കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം കേരളത്തെ ഞെട്ടിച്ചതോടെ കോസ്മറ്റിക് സര്‍ജറി വീണ്ടും ചര്‍ച്ചകളിലെത്തിയിരിക്കുകയാണ്. വ്യായാമം ചെയ്താല്‍ പോരേ, തടി കുറയ്ക്കാന്‍ ഇതൊക്കെ വേണോ? സൗന്ദര്യം കൂട്ടാന്‍ പോയിട്ടല്ലേ തുടങ്ങിയ കമന്റുകളുമായി ഈ ഗുരുതരസംഭവത്തെ നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരും ഏറെയുണ്ട്. അങ്ങനെ ലളിതമായി കാണാവുന്ന ഒന്നാണോ സൗന്ദര്യസംവര്‍ധക ശസ്ത്രക്രിയകള്‍ അഥവാ കോസ്മറ്റിക് സര്‍ജറി?
ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് കൂടുതല്‍ ഭംഗി നല്‍കാനായി മാറ്റം വരുത്തുന്ന ശസ്ത്രക്രിയകളാണ് കോസ്മറ്റിക് സര്‍ജറി വിഭാഗത്തില്‍ പെടുന്നത്. അതായത് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാനല്ലാതെ രൂപമാറ്റത്തിനായി നടത്തുന്ന ചികില്‍സയും സര്‍ജറിയുമാണ് കോസ്മറ്റിക് ചികില്‍സ. മുന്‍പൊക്കെ സെലിബ്രിറ്റികള്‍ മാത്രമാണ് കോസ്മറ്റിക് സര്‍ജറിയെ ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് സാധാരണക്കാര്‍ക്കിടയിലും സൗന്ദര്യചികില്‍സയും സര്‍ജറിയുമെല്ലാം വ്യാപകമാണ്.
മൂക്കിനും ചുണ്ടിനും പല്ലിനും മുഖത്തിനും ഭംഗി നല്‍കുന്ന രൂപമാറ്റ ശസ്ത്രക്രിയകള്‍ പണ്ടു മുതലേ വ്യാപകമാണെങ്കിലും ഇപ്പോള്‍ അമിത വണ്ണം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുമെല്ലാം കോസ്മറ്റിക് സര്‍ജറിയെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും ഉയരുകയാണ്. സുരക്ഷിതമായ സൗഹചര്യത്തില്‍ അതിവിദഗ്ധരായ ഡോക്ടര്‍മാര്‍ നിര്‍വഹിക്കുമ്പോള്‍ കോസ്മറ്റിക് ചികില്‍സ സുരക്ഷിതമാണെങ്കിലും അപൂര്‍വമായെങ്കിലും അപകടത്തില്‍ കലാശിച്ച കേസുകളും ഒട്ടേറെയുണ്ട്. സെലിബ്രിറ്റികളില്‍ പോലും കോസ്മറ്റിക് ചികില്‍സ പാളിയ സാഹചര്യവും നമ്മള്‍ കണ്ടിട്ടുണ്ട്.
സര്‍ജറിയിലെ റിസ്ക് മാത്രമാണോ പ്രശ്നം? അല്ല എന്നാണുത്തരം. കാരണം ഏതു പ്രൊസീജറിനും അതിന്റേതായ അപകടസാധ്യതയും പ്രശ്നവും ഉണ്ട്. എന്നാല്‍ കോസ്മറ്റിക് സര്‍ജറികളില്‍ മാത്രം അപകടത്തിനിരയാകുന്നവര്‍ സമൂഹത്തിന്റെ ക്രൂരമായ വിധിപ്രഖ്യാപനങ്ങളും കമന്റുകളും കേള്‍ക്കേണ്ടി വരാറുണ്ട്. നേരിട്ട് അപകടമൊന്നുമുണ്ടായില്ലെങ്കില്‍ പോലും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണവും തുടര്‍ചികില്‍സയുമൊക്കെ വെല്ലുവിളിയാണെങ്കിലും എന്തുകൊണ്ടാണ് മനുഷ്യര്‍ കോസ്മറ്റിക് ചികില്‍സ തേടാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്? അതിനുത്തരം പറയേണ്ടത് സമൂഹമാണ്.
കോസ്മറ്റിക് സര്‍ജറിയിലൂടെ രൂപത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിച്ചോട്ടെ എന്നു സമൂഹത്തിനു പറഞ്ഞൊഴിയാന്‍ കഴിയില്ല. കാരണം പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹം ചെലുത്തുന്ന സമ്മര്‍ദമാണ് വ്യക്തികളെ കോസ്മറ്റിക് ചികില്‍സ തേടാന്‍ പ്രേരിപ്പിക്കുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള വികലമായ സങ്കല്‍പമാണ് അടിസ്ഥാന കാരണം. ഓരോ മനുഷ്യന്റെയും രൂപം വ്യത്യസ്തമാണെന്നും ഓരോരുത്തര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ടെന്നും ഉള്‍ക്കൊള്ളാതെ ചില പ്രത്യേക രൂപഭാവങ്ങളെ മാത്രം ആഘോഷിക്കുന്ന സാമൂഹ്യസമ്മര്‍ദം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല.
കവികളും എഴുത്തുകാരുമൊക്കെ എഴുതിപ്പൊലിപ്പിച്ച് മനുഷ്യരുടെ മനസില്‍ കയറിക്കൂടിയ സൗന്ദര്യസങ്കല്‍പങ്ങള്‍ ഇന്നും മനസിലേറ്റി നടക്കുന്നവരെല്ലാം ചേര്‍ന്നാണ് സൗന്ദര്യസംവര്‍ധക ചികില്‍സ തേടാന്‍ വ്യക്തികളെ തള്ളിവിടുന്നത്. ചന്ദനത്തിന്‍ നിറവും താമരയിതള്‍ പോലുള്ള കണ്ണുകളും തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകളും ഒതുങ്ങിയ അരക്കെട്ടും പനങ്കുല പോലത്തെ മുടിയും ഇല്ലെങ്കില്‍ എന്തോ പ്രശ്നമുണ്ട് എന്ന മട്ടിലാണ് സമൂഹം മനുഷ്യരെ പ്രത്യേകിച്ച് സ്ത്രീകളെ നേരിടുന്നത്. അതായത് പുരുഷന് കാണാനിഷ്ടമുള്ള തരത്തിലാകണം സ്ത്രീയുടെ രൂപം എന്നാണ് അടിസ്ഥാന സങ്കല്‍പം. കാലം മുന്നോട്ടു പോകുമ്പോള്‍ സ്ത്രീകള്‍ പുരുഷാധിപത്യസങ്കല്‍പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഈ സൗന്ദര്യസങ്കല്‍പങ്ങളെ ചോദ്യം ചെയ്യുമ്പോഴും ഇപ്പോഴും അതില്‍ കുടുങ്ങിപ്പോകുന്നവരുമുണ്ട്.
അതുകൊണ്ടാണ് ചര്‍മത്തിന്റെ നിറവും ഗുണവും പ്രത്യേക മാനദണ്ഡത്തിലെത്തിക്കാമെന്ന വാഗ്ദാനവും സൗന്ദര്യസംവര്‍ധക ഉല്‍പന്നങ്ങളും ചികില്‍സകളും ഇപ്പോഴും അരങ്ങു വാഴുന്നത്. സൗന്ദര്യസംവര്‍ധക ശസ്ത്രക്രിയകളുടെ വ്യാപനം സമൂഹത്തില്‍ പല തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്.
*ഒരു വ്യക്തിയുടെ മറ്റെല്ലാ ഗുണങ്ങളും അവഗണിച്ച് ശാരീരിക രൂപമാണ് ഏറ്റവും പ്രധാനമെന്ന രീതിയുണ്ടാക്കും
* രൂപഭംഗിയിലെ സങ്കുചിതസങ്കല്‍പമാണ് ശരിയെന്ന് സ്ഥാപിക്കും
* യാഥാര്‍ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കല്‍പങ്ങളുടെ സമ്മര്‍ദം സ്വാഭാവികമായ ആത്മവിശ്വാസം തകര്‍ക്കും. ദൈനം ജീവിതത്തിലും പെരുമാറ്റത്തിലും അപകര്‍ഷതാബോധമുണ്ടാക്കും
*സ്വന്തം രൂപത്തില്‍ അതൃപ്തിയും വെറുപ്പും രൂപപ്പെടും, നിരന്തരമായ ഉല്‍ക്കണ്ഠയും വിഷാദരോഗവുമുണ്ടാക്കും.
* വന്‍ചെലവുള്ള സൗന്ദര്യസംവര്‍ധക ചികില്‍സകള്‍ സാമ്പത്തികപ്രശ്നങ്ങളുമുണ്ടാക്കും, സാമൂഹ്യ അസന്തുലിതാവസ്ഥ പ്രതിഫലിക്കും
* സമൂഹത്തിന്റെ കളിയാക്കലുകള്‍, വിധിയെഴുത്തുകള്‍ ഒക്കെ വ്യക്തികളില്‍ സമ്മര്‍ദമുണ്ടാക്കും. ഇപ്പോള്‍ ഇതിനൊക്കെ ചികില്‍സയുണ്ടല്ലോ, നോക്കിക്കൂടേ എന്ന ഉപദേശം ചികില്‍സയിലേക്കു തള്ളിവിടുന്നവരുമുണ്ട്.
സൗന്ദര്യസംവര്‍ധക ചികില്‍സകള്‍ തെറ്റാണെന്നോ മോശമാണെന്നോ ഒന്നും ഇതിനര്‍ഥമില്ല. സുരക്ഷിത കേന്ദ്രങ്ങളില്‍ നല്ല വൈദഗ്ധ്യമുണ്ടെന്നുറപ്പുള്ള ഡോക്ടര്‍മാരില്‍ നിന്ന് അവശ്യം വേണ്ട മാറ്റങ്ങള്‍ക്കായുള്ള ചികില്‍സകള്‍ സ്വീകരിക്കാം. അമിത വണ്ണം പോലുള്ള അവസ്ഥകള്‍ ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാം. പക്ഷേ അമിത വണ്ണവും ശരീരത്തിലെ കൊഴുപ്പുമൊക്കെ സൗന്ദര്യപ്രശ്നങ്ങളായല്ല ആരോഗ്യപ്രശ്നമായി കണ്ടാണ് സമീപിക്കേണ്ടതെന്നാണ് ആധുനിക വൈദ്യശാസ്ത്ര രീതി.
ഉദാഹരണത്തിന് പ്രശസ്ത ബോളിവുഡ് താരം വിദ്യബാലന്‍ ശരീരഭാരം കുറച്ചതിനെക്കുറിച്ച് അടുത്തിടെ നടത്തിയ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. വണ്ണം കുറയ്ക്കാന്‍ അറിയാവുന്ന എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷം ചെന്നൈയിലെ അമുറ എന്ന സംരംഭത്തില്‍ എത്തിപ്പെട്ടതിനെക്കുറിച്ചാണ് വിദ്യ വിശദീകരിച്ചത്. ശരീരത്തിന്റെ സ്വഭാവം മനസിലാക്കിയുള്ള രക്തപരിശോധനകള്‍, അടിസ്ഥാനമൂലകങ്ങളുടെ അഭാവം, ഹോര്‍മോണ്‍ ശൃംഖലയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ പരിശോധിച്ചാണ് വിദ്യയുടെ ഡയറ്റ് തീരുമാനിക്കപ്പെട്ടത്. വളരെ ക്രമാനുഗതമായി വിദ്യയുടെ ശരീരഭാരം കുറഞ്ഞ് നിശ്ചിതപരിധിക്കുള്ളിലായി.
പിന്നീട് നടി ജ്യോതികയും ഇതേ മാര്‍ഗത്തിലൂടെ വണ്ണം കുറച്ചതിന്റെ ആരോഗ്യഗുണങ്ങള്‍ വെളിപ്പെടുത്തിയുരന്നു. വ്യക്തികളില്‍ പ്രത്യേകിച്ചും സ്ത്രീകളുടെ ശരീരത്തില്‍ കൊഴുപ്പടിയുന്നതിന്റെയും അമിത വണ്ണമെത്തുന്നതിന്റെയും കാരണങ്ങള്‍ പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനമാണ് എന്ന ശാസ്ത്രീയസമീപനമാണ് ആവശ്യം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങിയ അവസ്ഥകള്‍ സ്ത്രീശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ തീരുമാനിക്കുന്ന ഘടകമാണ്. അത് മനസിലാക്കി, അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടുള്ള ആരോഗ്യകരമായ ശരീരഭാരനിയന്ത്രണമാണ് അഭികാമ്യം. അതു മാത്രമാണ് സുദീര്‍ഘമായ ഫലം നല്‍കുന്നതും. സൗന്ദര്യസംവര്‍ധക ശസ്ത്രക്രിയകളൊന്നും അത്തരത്തില്‍ ശാശ്വതപരിഹാരം ഉറപ്പു നല്‍കുന്നില്ല.
ഇതിനേക്കാളേറെ സ്വന്തം രൂപത്തെ സത്യസന്ധമായി സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സ്വന്തം രൂപത്തില്‍ അഭിമാനിക്കുക, മറ്റുള്ളവരുടെ വിധിയെഴുത്തുകള്‍ ഗൗനിക്കാതിരിക്കുക. സമൂഹത്തിന്റെ പൊതുസൗന്ദര്യസങ്കല്‍പങ്ങള്‍ക്കനുസരിച്ചു മാറാന്‍ പാടു പെടാതിരിക്കുക. പകരം സ്വന്തം വ്യക്തിത്വത്തിന്റെ കരുത്തിലും വളര്‍ച്ചയിലും ഊന്നുക. മറ്റുള്ളളര്‍ കാണാനിഷ്ടപ്പെടുന്ന രൂപമല്ല, വ്യക്തിത്വമുള്ള, ആത്മാഭിമാനബോധമുള്ള സ്വത്വം ആര്‍ജിച്ചെടുക്കാന്‍ സ്വയം വളരുക. മാനസികമായ കരുത്തിലും ശാരീരികമായ ആരോഗ്യത്തിലും ശ്രദ്ധിക്കുക. ഒരു പരിഹാസത്തിനും ഒരു സൗന്ദര്യസംവര്‍ധക പരസ്യത്തിനും നിങ്ങളെ ഇളക്കാനാകില്ല.