woman-sipping-tea

അമിതമായ ചൂടോടു കൂടി ചായയും കാപ്പിയും ഉൾപ്പെടെയുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാളത്തിലെ കാൻസർ സാധ്യത മൂന്നിരട്ടിയായി വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസറില്‍ പ്രസിദ്ധീകരിച്ച പഠനം ചൂടുള്ള പാനീയങ്ങൾ കുടിക്കുന്ന ശീലവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പഠനമാണ്.

യുകെയിൽ നിന്നുള്ള ഏകദേശം 10 ലക്ഷം പേരുടെ പാനീയങ്ങള്‍ കുടിക്കുന്ന ശീലവും ആരോഗ്യവിവരങ്ങളും 14 വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 65°C (149°F) അല്ലെങ്കിൽ അതിൽ കൂടുതൽ ചൂടിൽ പാനീയങ്ങൾ കുടിക്കുന്നവർക്ക്, ചെറുചൂടിൽ കുടിക്കുന്നവരെ അപേക്ഷിച്ച് അന്നനാളത്തെ കോശങ്ങളെ ബാധിക്കുന്ന 'ഓസോഫാഗൽ സ്ക്വാമസ് സെൽ കാർസിനോമ' (Oesophageal Squamous Cell Carcinoma - SCC) എന്ന കാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു. പാനീയങ്ങളുടെ ചൂടിനൊപ്പം തന്നെ അവ കുടിക്കുന്ന അളവും പ്രധാനമാണ്. ദിവസവും ആറോ അതിലധികമോ കപ്പ് അമിത ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നവർക്ക് കാൻസർ സാധ്യത 71% വരെ വർദ്ധിക്കുന്നതായും കണ്ടത്തിയിട്ടുണ്ട്.

ചായയിലോ കാപ്പിയിലോ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളല്ല, മറിച്ച് പാനീയങ്ങളുടെ ഉയർന്ന താപനില തന്നെയാണ് അപകടകാരിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫോർഡ് പോപ്പുലേഷൻ ഹെൽത്തിലെ സീനിയർ ന്യൂട്രീഷണൽ എപ്പിഡെമിയോളജിസ്റ്റ് ഡോ. കെറൻ പേപ്പിയർ വ്യക്തമാക്കി. ചൂടുള്ള ദ്രാവകങ്ങൾ തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ അന്നനാളത്തിലെ മൃദുവായ കോശങ്ങൾക്ക് തുടർച്ചയായി പൊള്ളലേൽക്കുകയും തെര്‍മല്‍ ഇന്‍ജുറി ഉണ്ടാവുകയും ചെയ്യുന്നു. കാലക്രമേണ ഇത് കാൻസറിലേക്ക് നയിച്ചേക്കാം. അതേസമയം, ചായയിലോ കാപ്പിയിലോ പാൽ ചേർക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

65 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടുള്ള പാനീയങ്ങളെ രാജ്യാന്തര കാൻസർ ഗവേഷണ ഏജൻസി (IARC) മുൻപുതന്നെ  'കാൻസറിന് കാരണമായേക്കാവുന്നവ' എന്ന് തരംതിരിച്ചിരിട്ടുണ്ട്. അതേസമയം, ചൂടുള്ള പാനീയങ്ങൾ പാടേ ഉപേക്ഷിക്കേണ്ടതില്ലെന്നും, കുടിക്കുന്നതിന് മുൻപ് അവയുടെ ചൂട് അല്പം കുറയുന്നത് വരെ കാത്തിരുന്നാല്‍ മതിയെന്നും, ഇതുവഴി കാന്‍സര്‍ സാധ്യത വലിയൊരു പരിധിവരെ കുറയ്ക്കാമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. അതേസമയം, ചൂടിനൊപ്പം തന്നെ പുകവലിയും മദ്യപാനവും അന്നനാളത്തിലെ കാൻസറിന് കാരണമാകും. ഇവയും ഒഴിവാക്കണമെന്നും വിദഗ്ദര്‍ പറയുന്നു.

ENGLISH SUMMARY:

Consuming piping hot beverages like tea and coffee at temperatures of $65^\circ\text{C}$ ($149^\circ\text{F}$) or higher can triple the risk of esophageal cancer, according to a landmark 14-year study conducted by Oxford University researchers and published in the International Journal of Cancer. Tracking nearly one million UK residents, the study highlighted that drinking six or more cups of extremely hot beverages daily increases the risk of Oesophageal Squamous Cell Carcinoma (SCC) by up to 71%. Dr. Keren Papier, Senior Nutritional Epidemiologist at Oxford Population Health, clarified that the thermal injury from high temperatures—rather than chemical compounds in tea or coffee—damages esophageal tissues over time. Experts advise letting hot drinks cool down before consumption to significantly reduce health risks.