• മദ്യപാനം ആരോഗ്യത്തിന് ഹാനികരം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ചെറിയ അളവ് പോലും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ അമിത മദ്യപാനത്തിന്‍റെ പെട്ടെന്നുള്ള ഒരു പാര്‍ശ്വഫലമാണ് ‘ഹാങ്ഓവർ’. ഒരുപാട് മദ്യപിച്ചാല്‍ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ഒരുതരം അസുഖകരമായ അവസ്ഥ. പലപ്പോളും രാത്രിയിലെ അമിതമദ്യപാനത്തിന്റെ ഹാങ്ഓവർ അടുത്ത ദിവസം രാവിലെയാണ് ഉണ്ടാകാറുള്ളതെങ്കിലും മദ്യപിച്ച് കുറച്ചു സമയം കഴിഞ്ഞാല്‍ എപ്പോൾ വേണമെങ്കിലും ‘ഹാങ്ഓവർ’ വരാം. വ്യക്തിയുടെ ആരോഗ്യം അനുസരിച്ചും കഴിച്ച മദ്യത്തിന്റെ അളവനുസരിച്ചും തീവ്രത വ്യത്യാസപ്പെട്ടിരിക്കും. മദ്യം കഴിച്ചതിന്‍റെ ഹാങ്ഓവര്‍ മാറിയില്ലെങ്കില്‍ പിന്നെ എങ്ങിനെ മാറ്റാം എന്നതാകും ചിന്ത. ഇതിന് മാന്ത്രിക ചികിത്സയൊന്നുമില്ല. നല്ല ഭക്ഷണം, ധാരാളം വെള്ളം കുടിക്കുക, മറ്റ് സപ്ലിമെന്‍റുകള്‍ എന്നിവ ഹാങ്ഓവര്‍ പെട്ടെന്ന് വിട്ടുമാറാന്‍ സഹായിക്കും. അതിനായി ചില ടിപ്സ്...

1. മദ്യപാനം നിര്‍ജ്ജലീകരണമുണ്ടാക്കും. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക. വെറും വെള്ളം കുടിക്കുന്നതിന് പകരം ഇലക്ട്രൊലൈറ്റുകള്‍ അടങ്ങിയ പാനീയങ്ങളാണ് നല്ലത്. തേങ്ങാവെള്ളം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ സ്പോർട്സ് പാനീയങ്ങൾ തുടങ്ങിയവ നല്ലതാണ്. ഇവ ക്ഷീണം, മലബന്ധം, തലവേദന എന്നിവയ്ക്ക് ശമനമുണ്ടാക്കും. 

2. നല്ല ഭക്ഷണം, അഥവാ പോഷക സമ്പന്നമായ ഭക്ഷണം കരളിലെ മെറ്റബോളിസത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതമായി നിലനിര്‍ത്താനും സഹായിക്കും. സാൽമൺ, അവോക്കാഡോ, മുട്ട, ടർക്കി തുടങ്ങിയ ഭക്ഷണങ്ങൾ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിനു പുറമേ ശരീരത്തിനാവശ്യമായ ഒമേഗ-3, എൽ-സിസ്റ്റൈൻ എന്നിവയും നൽകുന്നു. ഇവ മദ്യത്തിന്റെ ദോഷകരമായ ഉപോൽപ്പന്നമായ അസറ്റാൽഡിഹൈഡിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകളാണ്.

കാർബോഹൈഡ്രേറ്റ് കൂടുതലുള്ള, എരിവും പുളിയും അധികമില്ലാത്ത ഭക്ഷണവും കഴിക്കാം. ഇത് രക്തത്തിലെ താഴ്ന്ന പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും ഓക്കാനം കുറയ്ക്കുകയും ചെയ്യും.

3. സിങ്ക്, വിറ്റാമിന്‍ ബി എന്നിവയുടെ അളവ് കുറയുന്നതാണ് ഹാങ് ഓവറുകള്‍ കൂടുതൽ വഷളാക്കുന്നത്. ബെറികള്‍, ധാന്യങ്ങൾ, ഇലക്കറികൾ, നട്സ് എന്നിവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എണ്ണയില്‍ പാകം ചെയ്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. 

4. മദ്യം കഴിച്ചാലുണ്ടാകുന്ന ഓക്കാനം, വയറ്റിലെ അസ്വസ്ഥത എന്നിവയ്ക്ക് ഇഞ്ചി ചായ നല്ല ഓപ്ഷനാണ്. അൽപം പുളിയുള്ള ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷിയും ദഹനവും മെച്ചപ്പെടുത്തുന്നതിനൊപ്പം വയറ്റിലെ അസ്വസ്ഥതകള്‍ അകറ്റുകയും ചെയ്യും. പ്രോബയോട്ടിക് പാനീയങ്ങളും കഴിക്കാം.

5. നല്ല ഉറക്കവും ഹാങ്ഓവറിന്‍റെ ക്ഷീണം കുറയ്ക്കാന്‍ നല്ലതാണ്. കാപ്പി കുടിക്കുന്നതിലൂടെയും കുളിക്കുന്നതിലൂടെയും ഹാങ്ഓവര്‍ പെട്ടെന്ന് മാറും എന്ന് കരുതരുത്. ശരീരം സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ സമയം നല്‍കണം.

ഹാങ്ഓവര്‍ കുറയ്ക്കണമെങ്കില്‍, മദ്യം കഴിച്ചശേഷം മാത്രമല്ല, മദ്യം കഴിക്കുന്നതിന് മുന്‍പും ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആദ്യത്തേത് സ്വയം നിയന്ത്രണമാണ്. കുറച്ചു മാത്രമാണ് കുടിക്കുന്നതെങ്കിൽ ഹാങ്ഓവറിന്റെ ലക്ഷണങ്ങളും കുറവായിരിക്കും. മദ്യം കഴിക്കുകയാണെങ്കില്‍ സാവധാനം കുടിക്കുക. കുടിക്കുന്ന മദ്യത്തിലും ശ്രദ്ധവേണം. മദ്യത്തിന് നിറം, രുചി, മണം തുടങ്ങിയവ നൽകുന്ന ഘടകമായ കോൺജനറുകൾ കുറവുള്ള മദ്യം തിരഞ്ഞെടുക്കാം. മദ്യം കഴിക്കുന്നതിനൊപ്പം തന്നെ ധാരാളം വെള്ളവും കുടിക്കുക. കുടിക്കുന്നതിനു മുൻപ് ഭക്ഷണം കഴിക്കുക. 

മദ്യം കഴിച്ചു കഴിഞ്ഞാല്‍ ഒറ്റരാത്രികൊണ്ട് ഹാങ്ഓവര്‍ മാറും എന്ന് പ്രതീക്ഷിക്കരുത്. സാധാരണഗതിയില്‍ എട്ടു മണിക്കൂർ മുതൽ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹാങ്ഓവർ ലക്ഷണങ്ങൾ മാറിയേക്കാവുന്നതാണ്. എങ്കിലും ശ്വസനനിരക്ക് താഴുക, ശരീരതാപനില കുറയുക, അബോധാവസ്ഥ, തീവ്രമായ ഛർദി, ചർമം നീലനിറമാവുകയോ വിളറുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

ENGLISH SUMMARY:

Hangovers are one of the most unpleasant side effects of heavy drinking, often leading to headaches, nausea, fatigue, and dehydration. While there is no magical cure, proper hydration with water and electrolyte-rich drinks, consuming nutritious meals like salmon, eggs, avocado, and whole grains, and taking essential vitamins such as zinc and B-complex can speed up recovery. Natural remedies like ginger tea, probiotics, and antioxidant-rich foods ease stomach discomfort, while good sleep helps restore energy. Preventive measures like drinking slowly, eating before alcohol consumption, and choosing low-congener drinks can also reduce hangover severity. In severe cases with symptoms like unconsciousness or breathing issues, immediate medical help is crucial.