മുപ്പതുവയസായവരാണോ നിങ്ങള്‍??നഷ്ടപ്പെട്ട കൗമാരകാലത്തെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നവരാണോ..?എന്നാല്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത.നിങ്ങളിപ്പോഴും കൗമാര കാലത്തിലാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ന്യൂറോ സയന്‍റിസ്റ്റ് ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. ഒരു മനുഷ്യന്‍റെ കൗമാരകാലം 32 വയസുവരെ നീണ്ടുനില്‍ക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. 90 വയസുവരെ പ്രായമുള്ള 4000പേരുടെ തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഈ പഠനം നടത്തിയത്.
ഗവേഷകർ പറയുന്നതനുസരിച്ച്, മുപ്പതുകളുടെ തുടക്കം വരെ മനുഷ്യ മസ്തിഷ്കം 'കൗമാര ഘട്ടത്തിൽ' അഥവാ ( adolescent phase) തന്നെ തുടരുന്നു. ഈ പ്രായത്തിലാണ് മസ്തിഷ്കം അതിന്‍റെ പരമാവധി ശേഷിയിൽ അഥവാ (peak)ല്‍ എത്തുന്നത്.
"മനുഷ്യവികാസത്തിന് തലച്ചോറിന്‍റെ വളർച്ച നിർണായകമാണെന്ന് നമുക്കറിയാം, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം അതെങ്ങനെ മാറുന്നു, എന്തുകൊണ്ട് എന്നതിനെക്കുറിച്ചൊന്നും വ്യക്തതയില്ലായിരുന്നു "- ഗവേഷണത്തിന് നേതൃത്വം നൽകിയ ഗേറ്റ്സ് കേംബ്രിഡ്‍ജ് ഗവേഷകനായ ഡോ. അലക്‌സാ മൗസ്ലി പറഞ്ഞു.
പുതിയ അറിവുകൾക്കും അനുഭവങ്ങൾക്കും അനുസരിച്ച് തലച്ചോറ് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇത് ജനനം മുതൽ മരണം വരെ ഒരേ രീതിയിലല്ല സംഭവിക്കുന്നത്. .മസ്തിഷ്കത്തിന് താഴെ പറയുന്ന അഞ്ച് ഘട്ടങ്ങളാണുള്ളതെന്നും അദ്ദേഹം പറയുന്നു.
ജനനം മുതല്‍ ഒന്‍പത് വയസുവരെയാണ് ബാല്യം അഥവാ ചൈല്‍ഡ് ഹുഡ്. ഒന്‍പത് വയസുമുതല്‍ 32 വയസുവരെയാണ് കൗമാരകാലം അഥവാ അഡോളസന്‍സ് . 32 മുതല്‍ 66 വരെയുള്ള കാലം യൗവനം അതായത് അഡല്‍റ്റ് ഹുഡാണ്. 66 മുതല്‍ 83 വരെയുള്ള കാലത്തെ ഏര്‍ളി ഏജിംങ് അഥവാ വാര്‍ധക്യത്തിന്‍റെ ആദ്യഘട്ടം എന്നും 83 വയസ് മുതല്‍ ലേറ്റ് ഏജിങ്ങ് അഥവാ വാര്‍ധക്യത്തിന്‍റെ അവസാനഘട്ടം എന്നും വിളിക്കുന്നു. ഇതില്‍ 9, 32, 66, 83 എന്നീ വയസ്സുകൾ മസ്തിഷ്കത്തെ സംബന്ധിച്ച് പ്രധാന വഴിത്തിരിവുകളാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ആദ്യഘട്ടമായ ബാല്യകാലത്തില്‍ തലച്ചോറിന്‍റെ വലിപ്പം അതിവേഗം വർദ്ധിക്കുന്നു. ജീവിതത്തിന്‍റെ തുടക്കത്തിൽ തലച്ചോറിലെ കോശങ്ങൾക്കിടയിൽ അമിതമായി ഉദ്പാദിപ്പിക്കപ്പെടുന്ന സിനാപ്സുകള്‍ അഥവാ ന്യൂറോണുകള്‍ക്കിടയിലുള്ള കണക്ടറുകള്‍ കുറയുന്നതും ഈ ഘട്ടത്തിലാണ്. ഈ സമയത്ത് തലച്ചോറിന്‍റെ കാര്യക്ഷമത കുറവായിരിക്കും. ഒരു പാർക്കിലൂടെ ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടിയെപ്പോലെയാണ് ഈ ഘട്ടത്തിൽ തലച്ചോറിന്‍റെ പ്രവർത്തനമെന്ന് ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഒന്‍പത് വയസ് മുതല്‍ കാര്യങ്ങൾ പെട്ടെന്ന് മാറുന്നു. തലച്ചോറിലെ ന്യൂറോണുകള്‍ വളരെ കാര്യക്ഷമമാകുന്ന ഘട്ടമാണിത്. മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങാൻ ഏറ്റവും സാധ്യതയുള്ള സമയവും ഇതാണ്. കൗമാരം പ്രായപൂർത്തിയാകുന്നതോടെ തുടങ്ങുന്നുവെങ്കിലും, നമ്മൾ കരുതിയതിലും വളരെക്കാലം അത് നീണ്ടുനിൽക്കുന്നുവെന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഇപ്പോൾ 30-കളുടെ തുടക്കത്തിലേക്കും ഇത് നീളുന്നുവെന്ന് ന്യൂറോ സയൻസ് വ്യക്തമാക്കുന്നു.
തലച്ചോറിന്‍റെ സ്ഥിരതയുള്ള (stability) കാലഘട്ടമാണ് അഡള്‍ഡ്ഹുഡ്. ഇത് ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്നു. ഈ സമയത്ത് തലച്ചോറിലെ മാറ്റങ്ങൾ സാവധാനത്തിലാകും. ബുദ്ധിശക്തിയും വ്യക്തിത്വവും ഒരു സ്ഥിരത കൈവരിക്കുന്ന സമയമാണ് ഇത്. 66 വയസുമുതല്‍ അഥവാ വാർദ്ധക്യത്തിന്റെ ആദ്യഘട്ടം മുതല്‍ തലച്ചോറിലെ ന്യൂറോണുകളുടെ പാറ്റേണുകളിൽ മാറ്റങ്ങൾ വരുന്നു.തലച്ചോറ് മുഴുവനായി ഒത്തിണങ്ങി പ്രവർത്തിക്കുന്നതിന് പകരം, ഓരോ ഭാഗങ്ങളും വേറിട്ട് പ്രവർത്തിക്കാൻ തുടങ്ങുന്നു.ആരോഗ്യകരമായ മസ്തിഷ്കങ്ങളെയാണ് പഠനം നിരീക്ഷിച്ചതെങ്കിലും, ഡിമെൻഷ്യ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തലച്ചോറിനെ ബാധിച്ചുതുടങ്ങുന്ന പ്രായം കൂടിയാണിതെന്ന് ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി.83 വയസ്സിൽ വികാസത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മാറ്റങ്ങൾ നേരത്തെ കണ്ടതുപോലെ തന്നെയാണെങ്കിലും, അത് കുറച്ചുകൂടി തീവ്രമായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.