അമിതമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ 64കാരന്റെ വയറില്‍ നിന്ന് പുറത്തെടുത്തത് 52 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ്. തന്റ 12ാം വയസില്‍ അറിയാതെ വിഴുങ്ങിപ്പോയതാണ് ടൂത്ത്ബ്രഷ് എന്നാല്‍ മാതാപിതാക്കളോട് പറയാന്‍ പേടിയായിരുന്നതിനാല്‍ തന്നെ അത് സ്വയം അലിഞ്ഞുപോകുമെന്ന് കരുതിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കാലങ്ങളോളം ഇതുമായി ബദ്ധപ്പെട്ട പ്രശ്നങ്ങളും ലക്ഷണങ്ങളും ഇല്ലായിരുന്നു. എന്നാല്‍ ഈ അടുത്തിടെയായിരുന്നു അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെട്ടത്. ഇത് അസഹ്യമാകാന്‍ തുടങ്ങിയതോടെ ഡോക്ടറുടെ സഹായം തേടുകയായിരുന്നു. ചൈനയിലെ യാങ് എന്നുപേരുള്ള വ്യക്തിക്കാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്.
എന്നാല്‍ ഡോക്ടര്‍ കണ്ടെത്തിയത് 17 സെന്റീമിറ്റര്‍ നീളമുള്ള ഒരു ടൂത്ത്ബ്രഷ് അദ്ദേഹത്തിന്റെ ചെറുകുടലില്‍ തങ്ങിനില്‍ക്കുന്നതായിരിന്നു. ഏകദേശം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്ന എന്‍ഡോസ്കോപ്പിക് സര്‍ജറിയിലൂടെ ബ്രഷ് പുറത്തെടുത്തു. മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ നടത്തുന്ന ആദ്യത്തെ സര്‍ജറി ഇതാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കാലമിത്രയായിട്ടും ഇത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാഞ്ഞത് ഭാഗ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കാലങ്ങളായി ഇത്തരത്തിലൊരു വസ്തു ശരീരത്തിനുള്ളില്‍ക്കിടന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തേണ്ടതായിരുന്നു. ആന്തരിക കോശങ്ങള്‍ക്കും ചെറുകുടലിനും മാരകമായ കേടുപാടുകള്‍ വരുത്താനും സാധ്യതയുണ്ടായിരുന്നു. ബ്രഷ് കുടലിന്റെ ഒരു ഭാഗത്ത് അനങ്ങാന്‍ കഴിയാതെ കിടന്നതാണ് ഭാഗ്യമായതെന്നും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെയുള്ള ചര്‍ച്ചാവിഷയം അദ്ദേഹത്തിന് എങ്ങിനെ ടൂത്ത് ബ്രഷ് വിഴുങ്ങാന്‍ കഴിഞ്ഞു എന്നാണ്.
ചൈനയിൽ ഇതാദ്യമായല്ല രോഗിയുടെ ശരീരത്തിൽ ടൂത്ത് ബ്രഷ് കുടുങ്ങിക്കിടക്കുന്നതും അത് പുറത്തെടുക്കുന്നതും.2019-ൽ, 51 വയസുള്ള ലീ എന്ന സ്ത്രീ 20 വർഷം മുമ്പ് വിഴുങ്ങിയ 14 സെന്റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷാണ് ഇത്തരത്തില്‍ നീക്കം ചെയ്തതിരുന്നു. കഠിനമായ വയറുവേദന വന്നതോടയാണ് ലീയെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ശ്രമത്തിലാണ് ഈ ടൂത്ത് ബ്രഷ് വിഴുങ്ങിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.