എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയില്‍ ന്യൂറോമെലിയോയിഡോസിസ് എന്ന മാരകമായ തലച്ചോര്‍ അണുബാധ ബാധിച്ച് എട്ടുപേർ മരിച്ചു. ‘ദ് ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വെളിപ്പെടുത്തല്‍. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി പട്ടണത്തിലെ ദന്ത ക്ലിനിക്കാണ് അണുബാധയുടെ ഉറവിടമായി കരുതപ്പെടുന്നത്. 2023 ലാണ് അണുബാധ ഉണ്ടായത് എന്നാണ് പഠനത്തിലുള്ളത്. എന്നാല്‍ ഒരു സർക്കാർ ഏജൻസിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
വെല്ലൂർ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, ഐസിഎംആർ, എൻഐഇ, തമിഴ്‌നാട് ആരോഗ്യവകുപ്പ്, ലിവര്‍പൂള്‍ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് പഠനം നടത്തിയത്. ദന്ത ക്ലിനിക്കില്‍ വൃത്തിഹീനമായ സാഹചര്യമാണെന്ന് കണ്ടെത്തിയിരുന്നു. രോഗികള്‍ക്ക് വായ കഴുകാന്‍ നല്‍കിയിരുന്ന മലിനമായ സലൈന്‍ വാട്ടറില്‍ നിന്നാണ് രോഗബാധ ഉണ്ടായത്. രോഗമുണ്ടാക്കുന്ന ബർഖോൾഡേറിയ സ്യൂഡോമല്ലി ബാക്ടീരിയ വായില്‍ നിന്ന് തലച്ചോറിലേക്ക് അതിവേഗം എത്തുകയും മരണത്തിനിടയാക്കുകയും ചെയ്യുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഏയ്ഞ്ചല്‍ മിറാക്ലിന്‍ തിരുജ്ഞാനകുമാര്‍ പറഞ്ഞു.
വടക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ന്യൂറോമെലിയോയിഡോസിസ് ലക്ഷണങ്ങളുള്ള 21 പേരെ കണ്ടത്തി. അവരില്‍ 10 പേരും തിരുപ്പത്തൂര്‍ വാണിയമ്പാടിയിലെ ദന്തക്ലിനിക്കില്‍ ചികില്‍സ തേടിയവരായിരുന്നു. വിശദമായ പരിശോധനയില്‍ ന്യൂറോട്രോപ്പിസം എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന ജീനിന്‍റെ സാന്നിധ്യവും ഈ രോഗികളില്‍ കണ്ടെത്തി. ദന്ത ക്ലിനിക്കില്‍ നിന്ന് രോഗം ബാധിച്ച 8 പേരും ശരാശരി 17 ദിവസത്തിനുള്ളില്‍ മരിച്ചു. മറ്റ് ഉറവിടങ്ങളില്‍ നിന്ന് രോഗം ബാധിച്ച 11 പേരില്‍ ഒരാള്‍ 56 ദിവസം കഴിഞ്ഞാണ് മരിച്ചതെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 മെയ് 9 നാണ് ഒരുകൂട്ടം ന്യൂറോമെലിയോയിഡോസിസ് കേസുകള്‍ സിഎംസി റിപ്പോർട്ട് ചെയ്യുന്നത്, നാല് ദിവസത്തിന് ശേഷം, തമിഴ്‌നാട് ആരോഗ്യവകുപ്പ് യോഗം ചേരുകയും ക്ലസ്റ്ററിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജനങ്ങളുടെ പരാതി കണക്കിലെടുത്ത് ദന്ത ക്ലിനിക്ക് അടച്ചുപൂട്ടി. തുടര്‍ന്നുള്ള പരിശോധനയിലാണ് സലൈൻ കുപ്പിയിൽ നിന്നുള്ള സാമ്പിളിൽ ബാക്ടീരിയയെ കണ്ടെത്തിയത്. മരിച്ചവരുടെ ശരാശരി പ്രായം 33 വയസാണ്. തിരുപ്പത്തൂര്‍ ജില്ലയില്‍ മാത്രം 17 കേസുകള്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ അണുബാധ നിയന്ത്രണവിധേയമാണെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ടി.എസ്. സെൽവവിനായകം അറിയിച്ചത്.
ന്യൂറോമെലിയോയിഡോസിസ്
ബർഖോൾഡേറിയ സ്യൂഡോമല്ലി ബാക്ടീരിയ തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ന്യൂറോ മെലിയോയിഡോസിസ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലിനമായ മണ്ണിലും വെള്ളത്തിലുമാണ് ഈ ബാക്ടീരിയയെ കാണപ്പെടുന്നത്. പനി, തലവേദന, അവ്യക്തമായ സംസാരം, മങ്ങിയ കാഴ്ച എന്നിവയാണ് അണുബാധയുടെ ലക്ഷണങ്ങള്‍.
human brain, REUTERS/Yves Herman
ശ്വസനം വഴിയും വായിലൂടെയും കുത്തിവയ്പ്പുകളടക്കം തൊലിപ്പുറത്തെ മുറിവുകളിലൂടെയുമാണ് ബാക്ടീരിയ ഉള്ളിലെത്തുക. രോഗാണു ഉള്ള മണ്ണില്‍ നിന്നും മലിനമായ വെള്ളം, ആഹാരം എന്നിവ വഴിയും അണുബാധ ഉണ്ടാകാം. മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഉള്ളിലെത്തിയ ബാക്ടീരിയയുടെ അളവ്, അണുബാധയുണ്ടായ രീതി, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയെല്ലാം രോഗത്തിന്‍റെ മാരകസ്വഭാവത്തെ സ്വാധീനിക്കും.