കാപ്പി പ്രിയരാണോ നിങ്ങള്‍? ദിവസവും എത്ര കപ്പ് കാപ്പി കുടിക്കും? എത്ര കപ്പ് കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്? കാപ്പി പ്രിയരുടെ ഈ സംശയങ്ങൾക്ക് വിരാമമിട്ട് പുതിയ പഠന റിപ്പോർട്ട് പുറത്ത്. മുതിർന്നവര്‍ക്ക് ദിവസേന അഞ്ച് കപ്പ് വരെ കഫൈൻ അടങ്ങിയ കാപ്പി കുടിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് പുതിയ പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദിവസേന ഏകദേശം 400 മില്ലിഗ്രാം വരെ കഫൈൻ ശരീരത്തിലെത്തുന്നത് ആരോഗ്യമുള്ള മുതിർന്നവരില്‍ ദോഷം ചെയ്യില്ലെന്ന് പഠനം പറയുന്നു. ഇത് സാധാരണ അളവിലുള്ള (8 ഔൺസ് വീതമുള്ള) അഞ്ച് കപ്പ് കാപ്പിക്ക് തുല്യമാണ്. മാത്രമല്ല, മിതമായ അളവിലുള്ള ഈ കാപ്പി കുടി ഹൃദയസംബന്ധമായ ചില പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. ഹൃദയസ്തംഭനം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായകരമാണെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, കാപ്പിയുടെ പൂർണ്ണ ആരോഗ്യ ഫലങ്ങള്‍ ലഭിക്കണമെങ്കിൽ അത് അധികമായി പഞ്ചസാരയോ, ക്രീമോ അല്ലെങ്കിൽ കൃത്രിമ ഫ്ലേവറുകളോ ചേർക്കാതെ കുടിക്കുണമെന്നും വിദഗ്ദര്‍ പറയുന്നു. അപ്പോളും എല്ലാവരിലും കഫൈൻ പ്രവർത്തിക്കുന്നത് ഒരേ പോലെയാകണമെന്നില്ല. ജനിതക ഘടന, ഉപാപചയ പ്രവർത്തനങ്ങൾ, പ്രായം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കനുസരിച്ച് കഫൈനോടുള്ള ശരീരത്തിന്റെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കും.
കൂടാതെ അഞ്ച് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് ചിലരിൽ ഉറക്കക്കുറവ്, ഉത്കണ്ഠ, ഹൃദയമിടിപ്പ് വർദ്ധിക്കൽ, അമിതരക്തസമ്മര്‍ദം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം. കഫൈൻ ഉപഭോഗം ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി മനസ്സിലാക്കി മിതമായ അളവിൽ നിലനിർത്തുന്നതാണ് എപ്പോഴും മികച്ചതെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.