നല്ല ജലാംശവും മികച്ച പോഷകഗുണങ്ങളും നിറഞ്ഞ കുക്കുമ്പര്‍ (കക്കിരിക്ക) വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു പച്ചക്കറിയാണ്. എന്നാല്‍ ചില സാഹചര്യങ്ങളിൽ ഇത് ചില പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് ആരോഗ്യവിദഗ്ധര്‍. കക്കിരിക്ക പോഷകസമൃദ്ധമാണെങ്കിലും എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല എന്നാണ് ചില ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കക്കിരിക്ക ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുമോ?

'ഫിറ്റോതെറാപ്പി' (Fitoterapia) ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കക്കിരിക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാകുന്നത് അപൂർവമായി ഛർദ്ദിക്കും ഓക്കാനത്തിനും കാരണമായേക്കാം. കൂടാതെ, കാട്ടു വെള്ളരികളിൽ 'കുക്കർബിറ്റാസിൻ' (Cucurbitacins) എന്ന വിഷാംശമുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഇവയ്ക്ക് കടുത്ത കയ്പ്പ് നൽകുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചില ആളുകളിൽ കുക്കുമ്പര്‍

ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകളും കുക്കർബിറ്റാസിൻ എന്ന പ്രകൃതിദത്ത സംയുക്തങ്ങളുമാണ് ഇതിന് കാരണം. ഇത് വയറുവീർക്കൽ, ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് കാരണമായേക്കാം.പ്രത്യേകിച്ച്, ദഹനശേഷി കുറഞ്ഞവർക്ക് കക്കിരിക്കതൊലിയോടെ കഴിക്കുമ്പോഴോ അല്ലെങ്കിൽ അമിതമായി കഴിക്കുമ്പോഴോ ഈ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകാറുണ്ട്.

കയ്പുള്ള കക്കിരിക്കകള്‍ സൂക്ഷിക്കുക

ചില കക്കിരിക്കകള്‍ക്ക് കടുത്ത കയ്പ് അനുഭവപ്പെടാറുണ്ട്. കുക്കർബിറ്റാസിന്‍റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. ചെറിയ അളവിൽ ഇത് ദോഷം ചെയ്യില്ലെങ്കിലും കൂടുതൽ കയ്പുള്ളവ കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, കഠിനമായ വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകാം. അതുകൊണ്ട് കയ്പുള്ള കക്കിരിക്കകള്‍ കഴിക്കാതെ ദൂരെകളയണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

കക്കിരിക്ക വഴി ഭക്ഷ്യവിഷബാധ ഉണ്ടാകുമോ?

മറ്റ് പച്ചക്കറികളെപ്പോലെ തന്നെ കക്കിരിക്കയും ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിലോ, ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിലോ ബാക്ടീരിയൽ അണുബാധയ്ക്ക് കാരണമാകാം. സാൽമൊണല്ല, ഇ. കോളി ) തുടങ്ങിയ ഹാനികരമായ ബാക്ടീരിയകൾ ഇവയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം വെള്ളരിക്കകൾ കഴിച്ചാൽ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ ഇടയാക്കും. കഴിക്കുന്നതിന് മുന്‍പ് കക്കിരിക്കകള്‍ നന്നായി കഴുകുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. വളരെ അപൂർവമായി ചിലരിൽ കക്കിരിക്ക അലർജിക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് പൂമ്പൊടി അലർജിയുള്ളവരിലാണ് ഇത് കൂടുതൽ കാണപ്പെടുന്നത്. വായയിലോ തൊണ്ടയിലോ ചൊറിച്ചിൽ, ചുണ്ടുകളിലോ നാവിലോ ഉണ്ടാകുന്ന വീക്കം, തൊണ്ടവേദന അല്ലെങ്കിൽ തൊണ്ടയിലെ അസ്വസ്ഥത, ചർമ്മത്തിൽ തടിപ്പുകൾ എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. അലർജി ലക്ഷണങ്ങൾ കഠിനമായാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

കക്കിരിക്കയിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുള്ളതിനാലും, ഇതൊരു സ്വാഭാവിക ഡൈയൂററ്റിക് ( മൂത്രത്തിന്‍റെ അളവ് കൂട്ടുന്നത്) ആയതിനാലും അമിതമായി കഴിക്കുന്നത് മൂത്രമൊഴിക്കലിന്‍റെ എണ്ണം കൂട്ടിയേക്കാം. ആരോഗ്യവാനായ ഒരാൾക്ക് ഇത് പ്രശ്നമല്ലെങ്കിലും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വെള്ളം കുടിക്കുന്നതിൽ നിയന്ത്രണമുള്ള രോഗികൾ കക്കിരിക്ക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെ സുരക്ഷിതമായി കഴിക്കാം?

പാർശ്വഫലങ്ങളില്ലാതെ കക്കിരിക്കയുടെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാൻ ചില മുൻകരുതലുകൾ എടുക്കാം. കഴിക്കുന്നതിന് മുൻപ് കക്കിരിക്ക എപ്പോഴും നന്നായി കഴുകി വൃത്തിയാക്കുക.വൃത്തിയുള്ളതും തണുപ്പുള്ളതുമായ സ്ഥലങ്ങളിൽ മാത്രം സൂക്ഷിക്കുക. അസാധാരണമായ കയ്പുള്ളവ കഴിക്കാതിരിക്കുക,  സമീകൃതാഹാരത്തിന്‍റെ ഭാഗമായി മിതമായ അളവിൽ മാത്രം കഴിക്കുക. ദഹനപ്രശ്നങ്ങളുള്ളവർ കക്കിരിക്കയുടെ തൊലി കളഞ്ഞ് കഴിക്കുന്നതാണ് ഉചിതം.

ENGLISH SUMMARY:

Cucumber side effects are a growing concern, with experts highlighting potential digestive issues and allergic reactions. While nutritious, cucumbers are not suitable for everyone, and certain compounds can lead to discomfort