രാത്രി ലൈറ്റിട്ട് ഉറങ്ങുന്നവരാണോ നിങ്ങള്‍. എങ്കില്‍ ജാഗ്രതവേണം..വെട്ടത്തുറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനമനുസരിച്ച് രാത്രിയിലെ വെളിച്ചവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെത്രേ..വളരെ ചെറിയ വെളിച്ചം പോലും ഹൃദയാരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിച്ചേക്കാം എന്നും പഠനത്തില്‍ പറയുന്നു.
രാത്രിയിലെ കൃത്രിമ വെളിച്ചം തലച്ചോറിലെ സമ്മർദ്ദം (Brain stress) വർധിപ്പിക്കുകയും രക്തക്കുഴലുകളിൽ വീക്കം (Inflammation) ഉണ്ടാക്കുകയും അതുവഴി ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്ന് ഗവേഷകർ പഠനത്തില്‍ കണ്ടെത്തി.നൂതനമായ ബ്രെയിൻ ഇമേജിംഗ് സാങ്കേതികവിദ്യകളും സാറ്റലൈറ്റ് വിവരങ്ങളും ഉപയോഗിച്ചാണ് പഠനം നടത്തിയത്.
പരിസ്ഥിതി മലിനീകരണം പലപ്പോഴും ശരീരത്തിലെ ഞരമ്പുകളെയും രക്തക്കുഴലുകളെയും സമ്മര്‍ദത്തിലാക്കി ഹൃദ്രോഗത്തിന് കാരണക്കുന്നു എന്ന് പലപഠനങ്ങളും പറയുന്നണ്ട് . എന്നാല്‍ പ്രകാശത്തിന്ഹൃദയാരോഗ്യത്തെ സ്വാധീനക്കാനാവുമോ എന്ന കാര്യം ഇതുവരെ പഠനവിധേയമാക്കിയിരുന്നില്ല. ഇത് അടിയന്തര ശ്രദ്ധയാകര്‍ഷിക്കേണ്ട വിഷയമാണെന്നും മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ കാർഡിയാക് ഇമേജിംഗ് വിഭാഗം തലവനും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഇൻസ്ട്രക്ടറുമായ ഡോ. ഷാഡി അബോഹാഷെം പറയുന്നു.
ശരാശരി 55 വയസ്സ് പ്രായമുള്ള നല്ല ആരോഗ്യമുള്ള 466 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 2005 മുതൽ 2018 വരെയുള്ള കാലയളവില്‍ ഇവരെ നിരീക്ഷിച്ചു. പഠനത്തിലൂടെ രാത്രി ഉറങ്ങുന്ന സമയത്ത് ഇവരുടെ മുറിയിലുണ്ടാകുന്ന വെളിച്ചത്തിന്‍റെ അളവും അവരുടെ ഹൃദയാരോഗ്യവും താരതമ്യം ചെയ്തു. പഠനകാലയളവില്‍ 17% പേർക്ക് കാര്യമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. രാത്രിയിൽ കൂടുതൽ വെളിച്ചമുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരിൽ തലച്ചോറിലെ സമ്മർദ്ദവും ധമനികളിലെ വീക്കവും കൂടുതലായി കണ്ടെത്തി. മുറിയിലെ വെളിച്ചത്തിന്‍റെ അളവ് കൂടുന്നതിനനുസരിച്ച്, 5 വർഷത്തിനുള്ളിൽ ഹൃദ്രോഗ സാധ്യതയിൽ 35% വർദ്ധനയും, 10 വർഷത്തിനുള്ളിൽ 22% വർദ്ധനയും രേഖപ്പെടുത്തി.
രാത്രിയിലെ വെളിച്ചം ഏറുന്നതിനനുരിച്ച് ഹൃദ്രോഗ സാധ്യതയും ഏറുന്നുവെന്നും മുറിയിലെ മങ്ങിയ പ്രകാശം പോലും മസ്തിഷ്കത്തിലെയും ധമനികളിലെയും സ്ട്രെസ് റെസ്പോണ്‍സമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡോ. ഷാഡി അബോഹാഷെം പറയുന്നു. തലച്ചോറ് സമ്മർദം തിരിച്ചറിയുമ്പോൾ, അത് ശരീരത്തിൽ ഒരു പ്രതിരോധ പ്രവർത്തനം (Immune response) ആരംഭിക്കുന്നു. ഇത് രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുകയും കാലക്രമേണ 'അതെറോസ്ക്ലറോസിസ്' (ധമനികൾ കട്ടിപിടിക്കുന്ന അവസ്ഥ) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു.
പ്രകാശ മലിനീകരണം കൂടുതലുള്ള തിരക്കേറിയ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് കൂടുതല്‍ അപകട സാധ്യത നേരിടുന്നത് എന്നും പഠനത്തില്‍ കണ്ടെത്തി.
രാത്രിയിലെ വെളിച്ചം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:
കിടപ്പുമുറി ഇരുട്ടാക്കുക: ഉറങ്ങുമ്പോൾ മുറിയിൽ പരമാവധി ഇരുട്ട് ഉറപ്പാക്കുക.
ഉറങ്ങുന്നതിന് മുൻപ് ഫോൺ, ടാബ്‌ലെറ്റ്, ടിവി എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പുറത്തുനിന്നുള്ള വെളിച്ചം തടയാൻ കർട്ടനുകൾ ഉപയോഗിക്കുക.
വെളിച്ചത്തില്‍ നിന്നും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാനായി (Sleep mask) ധരിക്കുക.
പുറത്തെ വെളിച്ചം നിയന്ത്രിക്കുക: വീടിന് ചുറ്റുമുള്ള അനാവശ്യ ലൈറ്റുകൾ ഓഫ് ചെയ്യുക.
ആവശ്യമെങ്കിൽ മാത്രം തെളിയുന്ന 'മോഷൻ സെൻസർ ലൈറ്റുകൾ' ഉപയോഗിക്കുക.
രാത്രിയിലെ അമിത വെളിച്ചം ഹൃദയത്തെ മാത്രമല്ല ബാധിക്കുന്നത്. രാത്രിയിലെ ലൈറ്റുകൾ അൽഷിമേഴ്സ് രോഗസാധ്യത വർദ്ധിപ്പിക്കുന്നതായി നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ കൃത്രിമ വെളിച്ചം ശരീരത്തിന്‍റെ ജൈവഘടികാരത്തെ (Circadian rhythm) താളംതെറ്റിക്കുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുന്നതിനും കാരണമാകുന്നു.
പ്രായമായവരിൽ മദ്യപാനം, വിഷാദം, അമിതവണ്ണം എന്നിവയേക്കാൾ അൽഷിമേഴ്സ് സാധ്യത വർദ്ധിപ്പിക്കുന്നത് പ്രകാശ മലിനീകരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.