TOPICS COVERED

 "രക്തദാനം" എന്ന വാക്കിന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും, രക്തം ദാനമായി ലഭിക്കുന്നത് ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമാണെന്നും, അവർ അത് രോഗികൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയാണെന്നും ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്‌സ് അസ്സോസിയേഷൻ. രക്തദാന മേഖലയിലെ നിലവിലുള്ള അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, രക്തദാതാക്കളുടെ സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അസോസിയേഷൻ ഈ വിഷയങ്ങൾ ഉന്നയിച്ചത്.

ബ്ലഡ് ബാങ്കുകളുടെ പ്രവർത്തന സമയവും അവധികളും

ആംബുലൻസ് സർവീസുകൾ പോലെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കേണ്ട ബ്ലഡ് ബാങ്കുകൾ പലപ്പോഴും ഞായറാഴ്‌ചകളിലും പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കൂടാതെ, രക്തം സ്വീകരിക്കുന്ന സമയം രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയായി നിജപ്പെടുത്തുന്നതും ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും രക്തദാനത്തിന് തടസ്സമാകുന്നു. ബ്ലഡ് ബാങ്കുകൾക്ക് അവധികൾ നൽകാതെയും, രക്തം സ്വീകരിക്കുന്ന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണിവരെയാക്കിയും, രക്തദാതാക്കളോട് മനുഷ്യത്വപരമായി പെരുമാറണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്‌സ് അസ്സോസിയേഷൻ 2023 ഡിസംബർ 10-ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, 2025 മാർച്ച് 22-ന് അഡിഷണൽ ഡയറക്ടർ ഓഫ് മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ നൽകിയ മറുപടി തൃപ്തികരമല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് രക്തദാന സംഘടനകളെ നിലനിർത്താനോ പ്രോത്സാഹിപ്പിക്കാനോ അവരുടെ അഭിപ്രായങ്ങൾ കേൾക്കാനോ സർക്കാരോ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയോ ശ്രമിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.

രക്തം സ്വീകരിക്കുന്നതിലൂടെ പകരാൻ സാധ്യതയുള്ള എച്ച്.ഐ.വി., മലേറിയ തുടങ്ങിയ മാരക അസുഖങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ 195 ബ്ലഡ് ബാങ്കുകളിലും നാറ്റ് ടെസ്റ്റ് (NAT test) സംവിധാനം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കൂടാതെ, ജില്ലാ കളക്ടറുടെ കീഴിൽ രക്തദാന സേന രൂപീകരിക്കുകയും, എല്ലാ ടെസ്റ്റുകളും നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയവരെ മാത്രം ഈ സേനയിലൂടെ രക്തദാനം ചെയ്യാൻ അനുവദിക്കുകയും ചെയ്താൽ മാത്രമേ രോഗികൾക്ക് മാരകരോഗങ്ങൾ പകരാതിരിക്കൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

രക്തത്തിന്റെ വിലയും ലാഭക്കൊതിയും

സന്നദ്ധ രക്തദാതാക്കൾ ആശുപത്രികൾക്ക് സൗജന്യമായി നൽകുന്ന രക്തം മൂന്നോ നാലോ ഘടകങ്ങളാക്കി മൂന്നോ നാലോ രോഗികൾക്ക് നൽകുമ്പോൾ ഒരാളുടെ 450 മില്ലിലിറ്റർ രക്തത്തിൽ നിന്ന് 3000 രൂപ മുതൽ 15000 രൂപ വരെ ഈടാക്കുന്നുണ്ടെന്നും അസോസിയേഷൻ പറയുന്നു. ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് രക്തം ആവശ്യം വന്നാൽ ഏത് ബ്ലഡ് ബാങ്കിൽ നിന്നും രക്തം എടുക്കാം എന്നാണ് നിയമം. എന്നാൽ, ദാനമായി കിട്ടുന്ന രക്തത്തിൽ നിന്നുപോലും ലാഭം നേടാൻ വേണ്ടി മറ്റ് എൻ.ജി.ഒ. അല്ലെങ്കിൽ സർക്കാർ ബ്ലഡ് ബാങ്കുകളിലെ രക്തം സ്വീകരിക്കാൻ പല ആശുപത്രികളും അനുവദിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

നാല് ദിവസം മാത്രം ആയുസ്സുള്ള രക്തത്തിലെ ഘടകമായ പ്ലേറ്റ്‌ലെറ്റ് പല ബ്ലഡ് ബാങ്കുകളിലും കാലാവധി കഴിയാറായിരിക്കാറുണ്ട്. അത് പോലും എടുക്കാൻ അനുവദിക്കാത്ത സാഹചര്യങ്ങളുണ്ട്. ഒരു യൂണിറ്റ് പ്ലേറ്റ്‌ലെറ്റിന് അഞ്ച് പേരുടെ രക്തം ആവശ്യമാണ്. അഞ്ച് രക്തദാതാക്കളെ കണ്ടെത്തി രക്തം ശേഖരിച്ച്, പ്ലേറ്റ്‌ലെറ്റ് വേർതിരിച്ച് രോഗിക്ക് ലഭിക്കാൻ അഞ്ചോ ആറോ മണിക്കൂർ സമയമെടുക്കും. പ്ലേറ്റ്‌ലെറ്റ് ആവശ്യമുള്ള രോഗികൾ പലപ്പോഴും അതീവ ഗുരുതരാവസ്ഥയിലായിരിക്കും. ചെറിയ ലാഭത്തിന് വേണ്ടി ഇത്തരം സാഹചര്യങ്ങളിൽ ഒരു ജീവൻ വരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഭരിക്കുന്ന സർക്കാരുകൾ ഇത് ഗൗരവമായി കാണണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The All India Blood Donors Association has urged the Kerala government to address serious issues in the blood donation sector. In a statement released on World Blood Donor Day (June 14), the association criticized blood banks for not functioning on Sundays and public holidays, despite the urgent nature of their services. They demanded extended hours (9 AM to 7 PM), NAT testing in all 195 blood banks to prevent infections, and humane treatment of donors. The association also raised concerns over the commercial exploitation of blood donations and alleged hospitals often overcharge for blood components. They called for district-level donor squads under the collector's supervision and accused the government and AIDS Control Society of ignoring donor voices.