sabarimala-docter

പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയിൽ ഈ സീസണിൽ ഇതുവരെ ജീവൻ നഷ്ടമായത് 11 പേർക്കാണ്. കഠിനമായ മലകയറ്റത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണങ്ങൾ ഏറെയും. വിപുലമായ ആരോഗ്യ സേവനങ്ങൾ ഉണ്ടെങ്കിലും ആയസകരമായ യാത്രയിൽ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തിൽ കയറുന്നത് ചിലർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒരു മണ്ഡലകല സീസണിൽ ശരാശരി 40മുതൽ 42 പേർ വരെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നുണ്ട്. ഭൂരിഭാഗവും 40നും 60നും ഇടയിൽ പ്രായമുള്ളവർ. പെട്ടെന്നുണ്ടാകുന്ന ശാരീരിക ആയസമാണ് ഒരു പരിധി വരെ കാരണം. 

ശബരിമലയിലും യാത്ര വഴികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും എമർജൻസി മെഡിക്കൽ യൂണിറ്റുകളും ഉണ്ടെങ്കിലും തീർത്ഥാടകർ ചിലത് ശ്രദ്ധിക്കണം.യാത്രയിൽ ക്ഷീണം തോന്നിയാൽ വിശ്രമിക്കണം. ആവശ്യമെങ്കിൽ മെഡിക്കൽ ടീമിൻ്റെ സഹായം തേടണം. ലഘു ഭക്ഷണം കഴിച്ച് മാത്രം മല കയറണം. 

സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതമെടുകുന്ന സമയത്ത് നിർത്തരുത്. യാത്രയിൽ ഉടനീളം മരുന്നുകൾ കയ്യിൽ കരുതണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം.ദർശനത്തിന് എത്തും മുൻപ് തീർത്ഥാടകർ ലഘു വ്യായാമങ്ങൾ നടത്തണമെന്നും ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു. 

സന്നിധാനത്ത് ആശുപത്രികളും എമർജൻസി കൺട്രോൾ റൂമും സജ്ജമാണ്. ഇവിടെ ബന്ധപ്പെട്ടാൽ വിദഗ്ധ ഡോക്ടർമാരുടെയുംആംബുലൻസ് അടക്കമുള്ള സേവനങ്ങളും ലഭിക്കും.എങ്കിലും സ്വയം കരുതുക എന്നതാണ് ഏറ്റവും പ്രധാനം. കാരണം ഓരോ ജീവനും പ്രധാനപ്പെട്ടതാണ്.

ENGLISH SUMMARY:

Sabarimala Pilgrimage fatalities are often caused by heart attacks during the strenuous trek. Health experts advise pilgrims to take precautions despite the availability of extensive medical services along the route.