26-cases-of-guillain-barre-syndrome-identified-in-pune-what-are-the-symptoms-and-causes

TOPICS COVERED

പുണെയില്‍ ആശങ്ക പടര്‍ത്തി ഗില്ലന്‍ ബാരി സിന്‍ഡ്രം (GBS) വര്‍ധിക്കുന്നു.ഒരാഴ്ചയ്ക്കിടെ  നഗരത്തിലെ വിവിധ ആശുപത്രികളിലായി ഇതിനോടകം 26 പേരാണ് ചികിത്സ തേടിയത്.കുട്ടികളിലും മുതിര്‍ന്നവരിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ അധികവും സിന്‍ഗഡ് റോഡ്, ധയാരി എന്നീ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രം??

ഗില്ലന്‍ ബാരി സിന്‍ഡ്രോം ഒരു അപൂര്‍വ ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. ശരീരത്തിലെ പ്രതിരോധ സിസ്റ്റം തന്നെ കേന്ദ്ര നാഡീ വ്യവസ്ഥയെ  ആക്രമിക്കുന്ന അവസ്ഥയാണിത്. നാഡികളെ ബാധിക്കുന്ന ഈ രോഗം മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരത്തിന്‍റെ ചലനശേഷി ഇല്ലാതാവാനും ശരീരം തളരാനും വരെ കാരണമാകുന്നു. ഏത് പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം.

എന്തെല്ലാമാണ് ലക്ഷണങ്ങള്‍?

  • കൈകാല്‍ വിരലുകളിലും കൈത്തണ്ടയിലും ഉപ്പൂറ്റിയിലും സൂചി തറക്കുന്ന തരത്തിലുള്ള വേദന. 
  • കാലുകള്‍ക്ക് അനുഭവപ്പെടുന്ന തളര്‍ച്ചയും തരിപ്പും.പതിയെ ഇത് കൈകളിലേക്കും മുഖത്തേക്കും വ്യാപിക്കാം. 
  • സംസാരിക്കാനോ ചവയ്കക്കാനോ, വിഴുങ്ങാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • നടക്കാനുള്ള ബുദ്ധിമുട്ട്
  • ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്തസമ്മര്‍ധം.
  • ശ്വാസ തടസം
  • കണ്ണുകള്‍ ചലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട്

രോഗകാരണങ്ങള്‍

  • ശരിയായി വേവിക്കാത്ത കോഴിയിറച്ചിയില്‍ കാണപ്പെടുന്ന കാംപിലോബാക്റ്റർ ജെജുനി ബാക്ടീരിയ.
  • എപ്‌സ്റ്റൈൻ-ബാർ വൈറസ്
  • സൈറ്റോമെഗലോവൈറസ് 
  • സിക്ക വൈറസ്.
  • ഇൻഫ്ലുവൻസ വൈറസ്.
  • ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഇ
  • മൈകോപ്ലാസ്മ ന്യുമോണിയ.
  • അപൂർവ്വമായി, ഇൻഫ്ലുവൻസ വാക്സിനേഷനുകൾ അല്ലെങ്കിൽ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ 
  • കോവിഡ് 19 ബാധ

ചികിത്സ എങ്ങനെ?

ജി.ബി.എസിന് പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കാന്‍ സഹായിക്കുന്ന ചികിത്സയാണ് നല്‍കി വരുന്നത്.മിക്ക ആളുകള്‍ക്കും ഗില്ലിൻ ബാരെ സിൻഡ്രോമിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാന്‍ സാധിക്കും. എന്നാൽ ചില കേസുകളില്‍ രോഗം ഗുരുതരമാകാം.രോഗം ഭേദമാകാന്‍ വര്‍ഷങ്ങളോളം എടുത്തേക്കാം.

പുണെയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട 26 കേസുകളിൽ, 11 എണ്ണം 8 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്. കൈകാലുകള്‍ക്ക് ബലഹീനത അനുഭവപ്പെടുന്നതിന് മുന്‍പ് ചിലര്‍ക്ക് വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അസുഖ ബാധിതരില്‍ ചിലര്‍‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് പുറത്ത് നിന്നുള്ള ഭക്ഷണങ്ങള്‍ കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ജെ.ബി.എസ് ഒരു പകര്‍ച്ച വ്യാധിയല്ല എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അരോഗ്യവിദഗ്ധര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. പുറത്ത് നിന്നുള്ള ഭക്ഷണ പദാര്‌ഥങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

ENGLISH SUMMARY:

26 cases of Guillain Barre Syndrome identified in Pune ; What are the symptoms and causes?