TOPICS COVERED

ശരീരം കാണിക്കുന്ന ഓരോ ചെറിയ മാറ്റങ്ങൾക്ക് പിന്നിലും വ്യക്തമായ കാരണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഗുരുതരമായി ബാധിക്കാത്ത പല മാറ്റങ്ങളും ഭൂരിഭാഗം പേരും ഒഴിവാക്കാറാണ് പതിവ്. ഇങ്ങനെ ശ്രദ്ധിക്കാതെ വിട്ടുകളയുന്ന, അതേസമയം ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ശരീരത്തിലുണ്ടാകുന്ന വളരെ ചെറിയ മാറ്റങ്ങളും അവയുടെ കാരണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. 

പൊട്ടുന്ന നഖങ്ങൾ 

നഖങ്ങൾ നേർത്തതായി തോന്നുകയോ പൊട്ടിപ്പോകാൻ സാധ്യതയുള്ളതായോ തോന്നിയാൽ അത് ശരീരം തരുന്ന ഒരു റെഡ് ഫ്ലാഗ് ആണ്.  നഖങ്ങൾ ദുർബലമാകുന്നത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീനും ഇരുമ്പും കുറവാണെന്നാണ്. മുടിയും ചർമ്മവും പോലെ തന്നെ  നഖങ്ങളുടെ ആരോഗ്യത്തിനും പ്രോട്ടീൻ ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് നഖകോശങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നു. ഇതുമൂലമാണ് നഖങ്ങളുടെ ശക്തി കുറയുന്നത്.

കൺപോളകൾ തുടിക്കുന്നത്

വളരെ നിസാരമായി ആളുകൾ തള്ളിക്കളയുന്ന ഒരു ലക്ഷണമാണ് കൺപോളകളുടെ തുടിപ്പ്. മിക്കവരും ഇത് ക്ഷീണം മൂലമാണെന്നാണ് പറയാറുള്ളത്. എന്നാൽ കൺപോളകളിലെയോ മുഖത്തെയോ കാലിലേയോ പേശികളുടെ തുടിപ്പ് മഗ്നീഷ്യം കുറവിനെയാണ് സൂചിപ്പിക്കുന്നത്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രക്തത്തിലെ മഗ്നീഷ്യത്തിന്റെ കുറഞ്ഞ അളവായ ഹൈപ്പോമാഗ്നസീമിയ മുഖത്തെ പേശികൾ തുടിക്കുന്നതിനും കാലുകളിലെ സങ്കോചത്തിനും കാരണമാകും. കാരണം മഗ്നീഷ്യമാണ് പേശികളുടെ സങ്കോചങ്ങളെയും നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെയും നിയന്ത്രിക്കുന്നത്. 

കാലിലെ 'ക്ലിക്ക്' ശബ്ദം 

സന്ധികൾ ചലിപ്പിക്കുമ്പോൾ ക്ലിക്ക് ശബ്ദങ്ങളോ പൊട്ടുന്ന ശബ്ദങ്ങളോ കേൾക്കാറുണ്ടോ? ഇത് പ്രായമായതിന്റെ സൂചനയാണെന്ന് പലരും പറയാറുണ്ട്.  എന്നാൽ അത് മാത്രമല്ല ഇത് സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡി 3 അല്ലെങ്കിൽ കാൽസ്യം കുറവിന്റെ മുന്നറിയിപ്പ് സൂചനയാവാം ഈ ശബ്ദങ്ങൾ. അസ്ഥികളുടെ സാന്ദ്രതയും തരുണാസ്ഥിയുടെ ആരോഗ്യവും നിലനിർത്തുന്നതിന് ഈ പോഷകങ്ങൾ അത്യാവശ്യമാണ്. കാൽസ്യത്തിന്റെയും വിറ്റാമിൻ ഡി 3 യുടെയും അളവ് കുറയുമ്പോൾ, അസ്ഥികൂടവ്യവസ്ഥ ദുർബലമാവുകയും, ശബ്ദങ്ങൾ ഉണ്ടാകുകയും സന്ധികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ചെയ്യും.

അകാലനര 

ഇക്കാലത്ത് യുവാക്കൾ നേരിടുന്ന ഒരു ആശങ്കയാണ് അകാല നര. മുടി ഡൈ ചെയ്ത് നരകൾ ഒളിപ്പിക്കാൻ നോക്കുന്നതിന് മുൻപ് അതിന്റെ കാരണങ്ങൾ തേടേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അകാലനര വിറ്റാമിൻ ബി 12 ന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

വിറ്റാമിൻ ബി 12 ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും രോമകൂപങ്ങളിലെ ഓക്സിജൻ വിതരണത്തിനും നിർണായകമാണ്. കോപ്പറിന്റെ  കുറവും അകാല നരയ്ക്കും കാരണമാകാറുണ്ട്. കാരണം കോപ്പറാണ് മെലാനിൻ ഉൽപാദനത്തിനും മുടിക്ക് നിറം നൽകുന്നതിനും കാരണമാകുന്നത്. 

എളുപ്പത്തിൽ ഉണ്ടാകുന്ന ചതവ്

ചെറിയ പരിക്കുകൾ മൂലമോ അല്ലെങ്കിൽ ഒന്നും പറ്റാതെ തന്നെയോ ശരീരത്തിൽ ചതവുകൾ കാണുന്നുണ്ടെങ്കിൽ അത് വിറ്റാമിൻ സിയുടെ കുറവാണ് സൂചിപ്പിക്കുന്നത്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെ 1 ന്റെ കുറവിനെയും ഇത് സൂചിപ്പിക്കാം.

ശരീരം തരുന്ന ഇത്തരം ചെറിയ സിഗ്നലുകൾ അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ കൃത്യമായ സമയത്ത് രോഗങ്ങളെ ഒരു ഡോക്ടറുടെ സഹായത്തോടെ തിരിച്ചറിയുകയും ചികിത്സയെടുക്കുകയുമാണ് അഭികാമ്യം.

ENGLISH SUMMARY:

Brittle nails and premature graying are often signals of underlying health issues. Ignoring small changes in the body can lead to serious health problems, so it's important to recognize these signs and seek medical advice promptly.