'പുറത്തുനിന്നും കണ്ട ഭക്ഷണം വാങ്ങി കഴിക്കരുത്, മാതാപിതാക്കളില്‍ നിന്നും ഇത്തരമൊരു ഡയലോഗ് കേള്‍ക്കാത്തവരായി ആരുണ്ട്? എന്നാല്‍ വീട്ടിലെ ഭക്ഷണം എല്ലായ്പ്പോഴും ആരോഗ്യപ്രദമാണോ? അല്ല എന്നതാണ് ശരി. ഹോട്ടല്‍ ഭക്ഷണത്തിലുള്ള അതേ മൈദയും പഞ്ചസാരയും ഉപ്പുമൊക്കെ നമ്മുടെ വീട്ടിലും ആവശ്യത്തിനും അതിലധികവും ഉപയോഗിക്കുന്നുണ്ട്. അമിതമായി വേവിച്ച പച്ചക്കറികള്‍, രാത്രിവൈകിയുള്ള ഭക്ഷണം, അമിതമായ ഭക്ഷണം അങ്ങനെ എന്തെല്ലാം ദുശീലങ്ങളാണ് നാം വീട്ടില്‍ തുടരുന്നത്. ആരോഗ്യത്തോടെയിരിക്കാന്‍ വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചിട്ട് കാര്യമില്ല, അത് കഴിക്കേണ്ടത് പോലെ കഴിക്കണം.
വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, കറികളിൽ അമിതമായി നെയ്യ് അല്ലെങ്കിൽ വെണ്ണ ചേർക്കൽ എന്നിവ വീട്ടിലെ ഭക്ഷണത്തെയും കലോറി കൂടിയതാക്കി മാറ്റുന്നു. പലപ്പോഴും വീട്ടില്‍ പതിവായി കഴിക്കുന്നത് ചോറോ ചപ്പാത്തിയോ ഒക്കെ ആണ്. എന്നാൽ ആവശ്യത്തിന് പ്രോട്ടീനോ നാരുകളോ ഉള്ള ഭക്ഷണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുമില്ല. പരിപ്പ് വര്‍ഗങ്ങള്‍, ചെറുപയര്‍, സോയാബീന്‍, ഓട്സ്, പഴങ്ങള്‍ തൈര് എന്നിവ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷപദാര്‍ഥങ്ങളണ്.
ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീൻ ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഉപ്പും പഞ്ചസാരയും കുറയ്ക്കുക. പ്രതിദിനം ഉപ്പിന്‍റെ അളവ് 5 ഗ്രാമിൽ താഴെയായും പഞ്ചസാരയുടെ അളവ് ആകെ ഊർജത്തിന്‍റെ 5 ശതമാനത്തിൽ താഴെയായുമായി നിലനിർത്തുക. ആവിയിൽ വേവിക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്ന ഭക്ഷണ രീതികൾ ശീലിക്കുക. വറുത്ത ആഹാരങ്ങൾ പരമാവധി ഒഴിവാക്കുക.
പച്ചക്കറികൾ അമിതമായി വേവിക്കുന്നത് അവയിലെ വിറ്റാമിനുകളും മിനറലുകളും നശിക്കാൻ കാരണമാകും. അളവില്‍ കൂടുതല്‍ കഴിക്കുന്നതും നിയന്ത്രിക്കേണ്ടതാണ്. വീട്ടിലുണ്ടാക്കിയ ആഹാരം സുരക്ഷിതമാണെന്ന തോന്നലിൽ നമ്മൾ പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. രാത്രി വൈകി ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. എട്ട് മണിക്ക് മുന്‍പ് ആഹാരം കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഉചിതം. ഭക്ഷണശേഷം മധുരം കഴിക്കുന്ന ശീലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകും. പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ സന്തുലിതമായ ഭക്ഷണം ശീലമാക്കുക. ചുരുക്കത്തിൽ, ഭക്ഷണം എവിടെ ഉണ്ടാക്കി എന്നതിനേക്കാൾ എന്ത്, എങ്ങനെ ഉണ്ടാക്കി എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.