ദിനംപ്രതി കോവിഡ്കേസുകള്‍ വര്‍ധിച്ചുവരികയാണ്. നിംബസ് എന്ന വകഭേദമാണ് ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ലക്ഷണങ്ങള്‍ സാധാരണ കോവിഡ് നിന്നും വ്യത്യസ്തമാണ്. ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് ഇപ്പോഴത്തെ വൈറസ്. പുതിയ കോവിഡ് വകഭേദം ഇതിനകം തന്നെ വലിയ രീതിയില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്.
തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്നത്പോലെയുള്ള കടുത്ത വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് റിപ്പോട്ടുകള്‍. NB.1.8.1 അല്ലെങ്കില്‍ നിംബസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ലക്ഷണങ്ങളായ പനി, ചുമ, ക്ഷീണം, ചുമ, പേശി വേദന എന്നിവയ്‌ക്കൊപ്പം സഹിക്കാന്‍ കഴിയാത്ത തൊണ്ടവേദനയും അനുഭവപ്പെടുന്നു.മുന്‍പ് പടര്‍ന്നുപിടിച്ച ഒമിക്രോണില്‍ നിന്ന് വ്യത്യസ്ഥമായി ചെറിയ പനിയാണെങ്കില്‍കൂടി ഗ്ലാസോ ബ്ലേഡോ കുത്തിയിറക്കുന്നത്പോലെയുള്ള വേദന അനുഭവപ്പെടുന്നു.
പെട്ടന്ന് അനുഭവപ്പെടുന്ന വിശപ്പില്ലായ്മയും പുതിയ വകഭേദത്തിന്റെ ലക്ഷണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടാതെ ചെവിയുടെ പുറംവശത്തുണ്ടൈകുന്ന വേദനയും താടിയെല്ലിന്റെ വേദനയും അനുഭവപ്പെടും. പനിയോടൊപ്പംതന്നെ മൂക്കടപ്പും ഉണ്ടാകുന്നു. ഇത് ആഴ്ചകളോളം നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
എന്നാല്‍ നിലവില്‍ ഈ വകഭേദം പേടിക്കേണ്ടതില്ലെന്നും ഗുരുതരാവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരുമായ ആളുകൾക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇ വര്‍ഷം ആദ്യം ചൈനയിലാണ് ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവില്‍ രാജ്യത്തെ രോഗവ്യാപനത്തിന് പിന്നിൽ ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും എന്നിരുന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറലര്‍ പറഞ്ഞു.