.
ചത്ത പക്ഷിയുടെ ശരീരം നിർദിഷ്ട ആഴത്തിൽ കുഴിയെടുത്ത് കാൽസ്യം കാർബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും. ഈ സമയം ജീവനക്കാർ കൈയുറ, മാസ്‌ക്, പിപിഇ കിറ്റ് എന്നിവ ധരിക്കണം. അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ പ്രദേശത്തെ ആളുകളിൽ റിപ്പോർട്ട് ചെയ്യുന്നത് നിരീക്ഷിക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ചു ദിവസം മുമ്പ് പഞ്ചായത്തിലെ 13ാം വാർഡിൽ വല്യത്തോട് പ്രദേശത്ത് കാക്കകൾ വീണ് ചാകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചത്തുവീണ കാക്കകളുടെ സാംപിൾ ശേഖരിച്ച് തിരുവല്ല മഞ്ഞാടിയിലെ ലാബിലും തുടർന്ന് ഭോപ്പാലിലും പരിശോധനയ്ക്ക് അയച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശാപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് പക്ഷിപ്പനി പ്രതിരോധ - ബോധവൽക്കരണ പരിപാടികൾ നടത്തി. താറാവ് ഫാമുകൾ പ്ലാസ്റ്റിക് വല വിരിച്ച് സുരക്ഷിതമാക്കണമെന്ന് കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്.