Image Credit: casereports.bmj.com

Image Credit: casereports.bmj.com

ജപ്പാനില്‍ ആന്റിബയോട്ടിക് മരുന്ന് കഴിച്ച അറുപതുകാരിയുടെ നാവ് കറുത്തു രോമം നിറഞ്ഞ നിലയിലായതായി റിപ്പോര്‍ട്ട്. ആന്‍റിബയോട്ടിക്കുകളോടുള്ള പ്രതികരണമാവാം ഈ നിറം മാറ്റത്തിന് കാരണം എന്നാണ് കരുതുന്നത്. റെക്ടല്‍ അര്‍ബുദം ബാധിച്ച സ്ത്രീ 14 മാസത്തോളമായി ചികില്‍സയിലായിരുന്നു. കീമോതെറാപ്പിയുടെ പരിണിത ഫലങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനാണ് ഇവര്‍ക്ക് ഡോക്ടര്‍മാര്‍ മിനോസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് നിര്‍ദേശിക്കുന്നത്. പ്രതിദിനം 100 മില്ലിഗ്രാം മിനോസൈക്ലിന്‍ എന്ന നിലയിലാണ് സ്ത്രീ മരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നത്.

 

എന്നാല്‍ ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതികരണമായി നാവ് കറുത്ത് രോമം നിറഞ്ഞ നിലയിലാകുകയായിരുന്നു. ബ്ലാക്ക് ഹെയര്‍ ടങ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ആന്റിബയോട്ടിക്‌സ് നാവിലെ ബാക്ടീരിയയിലും യീസ്റ്റിലും വരുത്തുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ നിറം മാറ്റമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാവു കറുത്തതിന് പുറമേ രോഗിയുടെ മുഖത്തും നിറ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുഖത്തെ ചാരനിറത്തിലുള്ള പാടുകളും മിനോസൈക്ലിന്റെ പാര്‍ശ്വ ഫലമായ ചര്‍മനാശത്തിന്റെ ലക്ഷണമാണ്. മരുന്ന് മാറ്റി നല്‍കിയതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീയുടെ നാവിലെ കറുപ്പും മുഖത്തെ ചാര നിറവും മാറിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

 

കാണുമ്പോള്‍ ഭീകരമായി തോന്നുമെങ്കിലും ഇതിനെ ഭയപ്പെടേണ്ടതില്ലെന്നും എളുപ്പത്തില്‍ മാറ്റാനാകുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗികള്‍ ധാരാളം വെള്ളം കുടിക്കുന്നതും നാവ് ബ്രഷ് ചെയ്യുന്നതും കറുത്ത നിറം മാറാന്‍ സഹായിക്കും. എന്നാല്‍ മരുന്ന് മാറ്റിയിട്ടും ഈ നിറവും രോമങ്ങളും പോകാതെ നിന്നാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ലേസര്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്ക് ഇതിനെ നീക്കം ചെയ്യാനാകുമെന്നും പറയുന്നു.