കണ്ണട ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു സ്റ്റൈൽ സിംബലിനപ്പുറം കാഴ്ച പരിമിതി അനുഭവിക്കുന്നവരാണ് കണ്ണട കൂടുതലായും ഉപയോഗിക്കുന്നത്. അതിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാൻ ആകാത്ത ഷോർട്ട് സൈറ്റ് അഥവാ മയോപ്പിയ ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത അളവിൽ വര്‍ധിക്കുകയാണ്. വിദഗ്ധർ ഇതിനെ മയോപ്പിയ പാന്‍റമിക് എന്നുപോലും വിളിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതശൈലി കണ്ണിന്‍റെ ഘടനയിൽ അടക്കം ഉണ്ടാക്കുന്ന മാറ്റവും, അത് പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നതും എങ്ങനെ.
ദൂരക്കാഴ്ചയ്ക്ക് കണ്ണടകളെ ആശ്രയിക്കേണ്ടി വരുന്ന ഷോട്ട് സൈറ്റ് കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിൽ അതിവേഗം കൂടുകയാണ്. ഇന്ത്യയിൽ അടുത്തിടെ നടത്തിയ ടൈം ട്രന്‍ഡ്സ് പഠനപ്രകാരം 5 നും 15നും ഇടയിൽ പ്രായമുള്ളവരിൽ ഷോട്ട് സൈറ്റസ് വ്യാപകമായി കണ്ടുവരുന്നു. 1999 ൽ 4 .44 ശതമാനമായിരുന്ന മയോപ്പിയ 2019 ൽ 21.15 ശതമാനമായി ഉയർന്നു. 2030 ഓടെ 31 ശതമാനം ആളുകൾക്കും മയോപ്പിയ ബാധിക്കുമെന്നാണ് പഠനം. കോവിഡ് മഹാമാരിയും മയോപ്പിയ അതിവേഗം ഉയരുന്നതിന് കാരണമായി.
എന്താണ് മയോപ്പിയ
കൂടുതൽ ആളുകളും ജനിക്കുമ്പോൾ തന്നെ കൃഷ്ണമണിയുടെ ആകൃതി കൃത്യമായി ഉരുണ്ടതായിരിക്കില്ല. പ്രകാശം കടന്നുവന്ന് റെറ്റിനയിൽ തട്ടുന്ന, മുൻപിൽ നിന്നും പിന്നിലേക്ക് അകലം കുറവായിരിക്കും. അതിനാൽ തന്നെ ദൂരെയുള്ള കാഴ്ചകൾ വ്യക്തമായും അടുത്തുള്ളവ അവ്യക്തമായമാകും കാണുക. പിന്നീട് കുട്ടികൾ വളരുന്നത് അനുസരിച്ച് കൃഷ്ണമണിയും വളരുകയും ഒരു ഗോളാകൃതയിലേക്ക് എത്തുകയും ചെയ്യും. അപ്പോഴാണ് പ്രകാശം കൃത്യമായി റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യപ്പെടുകയും നമുക്ക് വ്യക്തമായി എല്ലാ കാഴ്ചകളും കാണാൻ ആവുകയും ചെയ്യുക. എന്നാൽ ചിലപ്പോൾ കണ്ണ് ആവശ്യമായതിലും കൂടുതൽ വളരും. മുൻപിൽ നിന്നും പിന്നിലേക്കുള്ള അകലം വർദ്ധിക്കും. ഇതോടെ പ്രകാശം റെറ്റിനക്ക് മുൻപിൽ ആയിട്ടാകും ഫോക്കസ് ചെയ്യപ്പെടുക. അതിനാൽ തന്നെ അടുത്തുള്ളവ വ്യക്തമായും ദൂരെയുള്ളവ അവ്യക്തമായും കാണും. അതായത് കൃഷ്ണമണിയുടെ വളർച്ച കൂടി പോയവർക്കാണ് മയോപ്പിയ ബാധിക്കുന്നത്. ഒരിക്കൽ മയോപ്പിയ ബാധിച്ചാൽ പിന്നീട് അത് തിരുത്താൻ ആകില്ല. ജീവിതകാലം മുഴുവൻ മയോപ്പിയ കൂടെയുണ്ടാകും. ഷോർട്ട് സൈറ്റ്നസ് അഞ്ചിൽ കൂടുതലായവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ചെയ്യും.
എങ്ങനെയാണ് മയോപ്പിയ ബാധിക്കുക
കൃഷ്ണമണി അതിവേഗം വളരുന്ന കൗമാരക്കാലത്ത് എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മയോപ്പിയ ബാധ. ഈ കാലഘട്ടത്തിലാണ് മയോപ്പിയ ഉണ്ടാവുകയും അത് സ്ഥായിയായി നിലനില്‍ക്കുയും ചെയ്യുന്നത്. രണ്ട് കാര്യങ്ങളാണ് മയോപ്പിയ ബാധയ്ക്ക് കാരണമാവുക. ഒന്ന് നിയർ വർക്ക്, രണ്ട് ടൈം ഇൻഡോർ. നിയർ വർക്ക് എന്നാൽ കണ്ണ് അടുത്തുള്ള കാര്യങ്ങൾ എത്രത്തോളം കാണുന്നു എന്നതാണ്. കുട്ടിക്കാലത്ത് കണ്ണ് ദൂരക്കാഴ്ചയായിരിക്കും കൂടുതലായും വ്യക്തമായി കാണുക. എന്നാൽ ഈ കാലഘട്ടത്തിൽ മൊബൈൽ ഫോൺ പുസ്തകങ്ങൾ തുടങ്ങി അടുത്തുള്ള വസ്തുക്കളിൽ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശ്നമായേക്കും. അടുത്തുള്ള കാഴ്ചകൾ കാണാനായി കണ്ണ് വേഗത്തിൽ വളരാൻ ശ്രമിക്കുന്നതാണ് പ്രശ്നത്തിന് കാരണം.
ഏറ്റവും പ്രധാനപ്പെട്ടത് ടൈം ഇൻഡോർ എന്ന രണ്ടാമത്തെ ഘടകമാണ്. കണ്ണിലേക്ക് കൂടുതൽ പ്രകാശം വരുമ്പോൾ റെറ്റിനയിലെ ഡോപ്പമിൻ ഉൽപാദനം ക്രമീകരിക്കപ്പെടും. ഈ ന്യൂറോ ട്രാൻസ്മിറ്റർ കണ്ണിന്‍റെ വളർച്ച കൃത്യമായി നിയന്ത്രിക്കും. ഡോപ്പമിൻ ഇല്ലാതെ വളർച്ച എപ്പോൾ നിർത്തണമെന്ന് കണ്ണിന് മനസ്സിലാകില്ല. അതിനാൽ തന്നെ കണ്ണിലേക്ക് നല്ല രീതിയിൽ പ്രകാശം ലഭിക്കണം.
പകൽ സൂര്യനിൽ നിന്നും ഒരുലക്ഷം ലക്സിനടുത്ത് പ്രകാശമാണ് ഭൂമിയിൽ ഉണ്ടാവുക. എന്നാൽ ഇത് ഒരു മുറിക്കുള്ളിലേക്ക് വരുമ്പോൾ 200 മുതൽ 300 ലക്സ് മാത്രമാകും. അതിനാൽ തന്നെ പുറത്തിറങ്ങി സൂര്യപ്രകാശം കൊണ്ടാലേ കണ്ണ് കൃത്യമായി വളരുകയുള്ളൂ. ഇന്നത്തെ കുട്ടികൾ സ്കൂളിലും വീട്ടിലുമായി മുറികൾക്കുള്ളിൽ മാത്രമാണ് ജീവിക്കുന്നത്. പുറത്തിറങ്ങാത്തതിനാൽ അത് കണ്ണിന്‍റെ വളർച്ചയെ ബാധിക്കുകയും മയോപ്പിയക്ക് കാരണമാവുകയും ചെയ്യും.
മയോപ്പിയയെ ഒരു നേത്ര വൈകല്യത്തിനപ്പുറം പകർച്ചവ്യാധിയായി കാണുന്ന രാജ്യമാണ് സിംഗപ്പൂർ. മയോപ്പിയക് എപ്പിഡെമിക്ക് റിസർച്ച് വലിയ തുകയാണ് സർക്കാർ ചെലവഴിച്ചത്. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ 2010 ൽ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ വരെ സർക്കാർ മാറ്റങ്ങൾ കൊണ്ടുവന്നു. എല്ലാദിവസവും രണ്ടു മണിക്കൂർ വീതം കുട്ടികളെ ക്ലാസ് മുറിക്ക് പുറത്ത് ഇറക്കണമെന്നത് നിർബന്ധമാക്കി. എല്ലാവർഷവും സ്കൂളുകളിൽ നേത്ര പരിശോധന നടത്തുന്നുണ്ട്. ഇതോടെ 40 വർഷമായി രാജ്യത്ത് കുതിച്ചുയർന്നിരുന്ന മയോപ്പിയ ബാധ നിയന്ത്രിക്കാൻ ആയിട്ടുണ്ട്.
നമ്മുടെ രാജ്യത്തും സർക്കാരുകൾ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരിക്കാതെ അടുത്ത തലമുറയ്ക്ക് വ്യക്തതയുള്ള കാഴ്ച പകരാൻ കുട്ടികളെ ദിവസേന ഒരു മണിക്കൂറെങ്കിലും മുറികൾക്ക് പുറത്തിറക്കാൻ രക്ഷിതാക്കൾ തയ്യാറാവണം. സ്കൂളുകൾ മുൻകൈയെടുക്കണം. അല്ലെങ്കിൽ അടുത്ത 40 വർഷത്തിനുള്ളിൽ രാജ്യത്ത് കണ്ണാടി വെക്കാതെ ജീവിക്കുന്നവർ വിരളമായി മാറും.