eye

TOPICS COVERED

സമൂഹത്തില്‍ സാധാരണയായി കാണപ്പെടുന്ന രോഗങ്ങളിലൊന്നാണ് അമിതരക്തസമ്മര്‍ദം അഥവാ ബിപി. രോഗലക്ഷണങ്ങള്‍ വളരെ വിരളമായി കാണിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനാലും 'നിശബ്ദ കൊലയാളി' എന്നും ഇതറിയപ്പെടുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ, കാഴ്ചശക്തിയെയും ഉയർന്ന രക്തസമ്മർദ്ദം പ്രതികൂലമായി ബാധിക്കാം. ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ക്രമേണ ഇത് അന്ധതയിലേക്ക് വരെ നയിച്ചേക്കാം.

ഇന്ത്യയില്‍ ജനസംഖ്യയുടെ ഏകദേശം 22.6 ശതമാനം ആളുകള്‍ക്ക് അമിതരക്തസമ്മര്‍ദമുള്ളതായാണ് കണക്കുകള്‍. ഇത് ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അമിതരക്തസമ്മര്‍ദം കണ്ണിലേക്ക് ‌‌രക്തമെത്തിക്കുന്ന രക്തക്കുഴലുകളെ ബാധിക്കുന്നു എന്നതാണ് പ്രധാനമായും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

കാഴ്ച മങ്ങല്‍

അമിതരക്തസമ്മര്‍ദം കണ്ണിലെ റെറ്റിനയിലെ അതിലോലമായ രക്തക്കുഴലുകളെ ബാധിച്ചേക്കാം. ഇത് ഹൈപ്പർടെൻസിവ് റെറ്റിനോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് കണ്ണിന് മങ്ങൽ, കറുത്ത പാടുകൾ, അല്ലെങ്കിൽ പ്രകാശത്തിന്റെ മിന്നലുകൾ പോലുള്ള കാഴ്ച തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും പതിവ് നേത്ര പരിശോധനകളില്‍ മാത്രമേ കണ്ടെത്താന്‍ കഴിയാറുള്ളൂ.

കണ്ണിന് സ്ട്രോക്ക്

രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നിരിക്കുമ്പോൾ, റെറ്റിനയിലെ സിരകളിൽ തടസ്സം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. പിന്നീട് ഇത് ഒരു കണ്ണിലെ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. സാധാരണയായി ഈ അവസ്ഥ ഐ സ്ട്രോക്ക് എന്നറിയപ്പെടുന്നു. എത്രയും പെട്ടന്ന് ചികില്‍സിച്ചില്ലെങ്കില്‍ ഇത് പിന്നീട് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

കണ്ണില്‍ നിന്ന് രക്തസ്രാവം

ഉയര്‍ന്ന രക്തസമ്മര്‍ദം പലപ്പോളും കണ്ണില്‍ നിന്ന് ആവര്‍ത്തിച്ചുള്ള രക്തസ്രാവത്തിന് കാരണമായേക്കാം. ഇത്തരത്തില്‍ കണ്ണിന്റെ റെറ്റിനയില്‍ നിന്നും ര്ക്തസ്രാവം ഉണ്ടായാല്‍ അത് പിന്നീട് വലിയ അപകടങ്ങളിലേക്ക് നയിക്കും.

ഗ്ലോക്കോമ

കണ്ണിലെ ഒപ്റ്റിക്കല്‍ നാഡിക്ക് കേടുപാടുവരുന്ന അവസ്ഥയാണിത്. പാരമ്പര്യമായും ഇത് വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി പ്രായമായവരിലാണ് കൂടുതവലായും കണ്ടുവരുന്നത്.

എങ്ങിനെ തടയാം?

പതിവായി നേത്രപരിശോധന നടത്തുന്നതും, ബിപി പരിശോധിക്കുന്നതും ഇത്തരം അവസ്ഥകളെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക, പുകവലി ഒഴിവാക്കുക, സ്ഥിരമായി വ്യയാമം ചെയ്യുക എന്നിവയും ഒരു പരിധിവരെ ഈ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് കുറയ്ക്കും.

ENGLISH SUMMARY:

One of the most common lifestyle diseases seen in society is high blood pressure, also known as hypertension. Since symptoms are often rare and the condition can silently progress to severe stages, it is also referred to as the “silent killer.”