ഇന്ന് വളരെ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് നോ ഷുഗര്‍ ഡയറ്റ്. പഞ്ചസാര ഉപേക്ഷിക്കുന്നത് വഴി ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. പഞ്ചസാര അമിതമായി കഴിക്കുമ്പോൾ, ശരീരഭാരം വർധിപ്പിക്കൽ, ഊർജ്ജക്കുറവ്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയ്ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ പഞ്ചസാര കഴിക്കുന്നത് നിർത്തുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യുമ്പോൾ, ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും തുടങ്ങും.
പഞ്ചസാര ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യ കുറച്ച് ദിവസങ്ങളില്‍ കഴിക്കാനുള്ള ആഗ്രഹവും വര്‍ധിക്കും. അതായത് മധുരപലഹാരങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവ കഴിക്കാനുള്ള തോന്നല്‍ കൂടും. എന്നാല്‍ ജലാംശം നിലനിർത്തുന്നതും നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വഴി ആസക്തിയെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ പഞ്ചസാരയുടെ ഉപയോഗം പെട്ടന്ന് കുറയ്ക്കുന്നത് ക്ഷോഭം, നിരാശ പോലുള്ള മാനസികാവസ്ഥകള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്ക് മാത്രമാണ് .ക്രമേണ ഇത് മാറി യഥാര്‍ഥ അവസ്ഥയിലേക്കെത്തും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ കാരണം ക്ഷീണമോ തലവേദനയോ അനുഭവപ്പെടാം. ഇതും താല്‍ക്കാലികമായ അവസ്ഥയാണ് . വിശ്രമം, ഹെർബൽ ടീ, സമീകൃതാഹാരം എന്നിവയിലൂടെ ഇത് ലഘൂകരിക്കാനാകും.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് വഴി സുഗമമായ ഉറക്കം ലഭിക്കാനും സഹായകമാകും. ഏറ്റവും പ്രകടമായി കാണുന്ന മാറ്റങ്ങളിലൊന്നാണ് ശരീരഭാരം കുറയല്‍. കൂടാതെ ദഹനവ്യവസ്ഥ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും തുടങ്ങും. പഞ്ചസാര ഉപേക്ഷിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചര്‍മ്മത്തിലും പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാലക്രമേണ, പഞ്ചസാര കുറയ്ക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ ഈ ഡയറ്റ് ഡോക്ടറെ കണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കിയശേഷം തുടങ്ങുകയായിരിക്കും ഉചിതം. മാത്രമല്ല എല്ലാവരിലും ഇത് ഒരുപോലെ പ്രവര്‍ത്തിക്കണമെന്നുമില്ല.