Photo Credit; Facebook ( Shimna Azeez )

ഗർഭാശയഗള കാൻസർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്നതിന് കാരണമായ കാൻസറുകളിൽ ഒന്നാണെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കൽ കാൻസർ കേസുകളുടെ ഏതാണ്ട് കാൽ ഭാഗം കേസുകൾ ഇന്ത്യയിൽ നിന്നാണെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ബിഹാറിലെ ഒരു ബ്ലോക്കിലെ മുഴുവൻ സർക്കാർ സ്കൂൾ പ്രിൻസിപ്പൽമാർക്ക് നൽകിയ ബോധവൽക്കരണ സെഷന്റെ വിഡിയോയും ഡോക്ടര്‍ പങ്കുവെച്ചിട്ടുണ്ട്. 

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രോഗം കണ്ടെത്താനുള്ള സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലും, നേരത്തെ കണ്ടെത്തിയാൽ തന്നെ കൃത്യമായ ചികിത്സ ലഭിക്കാനുള്ള സൗകര്യക്കുറവുകളും എല്ലാം കൂടിയായി പലപ്പോഴും രോഗിയുടെ ജീവൻ രക്ഷപ്പെടുന്ന കാര്യം കഷ്ടമാണ്. ഇന്ത്യ എന്ന വലിയ രാജ്യം മുഴുവൻ ഒരേ ആഴത്തിൽ, ഭീകരതയിൽ ഈ രോഗത്താൽ ഗ്രസിതമല്ല എന്നർത്ഥം.

ഹ്യൂമൻ പാപ്പില്ലോമ വൈറസ് കാരണം ഉണ്ടാകുന്ന ഈ രോഗം തടയുക എന്നതാണ് ഏറ്റവും നല്ല മാർഗം. പ്രധാനമായും ലൈംഗികബന്ധത്തിലൂടെ പകരുന്ന ഈ വൈറസ്, ശരീരത്തിൽ കടന്നു കൂടി രോഗമുണ്ടാക്കിയത് കണ്ടെത്താൻ വൈകിയാൽ പലപ്പോഴും ജീവഹാനിക്ക് പോലും കാരണമാകുന്നുണ്ട്. 

ബിഹാർ പോലൊരു സംസ്ഥാനത്ത്‌ രോഗനിർണയം പാടാണ്, കൃത്യമായ ചികിത്സ സമയത്തിന് കിട്ടുകയെന്നത് അതിലും പാടാണ്. ഇവിടെ എത്ര പേർ രോഗബാധിതർ ആണെന്നുള്ള കൃത്യമായ ഡാറ്റ പോലും സർക്കാരിന്റെ പക്കൽ ഇല്ലെന്നതും അവരുടെ എച്ച്‌പിവി വാക്സിൻ പഠന പ്രസന്റേഷനിൽ അവർ തുറന്ന്‌ പറയുന്നുണ്ട്.

അങ്ങനെയൊരു അവസ്ഥയിൽ ബിഹാറിൽ ഒൻപത് മുതൽ പതിനാല് വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് സ്‌കൂളുകൾ വഴി HPV വാക്സിൻ നൽകി തുടങ്ങിയിരിക്കുന്നു. ലോകത്ത് നൂറിലേറെ രാജ്യങ്ങളിൽ വർഷങ്ങളായി നൽകി വരുന്ന ഈ വാക്സിൻ, അതിന്റെ ഭീമമായ വിലയും വലിയ ജനസംഖ്യയും  കൊണ്ട് കൂടിയാകണം നമ്മുടെ സർക്കാരുകൾ ഇത്രയും കാലം റെഗുലർ വാക്സിനേഷൻ ഷെഡ്യൂളിൽ ചേർക്കാതിരിക്കുന്നത്.

ജോലി ചെയ്യുന്ന ജില്ലയിലെ കളക്ടർക്കും ആരോഗ്യപ്രവർത്തകർക്കും  പ്രിൻസിപ്പൽമാർക്കും വിദ്യാർഥിനികൾക്കും ഒക്കെ ഈ മാരകരോഗത്തെ കുറിച്ചും വാക്സിനെക്കുറിച്ചും വിവരിച്ച്‌ കൊടുക്കുമ്പോൾ പൊതുവെ ഒരു ചെറിയ തോതിലുള്ള കാൻസർ ബോധവൽക്കരണം കൂടി നടത്താറുണ്ട്‌. സമൂഹത്തിൽ വലിയ പ്രഭാവം ചെലുത്തുന്നവർ ആണ് ഇവരിൽ ഓരോരുത്തരും. പ്രതിരോധത്തിലും പ്രതിവിധിയിലും വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുന്ന വ്യക്തികൾ.

രോഗനിർണയവും  ചികിത്സയും ഒരു കദനകഥയായ ബിഹാര്‍ പോലുള്ള ഇടങ്ങളിൽ  പ്രതിരോധത്തിന് ജീവന്റെ വിലയാണ്. അറിവ് പടർത്താൻ കിട്ടുന്ന ചില അവസരങ്ങൾ സമൂഹത്തെ ചികിൽസിക്കുന്ന ഒരു പബ്ലിക് ഹെൽത് ഫിസിഷ്യന് വിലമതിക്കാനാകാത്തതാണെന്ന് കുറിച്ചാണ് ഡോ. ഷിംന അസീസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

HPV: The Sexually Transmitted Virus That Can Cause Cancer