കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഇനിയും സ്പന്ദിക്കും. ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ലിസി ആശുപത്രിയില്‍ അങ്കമാലി സ്വദേശിയായ 28-കാരനില്‍ ഐസക്കിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്. കഴിഞ്ഞ അവിട്ടം ദിനത്തിലാണ് ഐസക്കിന് അപകടം സംഭവിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. ഐസക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങിയെത്തില്ല എന്ന് മനസ്സിലാക്കിയ കുടുംബം അത്യന്തം വേദനയോടെയെങ്കിലും അവയവദാനത്തിന് തയ്യാറാകുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് ലിസി ആശുപത്രിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോയില്‍ നിന്നും സന്ദേശം എത്തിയത്. പ്രാഥമിക പരിശോധനയില്‍ ഐസക്കിന്റെ ഹൃദയം ലിസി ആശുപത്രിയില്‍ ഹൃദയത്തിനായി കാത്തിരിക്കുന്ന അങ്കമാലി സ്വദേശിയായ 28-കാരന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. ദാതാവില്‍ നിന്നും ഹൃദയം എടുത്ത് നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവിൽ സ്പന്ദിച്ചു തുടങ്ങിയാലേ ഏറ്റവും നല്ല ഫലം ലഭിക്കുകയുള്ളൂ എന്നതുകൊണ്ട് തിരുവനന്തപുരത്തു നിന്നും ഹൃദയം ചുരുങ്ങിയ സമയം കൊണ്ട് എത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു.

തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി. രാജീവിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്റർ അവയവം കൊണ്ടുവരുന്നതിനായി വിട്ടുനല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്തു. പൂര്‍ണ്ണമായും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം വിട്ടു നല്‍കിയത്.

ഹൃദയധമനികള്‍ക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി എന്ന അസുഖമായിരുന്നു ഹൃദയം സ്വീകരിച്ച വ്യക്തിക്ക് ഉണ്ടായിരുന്നത്. 2012-ല്‍ അദ്ദേഹം മറ്റൊരു ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറിക്കും പിന്നീട് ആൻജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. അതിനുശേഷം ഹൃദയപരാജയം സംഭവിക്കുകയും ലിസി ആശുപത്രിയില്‍ എത്തുകയുമായിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെയും ഡോ. റോണി മാത്യു കടവിലിന്റെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് നിര്‍ദ്ദേശിക്കുകയും തുടര്‍ന്ന് ഹൃദയത്തിനായി കെസോട്ടോയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

രാവിലെ നാലുമണിയോടെ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിക്കുകയും എട്ടു മണിയോടെ അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 12:35-ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ഹെലികോപ്റ്റർ 1:30-ഓടെ ഹയാത്തിന്റെ ഹെലിപ്പാടിൽ എത്തുകയും കേവലം നാല് മിനിറ്റുകൊണ്ട് പൊലീസ് സേന ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. നാലുമണിക്കൂറിനുള്ളിൽ തന്നെ ഹൃദയം പുതിയ ശരീരത്തിൽ സ്പന്ദിക്കുവാൻ തുടങ്ങി.

ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. പി. മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു.

രാത്രി 7 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അടുത്ത 48 മണിക്കൂര്‍ ശസ്ത്രക്രിയ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

ENGLISH SUMMARY:

Heart transplant in Kerala showcases a successful operation performed at Lisie Hospital. The heart of a brain-dead patient was transported via helicopter and successfully transplanted into a recipient, marking a significant achievement in Kerala's healthcare system.