ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവകരമായ കണ്ടുപിടുത്തം ആയിരുന്നു ആൻറിബയോട്ടിക്കുകൾ. ഇന്ന് വൈദ്യശാസ്ത്രത്തിൽ ആന്‍റിബയോട്ടിക്കുകളുടെ സാന്നിധ്യം തള്ളിക്കളയാൻ ആകാത്തതാണ്. ശരീരത്തിൽ കടന്നുകൂടുന്ന രോഗകാരണമാകാവുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയോ വളർച്ച തടയുകയോ ആണ് ആന്‍റിബയോട്ടിക്കുകളുടെ ലക്ഷ്യം. എന്നാൽ കോടിക്കണക്കിന് ജീവനുകൾ രക്ഷിക്കുന്നതിൽ വലിയ പങ്കു വഹിച്ച ഇവയുടെ അമിത ഉപയോഗം ലോകത്ത് മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണ്. ആൻറിബയോട്ടിക്കുകൾക്കെതിരെ കരുത്താർച്ചിച്ച ബാക്ടീരിയകൾ ലോകത്ത് ഒരോ വര്‍ഷവും കൊന്നൊടുക്കുന്നത് അമ്പത് ലക്ഷം പേരെയെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തിന് അടിസ്ഥാന മരുന്നുകള്‍ പോലും ലഭ്യമാകാത്ത കാലത്താണ് ഈ വിരോധാഭാസം.
1887ൽ ജർമ്മൻ ശാസ്ത്രജ്ഞൻ പോൾ ഏലിഷാണ് സിന്തറ്റിക് ആൻറി മൈക്രോബികൾ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. മനുഷ്യ ശരീരത്തെ ബാധിക്കാതെ ഉള്ളില്‍ കടന്നു കൂടിയ ബാക്ടീരിയകളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കാൻ കഴിയുന്ന ഔഷധക്കൂട്ടാണ് അദ്ദേഹം കണ്ടത്തിയത്. 1907ൽ ആദ്യ സിന്തറ്റിക് ആൻറി ബാക്ടീരിയൽ ആയ ആഴ്സ്ഫിനമെയിൻ (Arsphenamine) തയ്യാറായി. ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ സിഫിലിസ് (Syphilis) ചികിത്സയ്ക്കായി ഈ മരുന്നാണ് ഉപയോഗിച്ചിരുന്നത്.
1928 ലാണ് ആൻറിബയോട്ടിക് ചികിത്സയിൽ വിപ്ലവവുമായി മാറിയ പെനിസിലിൽ (Penicillin) സ്കോട്ട്‌ലൻഡ് കാരനായ അലക്സാണ്ടർ ഫ്ലെമിങ് അബദ്ധത്തിൽ കണ്ടെത്തുന്നത്. ഏണസ്റ്റ് ചെയിൻ, ഹോവാർഡ് ഫ്ലോറെ എന്നിവർ ചേർന്നാണ് മനുഷ്യരിൽ ഉപയോഗിക്കാൻ ആകുന്ന പെനിസിലിൻ ജി വികസിപ്പിക്കുന്നത്. 1945 വരെ സൈനിക ഉപയോഗങ്ങൾക്ക് മാത്രമായിരുന്നു പെൻസിലിൽ. വിശാല ഫലപ്രാപ്തിയുള്ള ലോകത്തിലെ ആദ്യ ആൻറിബയോട്ടിക് മരുന്നായിരുന്നു അത്.
1935 മുതൽ 68 വരെയുള്ള കാലഘട്ടമാണ് ആൻറിബയോട്ടിക് മരുന്ന് നിർമ്മാണത്തിലെ സുവർണ്ണകാലം. ഈ കാലയളവിൽ 12 ക്ലാസുകളിൽ പെട്ട ആൻറിബയോട്ടിക്കുകളാണ് നിർമ്മിച്ചത്. പിന്നീട് 2003 വരെ 2 പുതിയ ക്ലാസുകൾ മാത്രമാണ് കണ്ടെത്താനായത്. ഡബ്ലിയുഎച്ച്ഒ കണക്കുപ്രകാരം അമ്പതിലേറെ ആന്റിബയോട്ടിക്കുകളാണ് ക്ലിനിക്കിൽ ട്രയൽസിലൂടെ കടന്നുപോകുന്നത്.
എന്താണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR)
ബാക്ടീരിയകൾ, വൈറസ്, ഫംഗസ് പാരസൈറ്റിസ് എന്നിവ ആന്‍റി മൈക്രോബിയൽ മരുന്നുകളുടെ പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇതിലൂടെ ചികിത്സ ഫലിക്കാതെ വരികയും മരണംവരെ സംഭവിക്കുകയും ചെയ്യും. പാത്തൊജൻസിൻ്റെ (Pathogens) ജനറ്റിക് ഘടനയിൽ മാറ്റം വരുന്നതനുസരിച്ച് ഉള്ള സ്വാഭാവിക പ്രതിഭാസമാണിത്. പക്ഷേ മനുഷ്യരുടെ അമിത ഉപയോഗത്തിലൂടെ ഈ പ്രതിഭാസത്തിന്‍റെ വേഗം വർദ്ധിച്ചു. ഒന്നിൽ കൂടുതൽ മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന അവസ്ഥയെ മൾട്ടിപ്പിൾ ഡ്രഗ് റെസിസ്റ്റൻസ് (MDR) അല്ലെങ്കിൽ സൂപ്പർബ് എന്ന് വിളിക്കും. മനുഷ്യരിൽ നിന്ന് ജന്തുജാലങ്ങളിലേക്കും സസ്യങ്ങളിലേക്കും വായു ജലം മണ്ണ് എന്നിങ്ങനെ സാധ്യമായ എല്ലാ വഴികളിലൂടെ ഇവ അതീവേഗം പടരുകയാണ്.
അതി ഗുരുതരം ഇന്ത്യയുടെ അവസ്ഥ
ചില ആന്റിബയോട്ടികൾക്കെതിരായ ബാക്ടീരിയകളുടെ പ്രതിരോധം ആഗോളതലത്തിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്നാണ് പഠനം. ഈ വർഷം ആദ്യം കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയിൽ 38% രോഗികളും ഒന്നിൽ കൂടുതൽ ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഡോക്ടർമാർ നിര്‍ദേശിക്കുന്ന 55% ആന്റിബയോട്ടിക് മരുന്നുകളും ലോകാരോഗ്യ സംഘടനയുടെ വാച്ച് ഗ്രൂപ്പിൽ ഉൾപ്പെടുന്നവയാണ്. അതായത് അതി ഗുരുതര അവസ്ഥകളിൽ മാത്രമാണ് ഈ മരുന്നുകൾ നൽകേണ്ടത്. പക്ഷേ ഇന്ത്യൻ ജനതയ്ക്ക് ഇവ സുലഭമായി ലഭ്യമായതോടെ ആൻറി മൈക്രോബിയൽ റെസിസ്റ്റൻസി വർദ്ധിച്ചു. മെനിഞ്ചൈറ്റിസ് ബാധിക്കുന്ന 87% പേര്‍ക്കും സെഫ്ട്രാസോൺ (Ceftrixone) എന്ന ആന്റിബയോട്ടിക്ക് ആണ് നല്‍കുന്നത് . എന്നാല്‍ രോഗകാരിയായ ബാക്ടീരിയ ഈ മരുന്നിനെതിരെ പ്രതിരോധശേഷി നേടിക്കഴിഞ്ഞു. പഠനപ്രകാരം സഫ്ലോസ്പോറിൻ (Cephalosporin) എന്ന മൂന്നാം തലമുറ ആൻറിബയോട്ടിക് കുടുംബത്തിലെ മരുന്നുകളുപയോഗിക്കുന്ന ഇന്ത്യയിലെ രോഗികളിലാണ് ബാക്ടീരിയ കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിച്ചിരിക്കുന്നത് .
ഈ അതിഗുരുതര സാഹചര്യം നിരീക്ഷിക്കാനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വർഷങ്ങൾക്കു മുൻപേ സ്വകാര്യ സർക്കാർ ആശുപത്രികളുടെ പങ്കാളിത്തത്തോടെ എഎംആർ നിരീക്ഷണ നെറ്റ്‌വർക്ക് സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നും ലഭ്യമായി വിവരം അനുസരിച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ന്യുമോണിയക്ക്(Pneumonia) ഉൾപ്പെടെ കാരണമാകുന്ന ക്ലബ്സിയേല (Klebsiella), അസിനിറ്റോബാക്ടർ (Acinetobacter), യൂറിനറി ഇൻഫെക്ഷൻ ഉൾപ്പെടെ കാരണമാകുന്ന ഈ കോളി (E.Coli) എന്നീ ബാക്ടീരിയകളിലാണ് ഗണ്യമായ പ്രതിരോധശേഷി കൈവരിക്കുന്നത്.
എങ്ങനെ ആൻറി മൈക്രോബിയൽ റെസിസ്റ്റൻസിനെ പരിമിതപ്പെടുത്താം
ആഗോള സമൂഹത്തിൻറെ ബാധ്യതയായി മാറിയിരിക്കുകയാണ് എഎംആർ. ഡബ്ലിയുഎച്ച്ഒ ഉൾപ്പെടെയുള്ള ആഗോള സംഘടനകളും ലോകരാജ്യങ്ങളും ഇതിനെതിരെ വിവിധ തലങ്ങളിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാരായ നമുക്കും പലതും ചെയ്യാനാകും.
ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെ മാത്രം പ്രതിരോധിക്കൂ. വൈറസുകൾ മൂലം വരുന്ന ഫ്ലൂ, ഇൻഫ്ലുവൻസ, ജലദോഷം എന്നിവയ്ക്ക് ആന്റിബയോട്ടിക്കൽ വാങ്ങി കഴിച്ചിട്ട് കാര്യമില്ല എന്ന് അടിസ്ഥാന കാര്യം മനസ്സിലാക്കണം
സ്വയം ചികിത്സ അവസാനിപ്പിച്ച് ആന്റിബയോട്ടിക് ആൻറി ഫംഗൽ ആന്റിവൈറൽ മരുന്നുകൾ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം ഇല്ലാതെ വാങ്ങരുത്
അസുഖം പെട്ടെന്ന് മാറാൻ ഡോക്ടർമാരെ സമ്മർദ്ദം ചെലുത്തി ആന്റിബയോട്ടിക്കുകൾ വാങ്ങുന്നത് അവസാനിപ്പിക്കണം. സാഹചര്യം എന്തായാലും ആരോഗ്യപ്രവർത്തകർ ഒരിക്കലും ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാനും പാടില്ല.
ആരോഗ്യവിദഗ്ധർ നൽകുന്ന ആൻറിബയോട്ടിക് മരുന്നുകൾ മുഴുവനും കൃത്യമായ സമയത്ത് കഴിക്കണം. അല്ലാത്തപക്ഷം ശരീരത്തിൽ അവശേഷിക്കുന്ന ബാക്ടീരിയകൾ മരുന്നിനോട് പ്രതിരോധം പ്രാപിക്കും.
കോവിഡ് കാലം മുതൽ നമ്മൾ ശീലമാക്കിയ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ മാർഗങ്ങൾ തുടർന്നും പാലിച്ച് ബാക്ടീരിയ ഉൾപ്പെടെയുള്ളവർ ശരീരത്തിൽ പ്രവേശിക്കാതെ പ്രതിരോധിക്കണം.
ആരോഗ്യ മേഖലയിൽ പ്രകടമായി ഉണ്ടായിട്ടും പൊതുമണ്ഡലത്തിൽ ഒട്ടും ചർച്ച ചെയ്യപ്പെടാത്ത അടിയന്തര വിഷയമാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. സർക്കാരും സാധാരണക്കാരും ആൻറി മൈക്രോബിയൽ റെസിസ്റ്റൻസിയെ സുപ്രധാന വിഷയമായി കണ്ടുതന്നെ മുന്നോട്ടുപോകണം, ആവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം കോവിഡിനേക്കാൾ വലിയ വിപത്താകും മനുഷ്യരാശിയെ കാത്തിരിക്കുന്നത്.